വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഏറ്റവും കംഫര്‍ട്ട് തന്നത് ആ സംവിധായകന്‍ മാത്രം: ടൊവിനോ
വളരെ ചെറിയ കാലം കൊണ്ട് മലയാളസിനിമയുടെ ഉയരത്തിലെത്തിയ നടനാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും ആരംഭിച്ച കരിയറാണ് ടൊവിനോയുടേത്. ഗപ്പിയിലൂടെ നായകനായ ടൊവിനോ പിന്നീട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചും ടൊവിനോ സ്വന്തമാക്കി.
മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ ചിത്രമായിരുന്നു 2019ല്‍ റിലീസായ ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജായിരുന്നു. മോഹന്‍ലാലിനെക്കൂടാതെ വന്‍ താരനിര ലൂസിഫറില്‍ അണിനിരന്നിരുന്നു. ചിത്രത്തില്‍ ഏറ്റവും കൈയടി നേടിയ നടന്മാരിലൊരാളായിരുന്നു ടൊവിനോ തോമസ്.
ജതിന്‍ രാംദാസ് എന്ന കഥാപാത്രമായി ടൊവിനോ സ്‌ക്രീനില്‍ വരുന്ന സീനുകളില്‍ തിയേറ്റര്‍ പൂരപ്പറമ്പായി മാറിയിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകനോടൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ. താന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച സംവിധായകനാണ് പൃഥ്വിയെന്ന് ടൊവിനോ പറഞ്ഞു.
തനിക്ക് സെറ്റില്‍ അത്രമാത്രം കംഫര്‍ട്ട് പൃഥ്വി തന്നിരുന്നുവെന്നും യാതൊരു സ്‌ട്രെസ്സുമില്ലാതെയാണ് ലൂസിഫര്‍ ചെയ്തതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഒരു സീനിന് വേണ്ട എല്ലാ ക്രയങ്ങളും സെറ്റ് ചെയ്തതിന് ശേഷമേ പൃഥ്വി വിളിക്കാറുള്ളൂവെന്നും അയാള്‍ക്ക് വേണ്ട രീതിയില്‍ സീനെടുക്കാന്‍ എത്ര വേണമെങ്കിലും ശ്രമിക്കുമെന്നും ടൊവിനോ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സുഹൃത്തുക്കളായ സംവിധായകരോട് കൂടിയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. മലയാളസിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പൃഥ്വിരാജ്. എനിക്ക് അത്രമാത്രം കംഫര്‍ട്ടാണ് ലൂസിഫറില്‍ പൃഥ്വി തന്നത്. യാതൊരു സ്‌ട്രെസ്സും ഇല്ലാതെ ഞാന്‍ ചെയ്തുതീര്‍ത്ത സിനിമയാണിത്. പൃഥ്വിയുടെ ഏറ്റവും വലിയ പ്ലസായി ഞാന്‍ കാണുന്നത് ആര്‍ട്ടിസ്റ്റുകളെ ഉപയോഗിക്കുന്ന രീതിയാണ്. ഷോട്ടിന് റെഡിയായി വരുമ്പോള്‍ ലൈറ്റ് അറേഞ്ച് ചെയ്യാനും മറ്റും സമയമെടുക്കാറുണ്ട്. ലൂസിഫറില്‍ അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല.
ഞാന്‍ വരുന്നു, ഷോട്ടെടുക്കുന്നു, പോകുന്നു അത്രയേ ഉള്ളൂ. ഷോട്ടെടുക്കുന്ന സമയത്ത് ഞാന്‍ കണ്ണ് ചിമ്മിയാല്‍ പോലും പൃഥ്വി റീടേക്ക് വിളിക്കും. ‘ടൊവി, നീ കണ്ണ് ചിമ്മാതെ ആ ഡയലോഗ് പറയ്, എനിക്ക് അങ്ങനെയാണ് വേണ്ടത്’ എന്ന് പറഞ്ഞ ഉടനേ റോള്‍ ക്യാമറ എന്ന പറയും. അതിനെപ്പറ്റി കൂടുതല്‍ ചിന്തിച്ച് ടെന്‍ഷനാവാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. വളരെ നല്ല വിഷനുള്ള സംവിധായകനാണ് പൃഥ്വി,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about Prithviraj and Lucifer movie