ആളെ കൂട്ടി പടമെടുക്കുക എന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ഹരം: ടിനു പാപ്പച്ചൻ
Film News
ആളെ കൂട്ടി പടമെടുക്കുക എന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ഹരം: ടിനു പാപ്പച്ചൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th January 2024, 1:06 pm

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തിയ മലൈക്കോട്ടൈ വലിബനെ ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. നിരവധി ആർട്ടിസ്റ്റുകൾ അഭിനയിച്ച ചിത്രത്തിൽ ഒരു ദിവസം ആയിരക്കണക്കിന് ആളുകളാണ് ലൊക്കേഷനിൽ ഉണ്ടാവുക.

ഇത്രയും ആളുകളെ എങ്ങനെ മാനേജ് ചെയ്തു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടിനു പാപ്പച്ചൻ. ആളെ കൂട്ടി പടമെടുക്കുക എന്നതാണ് തങ്ങളുടെ ഹരമെന്നും കസേരയിൽ ഇരുന്ന് പടമെടുക്കുന്നത് തങ്ങൾക്ക് പറ്റില്ലെന്നും ടിനു പറഞ്ഞു. ആളെ കൂട്ടി പടമെടുക്കുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഹരമെന്നും ടിനു കൂട്ടിച്ചേർത്തു. അതിന്റെ കൂടെ നിൽക്കുകയാണ് താൻ ചെയ്തതെന്നും തനിക്ക് പുറമെ പ്രൊഡക്ഷനിലെ ഒരുപാട് പേരുണ്ടായിരുന്നെന്നും ടിനു പറയുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആളെ കൂട്ടി പടമെടുക്കുക എന്നതാണ് നമ്മുടെ ഹരം. ഒരുപാട് ആളുകളെ കൂട്ടുക എന്നതാണ്. കസേരയിൽ ഇരിക്കുക പടം എടുക്കുക എന്നതിൽ ഹരമില്ലല്ലോ. മറ്റേതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ഹരം. അപ്പോൾ അതിന്റെ കൂടെ നിൽക്കുക എന്നതാണ്. ഞാൻ മാത്രമല്ല പ്രൊഡക്ഷന്റെ ഒരുപാട് പേരുണ്ട്. അവരും ഒരുപാട് സഹായകമായിട്ടുണ്ട്,’ ടിനു പാപ്പച്ചൻ പറഞ്ഞു.

വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

Content Highlight: Tinu pappachan about lijo jose pellisheri