ആ ഷോട്ടിന് ശേഷം വിദ്യാമ്മ എന്റെ കരണത്തടിച്ചു, യു പുട്ട് മീ ഇന്‍ ടു എ റിയല്‍ ട്രബിള്‍ എന്ന് പറഞ്ഞു: സംവിധായകന്‍ രാജീവ്കുമാര്‍
Film News
ആ ഷോട്ടിന് ശേഷം വിദ്യാമ്മ എന്റെ കരണത്തടിച്ചു, യു പുട്ട് മീ ഇന്‍ ടു എ റിയല്‍ ട്രബിള്‍ എന്ന് പറഞ്ഞു: സംവിധായകന്‍ രാജീവ്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st March 2023, 6:02 pm

ടി.കെ. രാജീവ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് പവിത്രം. ശ്രീവിദ്യ, തിലകന്‍, വിന്ദുജ മേനോന്‍, മോഹന്‍ലാല്‍, ശോഭന, കെ.പി.എ.സി ലളിത, ഇന്നസെന്റ് എന്നിങ്ങനെ വലിയ പ്രതിഭകളുടെ നിര തന്നെ അഭിനയിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യു ആണ് ഉള്ളത്.

പവിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രാജീവ്കുമാര്‍. പ്രധാനപ്പെട്ട ഒരു രംഗത്തിന്റെ ചിത്രീകരണത്തിന് ശേഷം ശ്രീവിദ്യ ഇമോഷണലായെന്നും തന്റെ കരണത്ത് അടിച്ചെന്നും രാജീവ്കുമാര്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പവിത്രത്തെ പറ്റി രാജീവ്കുമാര്‍ പറഞ്ഞത്.

‘ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് കഴിഞ്ഞ് വിദ്യാമ്മയും തിലകന്‍ ചേട്ടനും കൂടി ഒന്നിച്ചിരിക്കുന്ന ഒരു രംഗമുണ്ട്. അത് നാണക്കേടാണെന്ന് പറയുന്ന രംഗമാണ്. ആറ് സീക്വന്‍സായാണ് ആ രംഗം പ്ലാന്‍ ചെയ്തത്. ഈ സീന്‍ വായിച്ച് വിദ്യാമ്മ ഭയങ്കര ഡിസ്റ്റര്‍ബ്ഡാണെന്ന് എന്നോട് അസോസിയേറ്റ് പറഞ്ഞിരുന്നു.

ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ലൊക്കേഷനില്‍ മുഖം വീര്‍പ്പിച്ച് ഇരിപ്പുണ്ട്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, പെട്ടെന്ന് എടുക്കാമെന്ന് പറഞ്ഞു. എനിക്ക് ആ ഇരിപ്പ് ഇഷ്ടപ്പെട്ടിരുന്നു. വിദ്യാമ്മ ഇങ്ങനെ തന്നെ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ ഇങ്ങനെ തന്നെ ഇരിക്കുന്നുള്ളൂവെന്നായിരുന്നു മറുപടി. കുറച്ച് ദേഷ്യമുണ്ടായിരുന്നു. ഇത് സിംഗിള്‍ ഷോട്ടാക്കിയാലോ എന്ന് ഞാന്‍ സന്തോഷ് ശിവനോട് ചോദിച്ചിരുന്നു.

തിലകന്‍ ചേട്ടന്‍ വന്നപ്പോള്‍ റിഹേഴ്‌സല്‍ എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. റിഹേഴ്‌സല്‍ വേണോ, ടേക്ക് പോകാം, നന്നായില്ലെങ്കില്‍ നമുക്ക് എടുക്കാം, അത് പോരേ സാര്‍ എന്ന് വിദ്യാമ്മ ചോദിച്ചു. അത് മതിയെന്ന് ഞാനും പറഞ്ഞു. എഴുതി വെച്ചതിനെക്കാള്‍ മനോഹരമായിട്ടാണ് അവര്‍ ആ രംഗം ചെയ്തത്. ഗ്ലിസറിനില്ലാതെയാണ് കണ്ണൊക്കെ നിറഞ്ഞത്. റിഹേഴ്‌സല്‍ ഇല്ലാതെ സിംഗിള്‍ ഷോട്ടില്‍ അത് ഓക്കെയായി. ഷൂട്ട് ചെയ്ത നമ്മുടെയും കണ്ണ് നിറഞ്ഞു.

എല്ലാവരും പോയിട്ടും വിദ്യാമ്മ അവിടെ തന്നെയിരുന്നു. ഞാന്‍ അടുത്ത് ചെന്നപ്പോള്‍ ദേഷ്യത്തോടെ എന്റെ കരണക്കുറ്റിക്ക് തട്ടി. അടിച്ചു എന്ന് തന്നെ വേണമെങ്കില്‍ പറയാം. യു പുട്ട് മീ ഇന്‍ ടു എ റിയല്‍ ട്രബിള്‍ രാജീവ്, മദര്‍ഹുഡിന്റെ മൊമെന്റ് നീ എനിക്ക് തന്നു എന്ന് പറഞ്ഞു. അതിലേക്ക് അവര്‍ അത്രയും ഇന്‍വോള്‍വ്ഡായിരുന്നു. വളരെ മനോഹരമായി അവര്‍ ആ കഥാപാത്രമായി മാറിക്കഴിഞ്ഞിരുന്നു,’ രാജീവ്കുമാര്‍ പറഞ്ഞു.

Content Highlight: tk rajeevkumar talks about sreevidhya