WPL
ചരിത്രം വെറും മൂന്ന് റണ്‍സകലെ; ഇന്ത്യയുടെ സ്വന്തം ഡബ്ല്യൂ.പി.എല്ലില്‍ ഐതിഹാസിക നേട്ടത്തിലേക്ക് ഇംഗ്ലീഷുകാരി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 14, 07:47 am
Friday, 14th March 2025, 1:17 pm

 

വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇനി കേവലം കിരീടപ്പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 15ന് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.

ഫൈനലില്‍ ഒരു ചരിത്ര നേട്ടമാണ് മുംബൈ സൂപ്പര്‍ താരം നാറ്റ് സിവര്‍ ബ്രണ്ടിനെ കാത്തിരിക്കുന്നത്. വനിതാ പ്രിമിയര്‍ ലീഗില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് സിവര്‍ ബ്രണ്ട് കണ്ണുവെക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും മൂന്ന് റണ്‍സും.

28 ഇന്നിങ്‌സില്‍ നിന്നും 47.47 ശരാശരിയിലും 143.24 സ്‌ട്രൈക്ക് റേറ്റിലും 997 റണ്‍സാണ് ഇംഗ്ലീഷ് ബാറ്റര്‍ സ്വന്തമാക്കിയത്. എട്ട് അര്‍ധ സെഞ്ച്വറികളാണ് ഇതുവരെ താരം സ്വന്തമാക്കിയത്.

നാറ്റ് സിവര്‍ ബ്രണ്ടിന്റെ എട്ടാം അര്‍ധ സെഞ്ച്വറി കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തിലാണ് പിറവിയെടുത്തത്. 41 പന്തില്‍ നിന്നും 77 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

നാറ്റ് സിവര്‍ ബ്രണ്ട് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 28 – 997

എല്ലിസ് പെറി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 25 – 972

മെഗ് ലാന്നിങ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 26 – 939

ഷെഫാലി വര്‍മ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 26 – 861

ഹര്‍മന്‍പ്രീത് കൗര്‍ – മുംബൈ ഇന്ത്യന്‍സ് – 25 – 785

ദല്‍ഹി സൂപ്പര്‍ താരം മെഗ് ലാന്നിങ്ങിനും ഈ റെക്കോഡിലേക്കെത്താന്‍ സാധിക്കും. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ച ലാന്നിങ്ങിന് ഫൈനലില്‍ 61 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ ഈ റെക്കോഡിലേക്ക് ദല്‍ഹി സൂപ്പര്‍ താരവുമെത്തും.

അതേസമയം, ഗുജറാത്ത് ജയന്റ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാറ്റ് സിവര്‍ ബ്രണ്ടിന്റെയും ഹെയ്‌ലി മാത്യൂസിന്റെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബ്രണ്ട് 44 പന്തില് 77 റണ്‍സടിച്ചപ്പോള്‍ 50 പന്തില്‍ 70 റണ്‍സാണ് മാത്യൂസ് സ്വന്തമാക്കിയത്.

12 പന്തില്‍ 300.00 സ്ട്രൈക്ക് റേറ്റില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്റെ പ്രകടനവും നിര്‍ണായകമായി. നാല് സിക്സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 213ലെത്തി.

ഗുജറാത്തിനായി ഡാനിയല്‍ ഗിബ്സണ്‍ രണ്ട് വിക്കറ്റും കേശ്വീ ഗൗതം ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജയന്റ്സിന് തുടക്കം പാളി. ബെത് മൂണി (അഞ്ച് പന്തില്‍ ആറ്), ഹര്‍ലീന്‍ ഡിയോള്‍ (ഒമ്പത് പന്തില്‍ എട്ട്), ക്യാപ്റ്റന്‍ ആഷ്ലീ ഗാര്‍ഡ്ണര്‍ (നാല് പന്തില്‍ എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി.

34 റണ്‍സുമായി ഡാനിയല്‍ ഗിബ്സണും 31 റണ്‍സുമായി ഫോബ് ലീച്ച്ഫീല്‍ഡും 30 റണ്‍സ് നേടിയ ഭാര്‍ത് ഫള്‍മൈലും ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി മുംബൈ ജയന്റ്സിന്റെ കുതിപ്പിന് തടയിട്ടു.

ഒടുവില്‍ 19.2 ഓവറില്‍ ജയന്റ്സ് 166ന് പുറത്തായി.

 

മുംബൈയ്ക്കായി ഹെയ്‌ലി മാത്യൂസ് മൂന്നും അമേലിയ കേര്‍ രണ്ട് വിക്കറ്റും നേടി. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ടും ഷബ്നം ഇസ്മൈലും ഓരോ വിക്കറ്റ് വീതവും നേടി.

 

Content highlight: WPL 2025: Nat Sciver Brunt need 3 runs to become the first batter to complete 1,000 runs in WPL