സൈനിക വ്യവഹാരങ്ങള്‍ ഉള്ളടക്കമാകുന്ന പ്രമേയങ്ങളിലൂടെ കൊമേഴ്ഷ്യല്‍ വിജയങ്ങളായ ചലച്ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ച മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് മേജര്‍ രവി മലയാളി പൊതുബോധത്തിന് പരിചിതമാകുന്നത്. സൂപ്പര്‍ താരങ്ങളെ ലീഡ് കഥാപാത്രണങ്ങളാക്കി ദേശീയത, ദേശാഭിമാനം, വീര്‍ ശൂര്‍ , ആതംഗ് വാദി നിഗ്രഹണം തുടങ്ങിയ സ്ഥിരം മിലിട്ടറി പ്ലോട്ടുകളില്‍ ‘ജനപ്രിയതയുടെ’ ചേരുവകള്‍ സമാസമം ചേര്‍ത്ത് അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചു.
മേജര്‍ രവി
ബജ്രംഗ് ദള്‍ കാര്‍മ്മികത്വത്തില്‍ വി.എച്ച്.പി – സംഘപരിവാര്‍ അച്ചുതണ്ട് നടത്തിയ ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്‌ലിം വംശഹത്യയാണ് 2002 ലെ ഗുജറാത്ത് വംശഹത്യ. പ്രസ്തുത ചരിത്രത്തോട് പൂര്‍ണ്ണതോതില്‍ സത്യസന്ധത പുലര്‍ത്തി പൃഥ്വി രാജ് സുകുമാരന്‍ സംവിധാനവും അഭിനേതാവ് ഭരത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്ന സിനിമയാണ് എമ്പുരാന്‍.
ഗുജറാത്ത് മുസ്‌ലിം വംശഹത്യയുടെ നേതൃത്വമായ ബാബു ബജ്റംഗി അടക്കമുള്ളവരുടെ പാത്ര സൃഷ്ടിയിലൂടെ 25 വര്‍ഷങ്ങള്‍ക്കുമിപ്പുറം ആര്‍.എസ്.എസ് – ബി.ജെ.പി എങ്ങനെയാണ് വര്‍ഗ്ഗീയ കലാപങ്ങളെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായുള്ള ഇന്ധനങ്ങളാക്കിയത് എന്നതിന്റെ അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലും എമ്പുരാന്‍ സവിശേഷമാകുന്നുണ്ട്.
ചരിത്രവും യാഥാര്‍ത്ഥ്യങ്ങളും
2025 മാര്‍ച്ച് 25 ന് കേരളത്തിലെ 750 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട എമ്പുരാന്റെ ആദ്യ ദിവസത്തെ പ്രഥമ പ്രദര്‍ശനം മോഹന്‍ലാലിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമൊപ്പം കണ്ടവരില്‍ മേജര്‍ രവിയും ഉണ്ടായിരുന്നു. ‘ എമ്പുരാന്‍ ‘ ലോകോത്തരമാണെന്നും സംവിധയകന്‍ പൃഥ്വിരാജ് അഭിന്ദനം അര്‍ഹിക്കുന്നുവെന്നും ഇങ്ങനെ ഒരു പടം ചെയ്യാന്‍ കഴിഞ്ഞ പൃഥ്വി രാജ് ഭാഗ്യവാനാണെന്നും അദ്ദേഹം നടാടെ പ്രതികരിച്ചിരുന്നു.
ബജ്രംഗ് ദള്‍ കാര്‍മ്മികത്വത്തില്‍ വി.എച്ച്.പി – സംഘപരിവാര്‍ അച്ചുതണ്ട് നടത്തിയ ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്‌ലിം വംശഹത്യയാണ് 2002 ലെ ഗുജറാത്ത് വംശഹത്യ.
