Entertainment
ഒരേവയറ്റില്‍ പിറക്കാതെ പോയ സഹോദരനാണ് എനിക്ക് ആ നടന്‍: കുഞ്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 01:15 pm
Thursday, 10th April 2025, 6:45 pm

അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് കുഞ്ചന്‍. 1969ല്‍ മനൈവി എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാജീവിതമാണ് കുഞ്ചന്റേത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച കുഞ്ചന്‍ 650ലധികം ചിത്രങ്ങളില്‍ ഇതിനോടകം ഭാഗമായിട്ടുണ്ട്.

സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചന്‍. നടന്‍ സോമന്‍ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുനെന്നും കുഞ്ചന്‍ പറയുന്നു. മമ്മൂട്ടിയുമായി തനിക്കിപ്പോഴും ബന്ധമുണ്ടെന്നും സിനിമയല്ലാതെയും സാമ്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ടെന്ന് കുഞ്ചന്‍ പറഞ്ഞു.

ഞാനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയന്‍പിള്ള രാജു

താനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയന്‍പിള്ള രാജുവെന്നും ഒരേവയറ്റില്‍ പിറക്കാതെ പോയ സഹോദരനാണ് തനിക്ക് മണിയന്‍പിള്ള രാജുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സോമേട്ടനായിരുന്നു എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നു. ജയന്‍ ഒറ്റയാനായിരുന്നു. പക്ഷേ എന്നോട് നല്ല സൗഹൃദമായിരുന്നു. പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വന്നു. അവരുമായും നല്ല ബന്ധം സൂക്ഷിക്കാനായി. മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്.

മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിര്‍ത്തിയിട്ടുണ്ട്. സിനിമയിലല്ലാതെ സാമ്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ട്

മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിര്‍ത്തിയിട്ടുണ്ട്. സിനിമയിലല്ലാതെ സാമ്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. എന്റെ കല്യാണസമയത്ത് കൈയ്യില്‍ വലിയ കാശൊന്നുമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹം വന്ന് നല്ല ഒരു സംഖ്യ കൈയില്‍ വച്ചുതന്നു. കാണുമ്പോള്‍ പരുക്കനാണെങ്കില്‍ ശുദ്ധപാവവും സ്‌നേഹസമ്പന്നന്നുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി.

ശങ്കരാടി ചേട്ടന്‍, ജഗതി, പപ്പുവേട്ടന്‍, മുരളി, തിലകന്‍ എന്നിവരെയെല്ലാം ഇന്ന് ഒരുപാട് മിസ് ചെയ്യുന്നു. അവരെപ്പോലുള്ള അഭിനേതാക്കള്‍ ഇനി മലയാളത്തില്‍ ഉണ്ടാവില്ല. അതുപോലെ ഞാനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയന്‍പിള്ള രാജു. രാജു കൊച്ചിയില്‍ ഉണ്ടെങ്കില്‍ ഏത് സമയത്തായാലും വീട്ടിലേക്ക് വരും. ഒരേവയറ്റില്‍ പിറക്കാതെ പോയ സഹോദരനാണ് രാജു എനിക്ക്,’ കുഞ്ചന്‍ പറയുന്നു.

Content Highlight: Kunchan Talks About His Friendship With Film Actors