Sports News
കണ്‍മുമ്പിലുള്ള ചരിത്രനേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ അവന്റെ പടിയിറക്കം; വെറും രണ്ട് സിക്‌സറടിച്ചിരുന്നെങ്കില്‍...
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 16, 11:18 am
Monday, 16th December 2024, 4:48 pm

ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട് പരമ്പര അടിയറവ് വെച്ച ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാന്‍ അവസാന മത്സരത്തില്‍ വിജയം അനിവാര്യമാണ്.

മൂന്നാം മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ്. 640 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാന്‍ സാധിക്കൂ.

സ്‌കോര്‍ (മൂന്നാം ദിനം അവസാനിക്കുമ്പോള്‍)

ന്യൂസിലാന്‍ഡ്: 347 & 453

ഇംഗ്ലണ്ട്: 143 & 18/2 (T: 658)

ഈ മത്സരം ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് നിര്‍ണായകവും അതിനേക്കാളേറെ സ്‌പെഷ്യലുമാണ്. കിവീസ് ഇതിഹാസ താരം ടിം സൗത്തിയുടെ അവസാന ടെസ്റ്റ് എന്ന നിലയില്‍ ചരിത്ര പുസ്‌കത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന മത്സരത്തില്‍ പരാജയപ്പെടാന്‍ കിവികള്‍ക്ക് ഒരിക്കലും സാധിക്കില്ല.

അവസാന ടെസ്റ്റും കളിച്ച് റെഡ് ബോള്‍ ഫോര്‍മാറ്റിനോട് വിടപറയാന്‍ ഒരുങ്ങുന്ന സൗത്തിയുടെ ഐതിഹാസിക കരിയര്‍ ചെറിയ തോതിലെങ്കിലും അപൂര്‍ണമായിരിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 100 സിക്‌സറുകള്‍ എന്ന ചരിത്ര റെക്കോഡിന് വെറും രണ്ട് സിക്‌സറകലെ താരം പാഡഴിക്കുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ പത്ത് പന്തില്‍ നിന്നും 23 റണ്‍സാണ് സൗത്തി നേടിയത്. മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് സിക്‌സര്‍ കൂടി പിറക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ചെങ്കിലും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി താരം പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ രണ്ട് സിക്‌സറടിച്ചിരുന്നെങ്കില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത് താരമെന്ന നേട്ടവും മക്കെല്ലത്തിന് ശേഷം ഈ റെക്കോഡ് സ്വന്തമാക്കുന്ന രണ്ടാമത് ന്യൂസിലാന്‍ഡ് താരമെന്ന നേട്ടവും സൗത്തിയുടെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 198 – 133*

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 176 – 107

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 137 – 100

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 156 – 98

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 182 – 98

ജാക്ക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 280 – 97

വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 180 – 91

ന്യൂസിലാന്‍ഡിനായി 2008ലാണ് സൗത്തി ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ തന്റെ 107ാം ടെസ്റ്റ് മത്സരം കളിച്ചാണ് താരം പടിയിറങ്ങുന്നത്.

ഈ മത്സരത്തിന് മുമ്പ് കളത്തിലിറങ്ങിയ 106 മത്സരത്തിലെ 201 ഇന്നിങ്‌സില്‍ നിന്നും 380 വിക്കറ്റുകളാണ് സൗത്തി വീഴ്ത്തിയത്. 30.21 ശരാശരിയിലും 60.0 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 15 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിക്ക് ശേഷം ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയതും സൗത്തി തന്നെ.

 

 

Content Highlight: Tim Southee stepped down without completing  100 sixes in the Test format