Kerala
'ബി.ജെ.പിക്ക് ഞങ്ങളോട് കടുത്ത അവഗണന; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വോട്ട് കുറയും': തുഷാര്‍ വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 12, 07:20 am
Monday, 12th March 2018, 12:50 pm

ആലപ്പുഴ: രാജ്യസഭാ സീറ്റ് വിവാദത്തെത്തുടര്‍ന്ന് ബി.ജെ.പി നിലപാടിനെതിരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. “ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് വോട്ടു കുത്തനെ കുറയും. ബിജെപിയുടെ നിലപാട് ആണ് മുന്നണിയെ തകര്‍ക്കുന്നത്.

ബി.ഡി.ജെ.എസിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണെന്നും തുഷാര്‍ ആരോപിച്ചു. 14 ഓളം പോസ്റ്റുകള്‍ അനുവദിച്ചു നല്‍കാനായി ഒന്നരവര്‍ഷം മുമ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നിലും ഇതുവരെ തീരുമാനമായിട്ടില്ല.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പായി തുഷാര്‍ വെള്ളാപ്പള്ളിക്ക് എം.പി സ്ഥാനം ലഭിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ബി.ജെ.പി നേതാവ് എം.മുരളീധരനാണ് നറുക്ക് വീണത്. എന്‍.ഡി.എയുമായി കൈകോര്‍ത്ത സമയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്ന പലതും ബി.ഡി.ജെ.എസിന് ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ പ്രധാന ആരോപണം.

അതേസമയം, എം.പി സ്ഥാനത്തിനായി തുഷാര്‍ ആരെയും സമീപിച്ചിട്ടില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു സംസ്ഥാനക്കമ്മിറ്റി ഉണ്ടെന്നല്ലാതെ ജില്ലാതലത്തില്‍ ഈ കമ്മിറ്റിയുടെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. നിലവില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി നിലകൊള്ളുന്ന സാഹചര്യത്തില്‍ അതിന്റെ ഘടകക്ഷികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കേണ്ടതാണ്.