ഈ ഐ.പി.എല്‍ സീസണിലേക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അതിവേഗം കയറിവന്ന താരമാണ് തിലക് വര്‍മ. ഐ.പി.എല്ലില്‍ മുംബൈക്കായി മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. നിലവില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറാന്‍ തിലകിന് സാധിച്ചിരുന്നു.
അഞ്ച് മത്സരമടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ തിലകിനായി. ആദ്യ മത്സരത്തില്‍ 39 റണ്‍സെടുത്ത താരം രണ്ടാം മത്സരത്തില്‍ 51 റണ്‍സ് നേടിയിരുന്നു. എന്നാല്‍ രണ്ടിലും തോല്‍ക്കാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി. ആദ്യ മത്സരത്തില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി.
രണ്ടാം മത്സരത്തിലെ അര്‍ധസെഞ്ച്വറിക്ക് ശേഷം തനിക്ക് പ്രചോദനമായ താരങ്ങളെ കുറിച്ച് തിലക് വര്‍മ സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ ഒരുപാട് പ്രചോദനമായിട്ടുണ്ടെന്നും എങ്ങനെ കളിക്കണമെന്ന് അദ്ദേഹം ഗൈഡ് ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
‘രോഹിത് ഭായ് എന്നോട് കളി ആസ്വദിക്കാന്‍ പറഞ്ഞു. എങ്ങനെ കളിക്കണമെന്ന് അദ്ദേഹം എനിക്ക് ഗൈഡ് തരാറുണ്ട്,” തന്റെ കന്നി ടി-20 ഫിഫ്റ്റി നേടിയ ശേഷം തിലക് പറഞ്ഞു. ഐ.പി.എല്ലിലും രോഹിത്താണ് തിലക് വര്‍മയുടെ ക്യാപ്റ്റന്‍.
രോഹിത്തും മുന്‍ ഇന്ത്യന്‍ ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്റര്‍ സുരേഷ് റെയ്‌നയുമാണ് കുട്ടിക്കാലം തൊട്ടുള്ള പ്രചോദനമെന്നും താരം പറഞ്ഞിരുന്നു.
”രോഹിത് ഭായിയും സുരേഷ് റെയ്ന ഭായിയുമാണ് കുട്ടിക്കാലം മുതല്‍ എനിക്ക് പ്രചോദനം. രോഹിത് ശര്‍മക്കൊപ്പം ഞാന്‍ സമയം ചെലവഴിക്കാറുണ്ട്. തിലക് ഓള്‍ ഫോര്‍മാറ്റ് പ്ലെയറാണെന്ന് അദ്ദേഹം പറയാറുണ്ട്, അത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്,’ തിലക് വര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം തിലക് വര്‍മ കാണിച്ച പക്വതയും മികവും മറ്റ് താരങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിന്റെ രണ്ട് മത്സരത്തിലെയും തോല്‍വിയുടെ പ്രധാന കാരണം. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 ടാര്‍ഗറ്റ് ചെയ്‌സ് ചെയ്ത ഇന്ത്യ 145ല്‍ ഒതുങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 152 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് ഏഴ് പന്ത് ബാക്കി നില്‍ക്കെ ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു.