തുരുത്തി ബൈപ്പാസ് ഭൂമി ഏറ്റെടുക്കല്‍; പി.കെ.എസ് വാദങ്ങള്‍ പച്ചക്കള്ളമെന്ന് വിവരാവകാശ രേഖ
Dalit Life and Struggle
തുരുത്തി ബൈപ്പാസ് ഭൂമി ഏറ്റെടുക്കല്‍; പി.കെ.എസ് വാദങ്ങള്‍ പച്ചക്കള്ളമെന്ന് വിവരാവകാശ രേഖ
ആര്യ. പി
Saturday, 16th June 2018, 3:08 pm

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തി ബൈപാസ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ഇറക്കിയ നോട്ടീസില്‍ പറയുന്ന വാദങ്ങള്‍ കള്ളമെന്ന് വിവരാവകാശരേഖ.

നഷ്ടപ്പെടുന്ന ഭൂമിക്ക് 4 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയില്‍ വില ലഭിക്കുന്നതാണെന്നും വീടിന്റെ കാലപ്പഴക്കം നോക്കാതെ അതുപോലൊരു വീട് നിര്‍മിക്കുവാന്‍ ചിലവ് വരുന്നതിന്റെ ഇരട്ടി തുക ലഭ്യമാക്കുന്നതാണെന്നും വീട് നഷ്ടപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷക്കാലം(പുതിയ വീട് നിര്‍മിക്കാനെടുക്കുന്ന കാലയളവ്) മാസം 5000 രൂപ വീതം ലഭിക്കുന്നതാണ് എന്നും കണ്ണൂര്‍ കളക്ടറുടെ നേതൃത്വത്തില്‍ കുടുംബങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതായിട്ടായിരുന്നു പി.കെ.എസ് പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ വാദങ്ങളെല്ലാം പച്ചക്കളമാണന്നാണ് വിവരാവകാശ രേഖ പ്രകാരം സ്പെഷ്യല്‍ ഡ്യൂട്ടി കളക്ടര്‍ എല്‍എ (എന്‍.എച്ച്.എ.ഐ ) കണ്ണൂര്‍, തളിപ്പറമ്പില്‍ നിന്നും ലഭിച്ച മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്.


Also Read മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലീങ്ങളെ തല്ലിക്കൊന്ന പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വരെ പോകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി


ദേശീയപാത വികസനം, വിവരാവകാശ നിയമം 2005 ഭൂമി വിലയെ സംബന്ധിച്ചായിരുന്നു വിവരാവകാശ പ്രകാരം ചോദ്യം ഉന്നയിച്ചത്.

എന്നാല്‍ ദേശീയ പാതക്കായി സ്ഥലം ഏറ്റെടുക്കുന്ന തളിപ്പറമ്പില്‍ ഇതുവരെ ആയി സ്ഥലത്തിന് വില നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരാവകാശരേഖയില്‍ പറയുന്നത്. എന്നാല്‍ സെന്റിന് ആറു ലക്ഷം രൂപ വില നിശ്ചയിച്ചതായി പി.കെ.എസ് ഇറക്കിയ നോട്ടീസില്‍ പറഞ്ഞിരുന്നു.

മാത്രമല്ല ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ അറിയിക്കാന്‍ ഈ ഓഫീസില്‍ നിന്നും ഒരു എജന്‍സിയെയും ഏല്‍പിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള തുരുത്തി ബൈപ്പാസ് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകളും തെറ്റിദ്ധാരണകളും ഏറെയാണെന്നും സര്‍വേ പ്രകാരം 15 വീടുകളാണ് ബൈപ്പാസിന് വേണ്ടി തുരുത്തി പ്രദേശത്ത് പൊളിച്ചുനീക്കേണ്ടി വരിയെന്നും പി.കെ.എസ് അവരുടെ നോട്ടീസില്‍ പറഞ്ഞിരുന്നു.

അതില്‍ ഭൂരിപക്ഷം വീടുകളും പട്ടികജാതി കുടുംബങ്ങളുടേതുമാണെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ പട്ടിക ജാതി ക്ഷേമ സമിതി പി.കെ.എസ് പാപ്പിനിശ്ശേരി ഈസ്റ്റ് വില്ലേറ്റ് കമ്മിറ്റി അലൈന്‍മെന്റ് മാറ്റിക്കിട്ടേണ്ടതിലേക്ക് നിവേദനമായി അധികൃതരെ സമീപിച്ചെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞത്.