ഗുജറാത്ത് മുസ്‌ലിം വംശഹത്യ അതിന്റെ ഭീഭത്സത ചര്‍ച്ചയാകുന്നു എന്നുകണ്ട സംഘപരിവാരം സിനിമക്കും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എതിരായി ആരംഭിച്ച ആസൂത്രിത വിദ്വേഷ പ്രചാരണങ്ങള്‍ക്കും ജിഹാദി ചാപ്പകള്‍ക്കും ചാര്‍ത്തിനല്‍കിയ ഭീകരവാദ ബന്ധങ്ങള്‍ക്കും അനുപൂരകമായി മികച്ചതെന്ന് അഭിപ്രായപ്പെട്ട അതേ എമ്പുരാനെ കുറിച്ച് 2025 മാര്‍ച്ച് 29 മുതല്‍ ഫേസ് ബുക്ക് ലൈവിലൂടെ അടക്കം വിവാദപരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കല്‍ മേജര്‍ രവി ആരംഭിക്കുകയായിരുന്നു.
മോഹന്‍ലാല്‍ / പൃഥ്വിരാജ്
രവി ഒരു മൈനര്‍ മീനല്ല
‘മോഹന്‍ലാല്‍ ചിത്രം പൂര്‍ണ്ണമായും കണ്ടിട്ടില്ല. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടും. വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ട്. സിനിമ വര്‍ഗ്ഗീയമാണ്’ തുടങ്ങിയ നിലകളിലാണ് മേജര്‍ രവി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരണം സാധ്യമാക്കിയത്.
എന്നാല്‍ 2025 ഏപ്രില്‍ 1 ന് സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രതികരണത്തോടെ മേജര്‍ രവിയുടെ നിലപാടുകളിലെ ഇരട്ടത്താപ്പും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ഏറ്റെടുത്ത സംഘപരിവാര്‍ ക്വട്ടേഷനും മറനീക്കി പുറത്തുവന്നു.
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും
‘എമ്പുരാന്റെ കഥ അറിയില്ലെന്ന് ഞാനോ മോഹന്‍ലാലോ പറഞ്ഞിട്ടില്ല. പൃഥ്വി രാജിനെ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ല.
സിനിമയുടെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. പൃഥ്വി രാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല. ഒരിക്കലും പൃഥ്വി രാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യവുമില്ല. എത്രയോ കാലമായി അറിയാവുന്ന ആളുകളാണ് ഞങ്ങള്‍. ഈ സിനിമ നിമ്മിക്കണമെന്നത് ഞങ്ങള്‍ ഒരുമിച്ചെടുത്തതീരുമാനമാണ്’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
മല്ലിക സുകുമാരന്‍
മേജര്‍ രവിയുടെ വ്യാജ അവകാശവാദങ്ങള്‍ക്കെതിരെ അഭിനേത്രിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ അടക്കം ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ രംഗത്തുവന്നിരുന്നു. മോഹന്‍ലാല്‍ സിനിമ ഷോട്ട് ബൈ ഷോട്ട് കണ്ടുവെന്നും അവസാന പേജിലെ ഡയലോഗ് വരെ അദ്ദേഹത്തിന് കാണാപ്പാഠം അറിയാമെന്നും മേജര്‍ രവിക്കുള്ളത് ദേശസ്‌നേഹമല്ല എന്നുമായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.
ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായിത്തീരും. അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും രവി ആകുലപ്പെടുന്നു
അഭിനേത്രി ഷീല വ്യക്തിപരമായി തനിക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നും ആ ഗര്‍ഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങള്‍ അല്ലേ എന്നും ഷീല കൂട്ടിച്ചേര്‍ത്തു.
ഷീല
പൃഥ്വി രാജ് മോഹന്‍ലാലിനെ ചതിച്ചു എന്ന നിലയിലടക്കമുള്ള കുപ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലുമായി അടുപ്പമുണ്ട് എന്ന പ്രതീതി സൃഷ്ടിച്ച് മേജര്‍ രവി നടത്തുന്ന പൃഥ്വിരാജ് വിരുദ്ധതക്കുപിന്നില്‍ ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ ആസൂത്രിത നീക്കങ്ങളും പ്രൊഫഷണല്‍ ജലസിയുമല്ലാതെ മറ്റൊന്നാകുന്നില്ല.
ഒരുജാതി സമ്മര്‍ദ്ദം
ആര്‍.എസ്.എസ് – ബി.ജെ.പി ഭീഷണികളുടേയും സമ്മര്‍ദ്ദങ്ങളുടേയും ഭാഗമായി നിര്‍മ്മാതാക്കള്‍ തന്നെ റീസെന്‍സറിങ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 24 കട്ടുകള്‍ക്കു ശേഷമാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഭാഷയില്‍ എംബാം ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വിവിധ കലാസാഹിത്യ സാംസ്‌കാരിക യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയടക്കം ഉപാധിരഹിതം പിന്തുണച്ചിട്ടും നിര്‍മ്മാതാക്കള്‍ സംഘപരിവാരത്തിന്റെ ഭീഷണികള്‍ക്ക് വഴങ്ങുകയായിരുന്നു.
ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ നിലവില്‍ മൂന്ന് ലേഖനങ്ങളാണ് എമ്പുരാനും പൃഥ്വിരാജിനുമെതിരെ തുടരെ നല്‍കി വരുന്നത്. പൃഥ്വിരാജിനെ ജിഹാദിയും ‘ദേശവിരുദ്ധനുമായെല്ലാം’ ചാപ്പ കുത്താന്‍ ഓര്‍ഗനൈസര്‍ മടിക്കുന്നില്ല.
ഉണര്‍ത്താന്‍ രവി
2017 ല്‍ ഭരണസമിതിക്കെതിരായ ഗുരുതരമായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റത്. ക്ഷേത്രം ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏറ്റെടുക്കല്‍ പ്രക്രിയ നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുത്തത്. ഇതിനോടുള്ള പ്രതികരണം എന്ന നിലയില്‍ മേജര്‍ രവി ആര്‍.എസ്.എസ് രഹസ്യ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സ്വന്തം ശബ്ദ സന്ദേശം രവിയുടെ തനിനിറം വ്യക്തമാക്കാന്‍ പോന്നതാണ്.
എന്റെ രക്തം തിളക്കുന്നു
മേജര്‍ രവിയാണ് സംസാരിക്കുന്നത് എന്നും താന്‍ ഇപ്പോള്‍ കുമ്മനം രാജശേഖരനുമായി (ബിജെപി സംസ്ഥാന പ്രസിഡന്റ്) സംസാരിച്ചിരുന്നു എന്നും മേജര്‍ രവിയുടെ ശബ്ദത്തിലുള്ള വര്‍ഗ്ഗീയ വിദ്വേഷമുളവാക്കുന്ന ശബ്ദരേഖ ആമുഖമായി പറയുന്നു.
തന്റെ ഉള്ളില്‍ രക്തം തിളക്കുന്നതുകൊണ്ടാണ് കുമ്മനത്തെ വിളിച്ച് സംസാരിച്ചത്. ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായിത്തീരും. അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും രവി ആകുലപ്പെടുന്നു. അതുകൊണ്ടുതന്നെ ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചുവെന്ന് മേജര്‍രവി ഊന്നിപ്പറയുന്നുണ്ട്. തന്റെ ഉള്ളില്‍ രക്തം തിളയ്ക്കുന്നതുകൊണ്ടാണ് കുമ്മനത്തെ വിളിച്ച് സംസാരിച്ചതെന്നും ഒരുമിച്ചു നിന്നില്ലെങ്കില്‍ തീര്‍ന്നുപോകുമെന്നും രവി ആക്രോശിക്കുന്നു.
തുപ്പിക്കൊടുക്കപ്പെടും
ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന സ്ത്രീത്വത്തെ അവഹേളിക്കുകയും പത്രസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്തിയതും മേജര്‍ രവി അല്ലാതെ മറ്റാരുമാകുന്നില്ല.
സിന്ധു സൂര്യകുമാര്‍
ഹിന്ദു ദേവത ദുര്‍ഗ്ഗയെ ലൈംഗിക തൊഴിലാളിയെന്ന് സിന്ധു സൂര്യകുമാര്‍ ആക്ഷേപിച്ചു എന്ന വസ്തുതാവിരുദ്ധമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രവി ഈവിധം സ്വന്തം സംസ്‌കാരം പ്രകടിപ്പിച്ചത്. സ്വന്തം അമ്മയെ അങ്ങനെ ആരെങ്കിലും വിശേഷിപ്പിച്ചാലും സിന്ധു സൂര്യകുമാറിന് പ്രശ്നമൊന്നും ഉണ്ടാകാനിടയില്ലെന്നും രവി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് രവി നിയമ നടപടികള്‍ നേരിടുകയാണ്.
ഇത്തിരി ദേശാഭിമാനം
2014 ല്‍ വിശ്വഹിന്ദു പരിഷത്ത് ദില്ലിയില്‍ സംഘടിപ്പിച്ച ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ മേജര്‍ രവിയും, പ്രിയദര്‍ശനും പ്രഭാഷകരായി പങ്കെടുത്തിരുന്നു. താന്‍ സൈന്യത്തെ സംബന്ധിച്ച് സിനിമകള്‍ നിര്‍മ്മിക്കുന്നത് കേരളത്തിന്റെ ചിലഭാഗങ്ങളില്‍ ഉള്ളവരെ ദേശാഭിമാനം പഠിപ്പിക്കുവാന്‍ വേണ്ടിയാണെന്നും പ്രഭാഷണത്തിന്റെ ഭാഗമായി രവി മറയില്ലാതെ പറഞ്ഞുവെക്കുന്നു.എമ്പുരാനില്‍ ദേശവിരുദ്ധത ആവര്‍ത്തിക്കുന്ന രവി തന്റെ സിനിമകളില്‍ രാജ്യസ്‌നേഹം മാത്രമാണുള്ളതെന്നും; ദേശവിരുദ്ധതയില്ലെന്നും ഊന്നിപ്പറയുന്നു.
പൃഥ്വിരാജിനെ ജിഹാദിയും ‘ദേശവിരുദ്ധനുമായെല്ലാം’ ചാപ്പ കുത്താന്‍ ഓര്‍ഗനൈസര്‍ മടിക്കുന്നില്ല
തന്റെ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെല്ലാം മുസ്‌ലിം നാമധാരികളാണെന്നും കാശ്മീരിലെയും പാക്കിസ്ഥാനിലെയും ആളുകള്‍ക്ക് തന്റെ അച്ഛന്റെ പേര് നല്‍കാന്‍ ആകില്ലല്ലോ എന്നും നിഷ്‌കളങ്കമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രവി ചോദിക്കുമ്പോള്‍ എന്താണ് ഇസ്‌ലാമോഫോബിയ എന്നും മതാധിഷ്ഠിത പൗരത്വം, മതരാഷ്ട്ര പൗരത്വം എന്നിവ എങ്ങനെ ജനതയെ വേര്‍തിരിക്കുന്നു എന്നത് സംബന്ധിച്ചുമുള്ള സംവാദങ്ങളിലേക്ക് അവ സ്വാഭാവികമായും ചെന്നെത്തുന്നു.
ആര്‍.എസ്.എസ് പ്രൊപ്പഗേറ്റഡ് ‘ദേശീയതാ / ദേശവിരുദ്ധ’ സങ്കല്‍പ്പങ്ങളുടെ അക്രമണോത്സുക പൊളിഞ്ഞു വീഴുന്നത് രവിമാര്‍ വായ് തുറക്കുബോള്‍ കൂടിയാണ്. എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളിലും വസതികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നല്‍ പരിശോധന തുടരുമ്പോള്‍ യൂണിയന്‍ ഗവണ്മെന്റ് തങ്ങളുടെ തന്നെ ഏജന്‍സികളെ ഏതുവിധമാണ് വിജോയിക്കുന്നവര്‍ക്കു നേരെ ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ തത്സമയ ഉദാഹരണങ്ങളില്‍ മറ്റൊന്നുകൂടിയായി മാറുന്നു.
അപ്പോള്‍ പറഞ്ഞുവന്നത് ഇതാണ്; രവി, ഒരു മേജര്‍ മീനാണ് !
content highlights: A critical article for Major Ravi who took a stand against the Empuran movie from the Sangh Parivar