Entertainment
മലയാള സിനിമയില്‍ കാരവാന്‍ കൊടുത്തിട്ടും അതില്‍ കയറാത്ത ഒരു നടനേയുള്ളൂ: ബൈജു സന്തോഷ്

വളരെ ചെറുപ്പകാലത്ത് തന്നെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ നടനാണ് ബൈജു സന്തോഷ്.
അഭിനയശൈലികൊണ്ടും അവതരണശൈലികൊണ്ടും ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1981ല്‍ പുറത്തുവന്ന മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്.

സിനിമാസെറ്റില്‍ കാരവാനില്ലാതിരുന്ന കാലത്തെ അനുഭവങ്ങളും ഇപ്പോള്‍ കാരവാന്‍ വന്നതിന് ശേഷം അതില്‍ വന്ന വ്യത്യാസങ്ങളെകുറിച്ചും സംസാരിക്കുകയാണ് ബൈജു സന്തോഷ്. കാലത്തിന്റെതായ മാറ്റം എപ്പോഴും ഉണ്ടാകുമെന്നും സമൂഹം മാറിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.

പണ്ട് കാരവാനില്ലാത്ത കാലത്ത് അടുത്തുള്ള വീടുകളില്‍ പോയിട്ടാണ് മേക്കപ്പും മറ്റും ചെയ്തുകൊണ്ടിരുന്നതെന്നും വിശ്രമിക്കാനായി വീടുകളില്‍ കിടക്കാനും മറ്റും ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ ഇറക്കിവിട്ട സാഹചര്യം വരെ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കാരവാന്‍ വന്നതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ സൗകര്യമായെന്നും കാരവാന്‍ ഉണ്ടായിട്ട് പോലും അത് ഉപയോഗിക്കാത്ത ഒരേയൊരു നടന്‍ ഇന്ദ്രന്‍സാണെന്നും ബൈജു സന്തോഷ് പറയുന്നു.

‘കാലത്തിന്റെ മാറ്റം എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. കാലം മാറുന്നതനുരിച്ച് ആളുകളുടെ കോലം മാറും, ബാക്കിയുള്ളവരുടെ ബാക്ക്ഗ്രൗണ്ട് മാറും സമൂഹം മാറും എല്ലാം മാറികൊണ്ടിരിക്കും. കാരവാനെയൊന്നും ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല. പണ്ടുകാലത്ത് ഷൂട്ട് ചെയ്യുമ്പോള്‍ അടുത്ത വീട്ടില്‍ പോയിട്ടൊക്കെ മേക്കപ്പ് ചെയ്യുമായിരുന്നു.

ആ വീടുകളില്‍ നിന്ന് കൊണ്ടു ഡ്രസും മറ്റും മാറാനുള്ള സൗകര്യങ്ങള്‍ അവര്‍ ചെയ്തു തന്നിരുന്നു. പിന്നീട് അവര്‍ ഇറക്കി വിടേണ്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്. വിശ്രമിക്കാന്‍ വേണ്ടി കുറച്ച് നേരം പല വീടുകളിലും മറ്റും കിടക്കട്ടേ എന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ക്ക് കിടക്കാന്‍ പറ്റാത്ത അവസ്ഥയാകുമ്പോള്‍ പതിയെ താത്പര്യം കുറഞ്ഞുവരും.

കാരവാന്‍ വന്നതിന് ശേഷം ആരെയും ശല്യം ചെയ്യാതെ ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ അവിടെ പോയിരിക്കാനുള്ള സൗകര്യം ഉണ്ട്. സ്‌ക്രിപ്റ്റ് വായിക്കാനും മറ്റുമായി അവിടെ പോയിരിക്കാം. പക്ഷേ കാരവാന്‍ കൊടുത്തിട്ടും അതില്‍ കേറാത്ത മലയാള സിനിമയിലെ ഒരു നടനെയുള്ളു. അത് മിസ്റ്റര്‍ ഇന്ദ്രന്‍സാണ്,’ ബൈജു സന്തോഷ് പറഞ്ഞു.

Content Highlight: Baiju Santhosh Talks About Indrans