കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ തുരുത്തി ദളിത് കോളനിയിലൂടെയുള്ള ദേശീയപാത വികസനത്തിന്റെ 3ഡി അലൈന്‍മെന്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുരുത്തി നിവാസിയായ പ്രദീപ് എ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ബദല്‍മാര്‍ഗങ്ങളുണ്ടായിട്ടും മുപ്പതോളം കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ടുള്ള ഭൂമിയേറ്റെടുക്കലിനെതിരെ ഒരു മാസത്തിലധികമായി തുരുത്തി നിവാസികള്‍ സമരം ആരംഭിച്ചിട്ട്.
തുരുത്തിയിലെ സമരത്തിന് ദളിത് സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും പിന്തുണയുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയ്യാറാക്കിയിരുന്നത്. ഇതില്‍ ആദ്യ രണ്ട് അലൈന്‍മെന്റുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. ഒന്നാമത്തെ അലൈന്‍മെന്റ് ആര്‍ക്കും ഉപദ്രവകരമല്ലെന്നിരിക്കെയാണ് നാലുവളവുകളോട് കൂടിയുള്ള മൂന്നാമത്തെ അലൈന്‍മെന്റ് അധികൃതര്‍ തെരഞ്ഞെടുത്തത്.
വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ദൂരത്തിലെ ഈ വളവുകള്‍ കാരണമാണ് ഈ കുടുംബങ്ങള്‍ക്ക് കുടിയിറങ്ങേണ്ടി വരുന്നത്. 50 മീറ്റര്‍ വിട്ട് ദേശീയപാത നിര്‍മിക്കാമെന്നിരിക്കെയാണ് പരിസ്ഥിതി പ്രധാന്യമുള്ള മേഖലയിലൂടെ റോഡ് നിര്‍മ്മിക്കുന്നത്.