ന്യൂദല്‍ഹി: സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം ചോദ്യം ചെയ്യപ്പെടണമെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രയാന്‍ പറഞ്ഞു.
‘ഇ.ഡി, സി.ബി.ഐ ഡയറക്ടര്‍മാരുടെ കാലാവധി 2 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി രണ്ട് നികൃഷ്ടമായ ഓര്‍ഡിനന്‍സുകളിലൂടെ നീട്ടിയിരിക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാന്‍ ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. ഇന്ത്യയെ തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ രാജ്യമാക്കുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാധ്യമായതെല്ലാം ചെയ്യണം,’ ഡെറിക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര അന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
കാലാവധി നീട്ടിനല്‍കാന്‍ അനുവദിക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (ഭേദഗതി), ദല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സുകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.