ടോക്കിയോ: സ്ത്രീവിരുദ്ധ കമന്റുകളില്‍ മാപ്പ് പറഞ്ഞ് ടോക്കിയോ ഒളിംപിക്‌സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് യോഷിറോ മോറി. മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുമെന്നും അതിനാല്‍ മീറ്റിങ്ങുകള്‍ അവസാനിക്കാന്‍ വൈകുമെന്നുമായിരുന്നു യോഷിറോ മോറി നേരത്തെ പറഞ്ഞത്.
‘സ്ത്രീകള്‍ അംഗങ്ങളായുള്ള ബോര്‍ഡുകളുടെ മീറ്റിങ് അവസാനിക്കാന്‍ ഒരുപാട് സമയം എടുക്കും. സ്ത്രീകള്‍ക്ക് വലിയ മത്സരബുദ്ധിയാണ്. ഇപ്പോള്‍ ആരെങ്കിലും എന്തെങ്കിലും പറയാനായി കൈയ്യുയര്‍ത്തിയാല്‍ ഞാനും എന്തെങ്കിലും പറയണ്ടേ എന്നായിരിക്കും ഈ സ്ത്രീകളുടെ ചിന്ത. അങ്ങനെ എല്ലാവരും ഒരാവശ്യവുമില്ലാതെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും,’ യോഷിറോ മോറി പറഞ്ഞു.
ബോര്‍ഡിലെ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിച്ച് 40 ശതമാനമാക്കണമെന്ന ചോദ്യത്തോട് അങ്ങനെയാണെങ്കില്‍ അവര്‍ക്ക് സംസാരിക്കാനുള്ള സമയവും നിയന്ത്രിച്ച് നല്‍കേണ്ടി വരുമെന്നും യോഷിറോ പറഞ്ഞു.
ജപ്പാനിലെ പ്രധാന പത്രമായ ആസാഹി ഷിംബണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയാകുകയായിരുന്നു.
പ്രസ്താവന വിവാദമായതോടെ യോഷിറോയുടെ രാജി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു. നേരത്തെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട യോഷിറോയെ സ്ഥാനത്ത് നിന്ന് പുറത്താക്കിയേ തീരുവെന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് മാപ്പുമായി യോഷിറോ രംഗത്തെത്തിയത്.
‘ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒളിംപിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും മൂല്യങ്ങള്‍ക്കെതിരാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ വാക്കുകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു,’ യോഷിറോ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക