ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സ്ഥിരീകരിച്ച് അണ്ണാമലൈ. താന്‍ വീണ്ടും മത്സരത്തിനില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘തമിഴ്നാട് ബി.ജെ.പിയില്‍ ഒരു മത്സരവുമില്ല, ഞങ്ങള്‍ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാന്‍ മത്സരത്തിലില്ല. ഞാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിലല്ല,’ അണ്ണാമലൈ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ എടപ്പാടി കെ. പളനിസ്വാമി ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച കഴിഞ്ഞാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള അണ്ണാമലൈയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടു-ലീഫ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഇതാണ് രാജിക്ക് കാരണമായതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Annamalai says he will not contest anymore; will step down from the post of Tamil Nadu BJP presidentV