2018 ഫെബ്രുവരി 3 ന് ഇത് സംബന്ധിച്ച് നിവേദനവുമായി കണ്ണൂര്‍ ജില്ലാ കളക്ടറെ ആദ്യമായി സമീപിച്ചത് പി.കെ.എസിന്റെ പാപ്പിനിശേരിയുടെ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘമായിരുന്നു എന്നും ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട അലൈന്‍മെന്റ് 50 മീറ്ററോളം പടിഞ്ഞാറോട്ട് മാറ്റി പട്ടികജാതിക്കാരുള്‍പ്പെടെ 15 വീടുകളേയും സംരക്ഷിക്കണം എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കളക്ടര്‍ക്ക് വിശദമായ രൂപരേഖ സമര്‍പ്പിച്ചിരുന്നെന്നും പി.കെ.എസ് പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞിരുന്നു.

6-2-2018 ന് പി.കെ.എസ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് ചെന്ന് മന്ത്രി എ.കെ ബാലനും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറിയെന്നും ഇവര്‍ പറയുന്നു.

പ്രശ്നപരിഹാരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ പി.കെ.എസ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12-3-18 ന് തളിപ്പറമ്പിലുള്ള ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് വീട് നഷ്ടപ്പെടുന്നവരുടെ മാര്‍ച്ചും ധര്‍ണയും ഓഫീസിന് മുന്‍പില്‍ സംഘടിപ്പിച്ചെന്നും ഇതിന്റെയെല്ലാം ഫലമായിട്ടാണ് വീട് നഷ്ടപ്പെടുന്നവര്‍ക്ക് നോട്ടീസയച്ച് വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ പാത അധികൃതര്‍ തയ്യാറായത് എന്നുമായിരുന്നു പി.കെ.എസ്സിന്റെ അവകാശവാദം.

എന്നാല്‍ ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ അറിയിക്കാന്‍ ഈ ഓഫീസില്‍ നിന്നും ഒരു എജന്‍സിയെയും ഏല്‍പിച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത 5 കുടുംബക്കാര്‍ രണ്ട് പുതിയ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നായിരുന്നു പി.കെ.എസ് പറഞ്ഞിരുന്നത്.


Also Read “ഗൗരി ലങ്കേഷിനെ കൊന്നത് എന്റെ മതത്തെ രക്ഷിക്കാന്‍”; കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്നും പ്രധാന പ്രതിയുടെ കുറ്റസമ്മതം


നഷ്ടപ്പെടുന്ന ഭൂമിക്ക് സെന്റിന് 6 ലക്ഷം രൂപ വെച്ച് കിട്ടണമെന്നും തുരുത്തിയില്‍ തന്നെ വീട് നിര്‍മ്മിക്കാനാവശ്യമായ ഭൂമി അക്വയര്‍ ചെയ്തു നല്‍കണമെന്നുമായിരുന്നു അതെന്നും രണ്ട് നിര്‍ദേശങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍വെക്കാം എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വാക്കുനല്‍കുക മാത്രമാണ് ഉണ്ടായതെന്നും അതുകൊണ്ട് തന്നെ ദേശീയപാത ഉന്നതാധികാരികളില്‍ നിന്ന് രേഖാമൂലമായ ഉറപ്പ് നേടണം എന്ന ആലോചനയുടെ ഭാഗാമായി പി.കെ.എസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അഞ്ച് കുടുംങ്ങള്‍ 30-4-21018 ന് കണ്ണൂര്‍ ജില്ലാ കളക്ടറെ വീണ്ടും കണ്ടുവെന്നും പി.കെ.എസ് അവകാശപ്പെട്ടിരുന്നു.

5 സെന്റ് ഭൂമിയില്‍ 3 സെന്റ് മാത്രമേ ദേശീയപാതയ്ക്ക് ആവശ്യമുള്ളൂവെങ്കിലും 5 സെന്റ് ഭൂമി ഏറ്റെടുക്കണമെന്ന് കൂടിക്കാഴ്ചയില്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതായിട്ടായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. കൂടിക്കാഴ്ചയുടെ തീരുമാനപ്രകാരം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരുടേയും വീട് നഷ്ടപ്പെടുന്ന 5 കുടുംബങ്ങളുടേയും യോഗം 4-5-18 ന് കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്തുവെന്നുമായിരുന്നു പി.കെ.എസ് അവകാശപ്പെട്ടത്. ഈ യോഗത്തില്‍ വെച്ച് ദേശീയപാത അധികൃതരില്‍ നിന്നും ചില ഉറപ്പുകള്‍ ലഭിച്ചുവെന്നുമായിരുന്നു പി.കെ.എസ് പറയുന്നു.

പി.കെ.എസ് പ്രചരിപ്പിച്ച ഉറപ്പുകള്‍ ഇങ്ങനെ..

