ഒമര്‍ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് എഴുപുന്നയില്‍ നടന്നു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മിക്കുന്ന പതിനഞ്ചാമത്തെ ചിത്രമാണ് ഇത്.
‘ബാഡ് ബോയ്‌സ്’ എന്നാണ് ഈ സിനിമക്ക് പേരിട്ടിരിക്കുന്നത്. ഒരു ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം. പ്രേക്ഷകരെയെല്ലാം കുടുകുടാ ചിരിപ്പിച്ച ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ചിത്രം പഞ്ചാബി ഹൗസില്‍ വെച്ചായിരുന്നു ബാഡ് ബോയ്‌സിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നത്.
ഈ വീടും പരിസരവും ബാഡ് ബോയ്‌സിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. ഇത് തങ്ങളുടെയെല്ലാം പഞ്ചാബി ഹൗസാണെന്ന് ഹരിശ്രീ അശോകന്‍ ലോഞ്ചിനിടയില്‍ പറയുകയും ചെയ്തു. ചിത്രത്തിന്റെ സോങ് ഷൂട്ടിനിടയിലായിരുന്നു ടൈറ്റില്‍ ലോഞ്ച് നടന്നത്.
ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു. താന്‍ സംവിധായകന്‍ ആകാത്ത സമയത്ത് ആദ്യമായി തന്നോട് ചാന്‍സ് ചോദിച്ച് വിളിച്ച ആളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന സന്തോഷം ഒമര്‍ ലുലു പങ്കുവെച്ചു. അതിന് മറുപടിയായി തനിക്ക് ആരോടും ചാന്‍സ് ചോദിക്കാന്‍ ഒരു മടിയുമില്ലെന്ന് സൈജു കുറുപ്പും ഹാസ്യരൂപേണ പറഞ്ഞു.
അതേസമയം താനും എല്ലാരോടും ചാന്‍സ് ചോദിക്കാറുണ്ടെന്ന് സെന്തിലും കൂട്ടിചേര്‍ത്തു. അതോടെ ചടങ്ങില്‍ ചിരിയും കയ്യടിയും നിറഞ്ഞു. റഹ്‌മാന്‍, ബാല, സുധീര്‍ തുടങ്ങിയ താരങ്ങള്‍ ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് എത്തുന്നത്. അതിന്റെ സന്തോഷം അവരെല്ലാം പങ്കിടുകയും ചെയ്തു.
നായകനായ റഹ്‌മാനെ കൂടാതെ ബാല, സൈജു കുറുപ്പ്, ഹരിശ്രീ അശോകന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷീലു എബ്രഹാം, മല്ലിക സുകുമാരന്‍, ആരാധ്യ ആന്‍, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, ടിനിടോം, സെന്തില്‍ കൃഷ്ണ, സുധീര്‍, ടിനി ടോം, രമേഷ് പിഷാരടി, സജിന്‍ ചെറുകയില്‍, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അഡാര്‍ ലൗ, ചങ്ക്‌സ്, നല്ല സമയം തുടങ്ങിയ ചിത്രങ്ങളെ പോലെ ഒമര്‍ ഇത്തവണയും പുതിയ താരങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ.