ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സാദൃശ്യമുള്ള ഒരു ഗോൾഫ് കളിക്കാരനെ ഡ്രോണിൽ പിന്തുടരുന്ന വിധത്തിലുള്ള ചിത്രമാണ് ഇറാൻ പരമോന്നത നേതാവ് അയത്തുളള അൽ ഖമേനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലാണ് കൊലപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ഇറാൻ പരമോന്നത നേതാവിന്റെ ട്വീറ്റും ചർച്ചയാകുന്നത്.
ഡിസംബറിൽ ഖാസിം സുലൈമാനി വധത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രതികാരം നിശ്ചയമാണെന്ന് പറഞ്ഞ് അയത്തുള്ള ഖമേനി ഒരു പോസ്റ്റിട്ടിരുന്നു. ഇതേ വാചകം പുതിയ ട്വീറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറൽ സുലൈമാനിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടവരെയും അത് നടപ്പിലാക്കിയവരെയും ശിക്ഷിക്കണം. ഈ പ്രതികാരം നിശ്ചയമായും ശരിയായ സമയത്ത് സംഭവിക്കും, എന്നായിരുന്നു ഖമേനി ട്വീറ്റ് ചെയ്തത്.
ഈ മാസം ട്വിറ്റർ ഖമേനി വാക്സിനുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് നീക്കം ചെയ്തിരുന്നു. യു.എസ്, ബ്രിട്ടീഷ് നിർമ്മിത വാക്സിനുകൾ വിശ്വസനീയമല്ലെന്നും മറ്റ് രാജ്യങ്ങളെ മലിനമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് അവയെന്നുമായിരുന്നു ഖമേനി ട്വീറ്റ് ചെയ്തത്. എന്നാൽ ഖമേനി വെള്ളിയാഴ്ച ഇട്ട ട്വീറ്റിലു ട്വിറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്. പേർഷ്യൻ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ജെ.പി.സി.ഒ.എ ആണവകരാറിൽ നിന്ന് ട്രംപ് പുറത്തു പോയതിന് പിന്നാലെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കരാറിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ട്രംപ് ഇറാനുമേൽ ഉപരോധവും ഏർപ്പെടുത്തിയിരുന്നു.
ട്രംപ് ഉത്തരവിട്ട ആക്രമണത്തിൽ ഇറാഖിൽ വെച്ചാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ട്രംപിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി രംഗത്തെത്തിയിരുന്നു. ”ട്രംപ് മരിച്ചു, പക്ഷേ ജെ.പി.സി.ഒ.എ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അധികാരത്തിലിരിക്കുമ്പോൾ അത് തകർക്കാൻ സാധ്യമാകുന്നതെല്ലാം അദ്ദേഹം ചെയ്തു. സൗദി അറേബ്യയും ഇസ്രഈലും അത് തന്നെയാണ് ചെയ്തത്.
പക്ഷേ ഇപ്പോൾ ജെ.പി.സി.ഒ.എ മുമ്പത്തേക്കാൾ ശക്തമായി ജീവിച്ചിരിപ്പുണ്ട്. മോശം റെക്കോഡുമായി ട്രംപ് പുറത്തുപോയി. എന്നാൽ പ്രതിരോധത്തിന്റെ ഉറച്ച റെക്കോഡുമായി ഇറാൻ ഇപ്പോഴുമുണ്ട്,” എന്നായിരുന്നു റുഹാനി ട്വീറ്റ് ചെയ്തത്.