ന്യൂദല്‍ഹി: ഭാഷ വിവാദത്തില്‍ തമിഴ്‌നാടിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ അഴിമതി മറയ്ക്കാനാണ് തമിഴ്‌നാട് ഭാഷയുടെ മറവില്‍ വിദ്വേഷം വളര്‍ത്തുന്നതെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കേന്ദ്ര സര്‍ക്കാര്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മെഡിക്കല്‍, എഞ്ചിനിയറിങ് കോഴ്‌സുകള്‍ തമിഴില്‍ നടത്താന്‍ ഡി.എം.കെ സര്‍ക്കാരിന് ധൈര്യമില്ലെന്ന് പറഞ്ഞ മന്ത്രി ബി.ജെ.പി തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ ഈ പരീക്ഷകള്‍ തമിഴില്‍ നടത്തുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.
‘നിങ്ങള്‍ക്ക് (ഡി.എം.കെ) മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ തമിഴില്‍ നടത്താന്‍ ധൈര്യമില്ല. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ തമിഴില്‍ തന്നെ നടത്തും,’ അമിത് ഷാ പറഞ്ഞു.
ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അഭിസംബോധന ചെയ്ത് സംസാരിച്ച ആഭ്യന്തര മന്ത്രി ഹിന്ദി ഒരു ഭാഷയുമായും മത്സരിക്കുന്നില്ലെന്നും മറിച്ച് ഹിന്ദി ഭാഷാപരമായ ഐക്യം വളര്‍ത്തുന്നുണ്ടൈന്നും ആവകാശപ്പെട്ടു.
ഇതിന് പുറമെ ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴില്‍, മോദി സര്‍ക്കാര്‍ ഒരു ഇന്ത്യന്‍ ഭാഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും ഈ സംവിധാനം തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി, ആസാമീസ്, ബംഗാളി തുടങ്ങി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഡിസംബര്‍ മുതല്‍ പ്രാദേശിക ഭാഷകളില്‍ ഔദ്യോഗിക കത്തിടപാടുകള്‍ ആരംഭിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഡിസംബറിനുശേഷം ജനങ്ങള്‍ക്കും, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുമായി നടത്തുന്ന എല്ലാ കത്തിടപാടുകളും അവരുടെ സ്വന്തം ഭാഷയില്‍ തന്നെ എഴുതുമെന്നും അമിത് ഷാ പറഞ്ഞു. അഴിമതി മറച്ചുവെക്കാന്‍ ഭാഷയുടെ പേരില്‍ ‘കടകള്‍’ നടത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പി ദക്ഷിണേന്ത്യന്‍ ഭാഷകളെ എതിര്‍ക്കുന്നു എന്ന ആരോപണത്തെയും അമിത് ഷാ തള്ളിക്കളഞ്ഞു. ഞങ്ങള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളെ എതിര്‍ക്കുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന ചോദിച്ച് ഷാ താന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല സീതാരാമന്‍ തമിഴ്നാട്ടില്‍ നിന്നുമാണെന്നും ചൂണ്ടിക്കാട്ടി.
Content Highlight: If BJP comes to power in Tamil Nadu, medical and engineering courses will be conducted in Tamil: Amit Shah