1-നഷ്ടപ്പെടുന്ന ഭൂമിക്ക് 4 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയില്‍ വില ലഭിക്കുന്നതാണ്

2-വീടിന്റെ കാലപ്പഴക്കം നോക്കാതെ നിലവിലുള്ള വീട് അതുപോലൊരു വീട് നിര്‍മിക്കുവാന്‍ ചിലവ് വരുന്നതിന്റെ ഇരട്ടി തുക ലഭ്യമാക്കുന്നതാണ്

3-വീട് നഷ്ടപ്പെടുന്നവര്‍ക്ക്‌ ഒരു വര്‍ഷക്കാലം(പുതിയ വീട് നിര്‍മിക്കാനെടുക്കുന്ന കാലയളവ്) മാസം 5000 രൂപ വീതം ലഭിക്കുന്നതാണ്

4-വീടിന്റെ നഷ്ടപരിഹാര സംഖ്യക്ക് പുറമെ 3 ലക്ഷത്തില്‍ കുറയാത്ത സംഖ്യ പുനരധിവാസത്തിന് പ്രത്യേകം ലഭിക്കുന്നതാണ്

5- തുരുത്തിയില്‍ തന്നെ ഭൂമി ലഭ്യമാക്കുകയാണെങ്കില്‍ ഡാറ്റാബാങ്ക് വ്യവസ്ഥ ഒഴിവാക്കി വീട് നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കാനായി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെടുന്നതാണ്

ഒരു തരത്തിലും അലൈന്‍മെന്റ് മാറ്റുവാന്‍ ദേശീയപാത അതോറിറ്റി തയ്യാറാകാത്ത സാഹചര്യത്തില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നേട്ടമുണ്ടാകുന്ന വിധത്തിലുള്ള ഒരു പാക്കേജ് നേടിയെടുക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് തുരുത്തി ബൈപ്പാസ് പ്രശ്നത്തില്‍ പി.കെ.എസ് വില്ലേജ് കമ്മിറ്റി കൈകൊണ്ടുപോന്നിട്ടുള്ളതെന്നും നഷ്ടപരിഹാര തുക ലഭ്യമാക്കുന്ന കാര്യത്തില്‍ പി.കെ.എസ് ജാഗ്രതയോടെ അവര്‍ക്കൊപ്പമുണ്ടാകുമെന്നുമായിരുന്നു പി.കെ.എസ് പാപ്പിനിശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറിയുടെ പേരില്‍ പുറത്തിറക്കി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളങ്ങള്‍ മാത്രമാണെന്നാണ് വിവരാവകാശ രേഖയില്‍ നിന്നും ഇപ്പോള്‍ വ്യക്തമാകുന്നത്.


Also Read പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി


പാപ്പിനിശ്ശേരിയിലെ തുരുത്തി ദളിത് കോളനിയിലൂടെയുള്ള ദേശീയപാത വികസനത്തിന്റെ 3ഡി അലൈന്‍മെന്റ് ഹൈക്കോടതി ജൂണ്‍ ഒന്നിന് സ്റ്റേ ചെയ്തിരുന്നു തുരുത്തി നിവാസിയായ പ്രദീപ് എ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ബദല്‍മാര്‍ഗങ്ങളുണ്ടായിട്ടും മുപ്പതോളം കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ടുള്ള ഭൂമിയേറ്റെടുക്കലിനെതിരെ ഒരു മാസത്തിലധികമായി തുരുത്തി നിവാസികള്‍ സമരം ആരംഭിച്ചിട്ട്.

തുരുത്തിയിലെ സമരത്തിന് ദളിത് സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും പിന്തുണയുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയ്യാറാക്കിയിരുന്നത്.

ഇതില്‍ ആദ്യ രണ്ട് അലൈന്‍മെന്റുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. ഒന്നാമത്തെ അലൈന്‍മെന്റ് ആര്‍ക്കും ഉപദ്രവകരമല്ലെന്നിരിക്കെയാണ് നാലുവളവുകളോട് കൂടിയുള്ള മൂന്നാമത്തെ അലൈന്‍മെന്റ് അധികൃതര്‍ തെരഞ്ഞെടുത്തത്.

വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ദൂരത്തിലെ ഈ വളവുകള്‍ കാരണമാണ് ഈ കുടുംബങ്ങള്‍ക്ക് കുടിയിറങ്ങേണ്ടി വരുന്നത്. 50 മീറ്റര്‍ വിട്ട് ദേശീയപാത നിര്‍മിക്കാമെന്നിരിക്കെയാണ് പരിസ്ഥിതി പ്രധാന്യമുള്ള മേഖലയിലൂടെ റോഡ് നിര്‍മ്മിക്കുന്നത്.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.