national news
കേസുകൾ ശരിയായി അന്വേഷിച്ച് ശിക്ഷാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഇ.ഡിയെ ജനങ്ങൾ അവിശ്വസിക്കും: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 03:01 am
Monday, 7th April 2025, 8:31 am

ന്യൂദൽഹി: കേസുകൾ ശരിയായി അന്വേഷിച്ച് ശിക്ഷാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റു‌കളെ പൊതുജനം അവിശ്വസിക്കുന്നത് തുടരുമെന്ന് വിമർശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ.

2014 മുതൽ 2024 വരെ ഇ.ഡി 5,000ത്തിലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, അത്തരം 40 കേസുകളിൽ മാത്രമേ ഏജൻസിക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

മുംബൈയിലെ കഫെ പരേഡ് ഏരിയയിൽ നടന്ന പരിപാടിയിൽ അഭിഭാഷകനായ അഖിലേഷ് ദുബെ എഴുതിയ ‘ട്രീറ്റൈസ് ഓൺ പി.എം.എൽ.എ, ലോ & പ്രാക്ടീസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജഡ്ജി.

പി.എം.എൽ.എ കേസുകളിൽ പോലും ‘ജാമ്യമാണ് നിയമം’ എന്ന തത്വം സുപ്രീംകോടതിക്ക് സ്വീകരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെ നേരിടാനുള്ള ആയുധമാണ് പി.എം.എൽ.എ നിയമം. ആ വകുപ്പ് ഉൾപ്പെടുത്തി എടുക്കുന്ന കേസുകളുടെ എണ്ണം വർധിച്ചെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. 2024 ആയപ്പോഴേക്കും ഇ.ഡി അയ്യായിരത്തിലധികം കേസുകൾ ഫയൽ ചെയ്തു. എന്നാൽ ശിക്ഷ ലഭിച്ചത് കേവലം 40 എണ്ണത്തിൽ മാത്രം. ശിക്ഷ നിരക്ക് ഇത്ര കുറവായിരിക്കെ വിചാരണ കൂടാതെ ഒരാളെ ഇത്രയും കാലം തടവിൽ വെക്കാൻ സാധിക്കില്ല. ഇത്തരം കേസുകളിൽ വിചാരണ ആരംഭിക്കുന്നതിലും ഗണ്യമായ കാലതാമസമുണ്ട്. ധാരാളം സാക്ഷികളും തെളിവുകളുടെ എണ്ണവും വിചാരണ വൈകുന്നതിന് കാരണമാകുന്ന ഒരു ഘടകമാണ്,’ ജസ്റ്റിസ് ഭൂയാൻ ചൂണ്ടിക്കാട്ടി.

പി.എം.എൽ.എ കേസുകളിൽ കോടതികൾ ജാമ്യം അനുവദിക്കുന്നതോടെ, പൊതുജനങ്ങൾക്കിടയിൽ ‘ജാമ്യം എന്നാൽ കുറ്റവിമുക്തനാക്കുന്നതിന് തുല്യമാണ്’ എന്ന തെറ്റിദ്ധാരണ വളർന്നുവരുന്നുണ്ടെന്ന് ജഡ്ജി പറഞ്ഞു.

അതേസമയം പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജസ്റ്റിസ് മൊഹിതെ-ദേരെ, പി.എം.എൽ.എ കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതിയുടെ വിവിധ സുപ്രധാന വിധികളെക്കുറിച്ച് സംസാരിച്ചു. സമാനമായ കേസ് കൈകാര്യം ചെയ്യുമ്പോൾ, ഇ.ഡി ഉദ്യോഗസ്ഥർ രാത്രി സമയങ്ങളിൽ പോലും ആളുകളെ ചോദ്യം ചെയ്യുന്നതും തുടർന്ന് അവരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ മുന്നിലുള്ള കേസ് ഒരു പി.എം.എൽ.എ കേസിൽ പ്രതിയായ ഒരു വ്യക്തിയുടേതായിരുന്നു. രാവിലെ 10:30ന് അദ്ദേഹത്തെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചു, പക്ഷേ രാത്രിയിൽ മാത്രമാണ് ചോദ്യം ചെയ്തത്, അത് പുലർച്ചെ 3:30 വരെ നീണ്ടു, പുലർച്ചെ 5:30ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി കാണിച്ചു. അറസ്റ്റിനെതിരായ ഹരജി ഞങ്ങൾ തള്ളിക്കളഞ്ഞു. പക്ഷേ ഇ.ഡി ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റത്തെ ഞങ്ങൾ അപലപിച്ചു. ഓഫീസ് സമയങ്ങളിൽ മാത്രം ആളുകളെ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന മാർഗനിർദേശങ്ങൾ കേന്ദ്ര ഏജൻസി ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്,’ ജഡ്ജി പറഞ്ഞു.

 

Content Highlight: Till Conviction Rate In PMLA Cases Improves, People Will Remain Sceptical About ED Arrests: Justice Ujjal Bhuyan