ആ സിനിമക്ക് ശേഷം എല്ലാ ദിവസവും രാവിലെ പല്ല് തേച്ചയുടനെ കഥ കേള്‍ക്കാനിരിക്കേണ്ടി വന്നു: ടൊവിനോ തോമസ്
Entertainment
ആ സിനിമക്ക് ശേഷം എല്ലാ ദിവസവും രാവിലെ പല്ല് തേച്ചയുടനെ കഥ കേള്‍ക്കാനിരിക്കേണ്ടി വന്നു: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th December 2024, 11:21 am

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവന്‍ത്ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ ടൊവിനോക്ക് സാധിച്ചു.

ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുന്‍നിര നായക നടനായി ടൊവിനോ മാറുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോ തോമസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമക്ക് ശേഷം താന്‍ ഒരുപാട് കഥകള്‍ കേട്ടിരുന്നുവെന്ന് പറയുകയാണ് ടൊവിനോ. പതിമൂന്ന് കഥകള്‍ കേട്ട ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രാവിലെ എഴുന്നേറ്റ് പല്ല് തേച്ച ഉടനെ കഥ കേള്‍ക്കാന്‍ ഇരിക്കുമെന്നും നടന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

എന്ന് നിന്റെ മൊയ്തീന് ശേഷം ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിരുന്നു. പതിമൂന്ന് കഥകളൊക്കെ കേട്ട ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഒരു ഹെല്‍ത്തിയായ കാര്യമാണ് എന്നല്ല ഞാന്‍ പറയുന്നത്. രാവിലെ എഴുന്നേറ്റ് പല്ല് തേച്ചിട്ട് കഥ കേള്‍ക്കാന്‍ ഇരിക്കും. ഒരു ദിവസം പതിമൂന്ന് കഥകളാണ് മാക്‌സിമം കേള്‍ക്കാറുള്ളത്.

ഒരു ദിവസം അവസാനം കഥ പറയാന്‍ വന്ന ആള്‍ കുറേനേരം കാത്തിരിക്കേണ്ടി വന്നുവെന്ന് പറഞ്ഞ് എന്നെ ചീത്തവിളിച്ചിട്ടുണ്ട്. ‘രാവിലെ മുതല്‍ ഞാന്‍ ഇവിടെ കഥ കേട്ടിട്ട് ഇരിക്കുകയല്ലേ ചേട്ടാ. നിങ്ങള്‍ എന്നെ ചീത്ത പറഞ്ഞാല്‍ എങ്ങനെ ശരിയാകും’ എന്നായിരുന്നു ഞാന്‍ മറുപടി കൊടുത്തത്. കഥ പറയാന്‍ വരുന്നവരോടൊന്നും പകുതിക്ക് വെച്ച് നിര്‍ത്തി പോകാന്‍ പറയാനാകുമോ.

ഒരിക്കല്‍ പ്ലസ് ടൂവില്‍ പഠിക്കുന്ന ഒരു പയ്യന്‍ എന്നോട് കഥ പറയാന്‍ വന്നിരുന്നു. അന്ന് ഞാന്‍ അവനെ വൈറ്റിലയിലെ കെ.ആര്‍ ബേക്കറിയില്‍ കൊണ്ടുപോയി. അവിടുന്ന് അവന് പപ്പ്‌സ് വാങ്ങിച്ച് കൊടുത്തിട്ട് കഥ കേട്ടു. അങ്ങനെയും കഥ കേട്ടിട്ടുണ്ട് (ചിരി). ആരാണ് നമുക്കുള്ള ബിഗ് ബ്രേക്കുമായി വരുന്നതെന്ന് പറയാന്‍ ആവില്ലല്ലോ,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas Talks About His Career After Enn Ninte Moitheen Movie