IPL
സഞ്ജുവിന്റെ രാജസ്ഥാന് ആറ്, അക്‌സറുമായതോടെ ദല്‍ഹിക്ക് 13! ഇവര്‍ പഞ്ചാബിന്റെ റെക്കോഡിന് ഭീഷണിയോ!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 14, 07:13 am
Friday, 14th March 2025, 12:43 pm

ഐ.പി.എല്‍ 2025ന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെയാണ് ക്യാപ്പിറ്റല്‍സ് പുതിയ സീസണില്‍ തങ്ങളുടെ നായകനാക്കിയിരിക്കുന്നത്.

ക്യാപ്റ്റനാകാനില്ലെന്ന് കെ.എല്‍. രാഹുല്‍ അറിയിച്ചതോടെയാണ് അക്‌സര്‍ പട്ടേല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത്. നേരത്തെ തന്നെ ദല്‍ഹി അക്‌സറിനെ തന്നെ ക്യാപ്റ്റനാക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഐ.പി.എല്‍ മെഗാ താര ലേലത്തിന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാളായിരുന്നു അക്സര്‍ പട്ടേല്‍. ക്യാപ്റ്റന്‍ റിഷബ് പന്തിനെയടക്കം ലേലത്തില്‍ വിട്ടുകൊടുത്ത ക്യാപ്പിറ്റല്‍സ് അക്സറിനെ വിടാതെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു.

നേരത്തെ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അക്സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലും ഈയിടെ അവസാനിച്ച ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ കിരീടനേട്ടത്തില്‍ അക്‌സര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഐ.പി.എല്‍ 2025 ക്യാപ്റ്റന്‍മാര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഋതുരാജ് ഗെയ്ക്വാദ്

ദല്‍ഹി ക്യാപ്പിറ്റല്‍സ് – അക്‌സര്‍ പട്ടേല്‍

ഗുജറാത്ത് ടൈറ്റന്‍സ് – ശുഭ്മന്‍ ഗില്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – അജിന്‍ക്യ രഹാനെ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റിഷബ് പന്ത്

മുംബൈ ഇന്ത്യന്‍സ് – ഹര്‍ദിക് പാണ്ഡ്യ

പഞ്ചാബ് കിങ്‌സ് – ശ്രേയസ് അയ്യര്‍

രാജസ്ഥാന്‍ റോയല്‍സ് – സഞ്ജു സാംസണ്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – രജത് പാടിദാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പാറ്റ് കമ്മിന്‍സ്

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) 13ാം ക്യാപ്റ്റനായാണ് അക്‌സര്‍ പട്ടേല്‍ ചുമതലയേറ്റിരിക്കുന്നത്. ആദ്യ സീസണില്‍ ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സേവാഗിന് കീഴില്‍ ആരംഭിച്ച ദല്‍ഹിയുടെ യാത്രയെ ഈ സീസിണില്‍ അക്‌സര്‍ പട്ടേലാണ് നയിക്കുന്നത്. ടീമിന്റെ എട്ടാമത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് അക്‌സര്‍.

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍മാര്‍)

വിരേന്ദര്‍ സേവാഗ് (2008/09/11/12)

ഗൗതം ഗംഭീര്‍ (2009/10/18)

ദിനേഷ് കാര്‍ത്തിക് (2010/14)

ജെയിംസ് ഹോപ്‌സ് (2011)

മഹേല ജയവര്‍ധനെ (2012/13)

ഡേവിഡ് വാര്‍ണര്‍ (2013/23)

കെവിന്‍ പീറ്റേഴ്‌സണ്‍ (2014)

ജെ.പി. ഡുമ്‌നി (2015/16)

സഹീര്‍ ഖാന്‍ (2016/17)

കരുണ്‍ നായര്‍ (2017)

ശ്രേയസ് അയ്യര്‍ (2018/19/20)

റിഷബ് പന്ത് (2021/22/24)

അക്‌സര്‍ പട്ടേല്‍ (2024/25)

ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാരാല്‍ നയിക്കപ്പെട്ട ടീം എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ദല്‍ഹി. 18 സീസണുകളിലായി 17 ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച പഞ്ചാബ് കിങ്‌സാണ് ഈ പട്ടികയില്‍ ഒന്നാമത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാരുണ്ടായ ടീം

(ടീം – ക്യാപ്റ്റന്‍മാരുടെ എണ്ണം എന്നീ ക്രമത്തില്‍)

പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ്) – 17

ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയഡെവിള്‍സ്) – 13*

സണ്‍റൈസേഴ്സ് ഹൈദരാബാദ് – 10

മുംബൈ ഇന്ത്യന്‍സ് – 9

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 8

രാജസ്ഥാന്‍ റോയല്‍സ് – 6

ചെന്നൈ സൂപ്പര്‍ കിങ്സ് – 4

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 4

ഗുജറാത്ത് ടൈറ്റന്‍സ് – 3

13 വിവിധ ക്യാപ്റ്റന്‍മാര്‍ നയിച്ചിട്ടും ഒരിക്കല്‍പ്പോലും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാന്‍ ദല്‍ഹിക്ക് സാധിച്ചിട്ടില്ല. 2020ല്‍ ഫൈനലിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. അന്ന് മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.

ടൂര്‍ണമെന്റിന്റെ ആരംഭം മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നിട്ടും കിരീടം നേടാനാകാത്ത ടീം എന്ന ദുഷ്‌പേര് ഇത്തവണ മറികടക്കുകയെന്നത് തന്നെയാകും ക്യാപ്റ്റല്‍സിന്റെ ലക്ഷ്യം. അക്‌സറിന് കീഴില്‍ ടീം കപ്പുയര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: IPL 2025: Axar Patel appointed as captain of Delhi Capitals