ടൈറ്റാനിക് 2 വരുന്നു; സിനിമയായല്ല, യഥാര്‍ത്ഥ കപ്പലായിത്തന്നെ
Daily News
ടൈറ്റാനിക് 2 വരുന്നു; സിനിമയായല്ല, യഥാര്‍ത്ഥ കപ്പലായിത്തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2016, 3:52 pm

titanic1
യു.കെ: 106 വര്‍ഷം മുന്‍പ് നോര്‍ത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് തകര്‍ന്നു പോയ ടൈറ്റാനിക് വീണ്ടും രംഗപ്രവേശം ചെയ്യുന്നു. 2018ലാണ് എല്ലാ സവിശേഷതകളോടും കൂടി  ടൈറ്റാനിക് 2 കടലിലിറങ്ങുന്നത്.

ഓസ്‌ട്രേലിയന്‍ ബില്ല്യണയറായ ക്ലൈവ് പാമറിന്റെയും അദ്ദേഹത്തിന്റെ കമ്പനിയായ ബ്ലൂ സ്റ്റാര്‍ ലൈനിന്റെയും ആശയമാണ് ടൈറ്റാനിക് 2. 1902 ലെ ടൈറ്റാനിക്കിന്റെ സമാന രൂപത്തോടും പ്രത്യേകതകളോടും കൂടിയായിരിക്കും ടൈറ്റാനിക് 2 ഉം സമുദ്രത്തിലിറങ്ങുക. എന്നാല്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകളും അപകടമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കാനുള്ള സൗകര്യങ്ങളും ടൈറ്റാനിക് 2 ല്‍ ഉണ്ടായിരിക്കും.

270 മീറ്റര്‍ നീളത്തിലും 53 മീറ്റര്‍ ഉയരത്തിലും രൂപകല്‍പന ചെയ്യുന്ന കപ്പലിന് 40,000 ടണ്ണോളം ഭാരമുണ്ടായിരിക്കും. ടൈറ്റാനിക് 1 ലെത് പോലെ 2ഉം ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, തേര്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ നല്‍കും. 2,400 യാത്രക്കാരെയും 900 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ ഒന്‍പതു നിലകളിലായി 840 ക്യാബിനുകള്‍ ഉണ്ടായിരിക്കും.

കപ്പലില്‍ സ്വിമ്മിങ്ങ് പൂളും, ടര്‍ക്കിഷ് ബാത്തുകളും ജിംനേഷ്യവും ഉണ്ടായിരിക്കും. അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് പുത്തന്‍ മാര്‍ഗങ്ങളും, സാറ്റലൈറ്റ് നിയന്ത്രണവും, ഡിജിറ്റല്‍ നാവിഗേഷനും, റഡാര്‍ സിസ്റ്റവും..അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കപ്പലില്‍ പ്രതീക്ഷിക്കാവുന്ന എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ടൈറ്റാനിക് 2ല്‍ ഉണ്ടാകുമെന്ന് ബ്ലൂ സ്റ്റാര്‍ ലൈന്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ജെയിംസ് മക്‌ഡൊണാള്‍ഡ് പറഞ്ഞു.

നിര്‍മാണത്തിനായുള്ള പണം സമാഹരിക്കുന്നത് തങ്ങള്‍ തന്നെയാണെന്നും നിരവധി അറബ് കമ്പനികള്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടഎന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു. കപ്പലിന്റെ ആദ്യ യാത്ര കിഴക്കന്‍ ചൈനയിലെ ചിയാങ്‌സുവില്‍ നിന്നും ദുബായ്‌ലേയ്ക്ക് ആയിരിക്കും.

1912 ല്‍ ടൈറ്റാനിക് കപ്പല്‍ അതിന്റെ ആദ്യ യാത്രയില്‍ തന്നെ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിലിടിച്ച് തകര്‍ന്നിരുന്നു. കപ്പല്‍ യാത്രികരും ജീവനക്കാരുമുള്‍പ്പെടെ 1,500 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.