IPL
ഒരേസമയം ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന മത്സരം; ഹെഡിന്റെ റെസ്യൂമെയില്‍ പോസിറ്റീവും നെഗറ്റീവുമായ ഇന്നിങ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 04:04 pm
Thursday, 17th April 2025, 9:34 pm

 

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പരാജയങ്ങളേറ്റുവാങ്ങി ഐ.പി.എല്‍ 2025ന്റെ പോയിന്റ് പട്ടികയിലെ അവസ്ഥാന സ്ഥാനങ്ങളില്‍ ഇടം നേടിയ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള ഹോം ടീം മുംബൈ ഇന്ത്യന്‍സും ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് വാംഖഡെയില്‍ കൊമ്പുകോര്‍ക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ട്രാവിസ് ഹെഡിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 29 പന്ത് നേരിട്ട് 28 റണ്‍സ് മാത്രമാണ് സൂപ്പര്‍ താരത്തിന് സാധിച്ചത്. മൂന്ന് ഫോര്‍ മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. വില്‍ ജാക്‌സിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറിന് ക്യാച്ച് നല്‍കിയായിരുന്നു ഹെഡിന്റെ മടക്കം.

തന്റെ ടി-20 കരിയറിലെ ഏറ്റവും മോശം ഇന്നിങ്‌സുകളിലൊന്നാണ് മുംബൈയില്‍ പിറവിയെടുത്തത്. 96.55 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്. കരിയറിലെ ഏറ്റവും മോശം അഞ്ചാമത് സ്‌ട്രൈക്ക് റേറ്റാണിത്.

ടി-20യില്‍ ട്രാവിസ് ഹെഡിന്റെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുകള്‍  (ചുരുങ്ങിയത് 25 പന്തുകള്‍)

(സ്‌ട്രൈക്ക് റേറ്റ് – എതിരാളികള്‍ –

59 vs മെല്‍ബണ്‍ റെനെഗെഡ്‌സ് – 2023

92 vs ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – 2016

92 vs മിഡില്‍സെക്‌സ് – 2021

92 vs ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് – 2017

97 – മുംബൈ ഇന്ത്യന്‍സ് – 2025*

 

മോശം റെക്കോഡ് പിറന്ന ഇതേ മത്സരത്തില്‍ തന്നെ ഹെഡിന്റെ പേരില്‍ ഒരു ഐ.പി.എല്‍ റെക്കോഡും പിറവിയെടുത്തിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ 1,000 ഐ.പി.എല്‍ റണ്‍സ് പൂര്‍ത്തിയാക്കിയ ഹെഡ്, നേരിട്ട പന്തുകളുടെ എണ്ണത്തില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ രണ്ടാമത് താരമെന്ന നേട്ടവും സ്വന്തമാക്കി.

ഏറ്റവും വേഗത്തില്‍ 1,000 ഐ.പി.എല്‍ റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍)

(താരം – പന്ത് എന്നീ ക്രമത്തില്‍)

ആന്ദ്രേ റസല്‍ – 545

ട്രാവിസ് ഹെഡ് – 575

ഹെന്‌റിക് ക്ലാസന്‍ – 594

വിരേന്ദര്‍ സേവാഗ് – 604

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 610

ഹെഡ് നിരാശപ്പെടുത്തിയ മത്സരത്തില്‍ അഭിഷേക് ശര്‍മ (28 പന്തില്‍ 40), ഹെന്‌റിക് ക്ലാസന്‍ (28 പന്തില്‍ 37), അനികേത് വര്‍മ (എട്ട് പന്തില്‍ 18) എന്നിവരുടെ ഇന്നിങ്‌സാണ് സണ്‍റൈസേഴ്‌സിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്.

മുംബൈ ഇന്ത്യന്‍സിനായി വില്‍ ജാക്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

Content Highlight: IPL 2025: MI vs SRH: Travis Head’s poor performance against Mumbai Indians