Sports News
അവര്‍ ഇപ്പോഴാണ് ഉണര്‍ന്നത്, വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തും; തുറന്ന് പറഞ്ഞ് രാജസ്ഥാന്‍സ് സ്പിന്‍ ബൗളിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 27, 06:59 am
Thursday, 27th March 2025, 12:29 pm

2025 ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സായിരുന്നു നേടിയത്. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്. 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക് രാജസ്ഥാനെ പഞ്ഞിക്കിട്ടത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒരു വിക്കറ്റും നേടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തി.

എന്നാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ശ്രീലങ്കന്‍ സ്പിന്‍ ബൗളര്‍മാരായ വാനിന്ദു ഹസരംഗയ്ക്കും മഹീഷ് തീക്ഷണയ്ക്കും കാര്യമായ ചലനം ഉണ്ടാക്കാക്കാന്‍ സാധിച്ചില്ല. മൂന്ന് ഓവര്‍ എറിഞ്ഞ് 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വാനിന്ദു നേടിയത്. തീക്ഷണ നാല് ഓവര്‍ എറിഞ്ഞ് 32 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടിയില്ല.

ഇപ്പോള്‍ ഇരു താരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ബൗളിങ് കോച്ച് സായിരാജ് ബഹുതുലെ. ഇരുവരും അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തിയ താരങ്ങളാണെന്നും വരും മത്സരങ്ങള്‍ ഇരുവരും മികവ് പുലര്‍ത്തുമെന്നും ബഹുതുലെ പറഞ്ഞു.

‘ഹസരംഗയും തീക്ഷണയും അന്താരാഷ്ട്ര തലത്തിലെ മികച്ച സ്പിന്നര്‍മാരാണ്. എന്നാല്‍ അവര്‍ ലെങ്ത് അല്‍പം കൂട്ടിയിരുന്നെങ്കില്‍ ബൗളിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കാമന്‍ സാധിക്കുമായിരുന്നു. അവര്‍ ഉപ്പോഴാണ് ഉണര്‍ന്നത്. വരാനിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ അവര്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ടീമിലെ എല്ലാ സ്പിന്നര്‍മാരെയും എല്ലാ ബൗളര്‍മാരെയും ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു യുവതാരങ്ങളുള്ള ടീമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അവര്‍ ഓരോ മത്സരത്തിനും വേണ്ടി കാത്തിരിക്കുകയാണ്, വരും മത്സരങ്ങളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ബഹുതുലെ പറഞ്ഞു.

Content Highlight: Rajasthan Royals Spin Bowling Coach Bahutule Talking About Sri Lankan Spinners