ഐ.പി.എല്ലില്‍ ഏപ്രില്‍ അഞ്ചിന് ചെന്നൈയിലെ എം. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയും ചെന്നൈയുമാണ് ഏറ്റുമുട്ടുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടിയ ചെന്നൈ എട്ടാം സ്ഥാനത്താണ്. മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. ഇപ്പോള്‍ ചെന്നൈയുടെ സൂപ്പര്‍ പേസര്‍ മതീശ പതിരാന എം.എസ്. ധോണിയെക്കുറിച്ച് സംസാരിക്കുകയാണ്.
ധോണി തന്റെ അച്ഛനെപ്പോലെയാണെന്നാണ് താരം പറഞ്ഞത്. ധോണിയുടെ പിന്തുണയും മാര്‍ഗ ദര്‍ശനവും തനിക്ക് വീട്ടില്‍ അച്ഛന്റെ അടുത്ത് നിന്ന് ലഭിക്കുന്നതിന് സമാനമാണെന്നാണ് താരം പറഞ്ഞത്.
‘ സി.എസ്.കെയില്‍ അദ്ദേഹം എനിക്ക് തന്ന പിന്തുണയും, മാര്‍ഗദര്‍ശനവും, എന്റെ വിട്ടില്‍ എന്റെ അച്ഛന്‍ എനിക്ക് തരുന്നത് പോലെയാണ്. അതുകൊണ്ടാണ് എം.എസ്. ധോണിയെ എന്റെ അച്ഛനെപ്പോലെയാണെന്ന് പറഞ്ഞത്. അദ്ദേഹം എന്റെ ക്രിക്കറ്റിങ് ഫാദറാണ്,’ പതിരാന പറഞ്ഞു.
ചെന്നൈ പുറത്ത് വിട്ട ഒരു വീഡിയോയില്‍ ധോണിയേക്കുറിച്ച് പതിരാനയുടെ അമ്മയും സംസാരിച്ചിരുന്നു. ധോണിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും പതിരാന തന്റെ അച്ഛനെ ബഹുമാനിക്കുന്ന പോലെയാണ് ധോണിയെ ബഹുമാനിക്കുന്നതുപോലെയെന്നും താരത്തിന്റെ അമ്മ പറഞ്ഞു.
‘എം.എസ്. ധോണിയെ കുറിച്ച് പറയാന്‍ വാക്കുകളില്ല. അദ്ദേഹമാണ് യഥാര്‍ത്ഥ ദൈവം. മതീശ തന്റെ അച്ഛനെ എത്രമാത്രം ബഹുമാനിക്കുന്നു, അതുപോലെയാണ് അവന്‍ ധോണിയെ ബഹുമാനിക്കുന്നത്,’ പതിരാനയുടെ അമ്മ പറഞ്ഞു.
സീസണിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് 64 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 8.00 എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടാന്‍ പതിരാനയ്ക്ക് സാധിച്ചിരുന്നു.
Content Highlight: IPL 2025: Matheesha Pathirana talking About M.S Dhoni