കോഴിക്കോട്; നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി.എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രാഥമിക ഫലം നെഗറ്റീവ് ആയതിനാല്‍ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കില്ല.
നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാമ്പിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.
നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് കോഴിക്കോട്ടെത്തും. പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധന സംഘവും ഐ.സി.എം.ആറില്‍ നിന്നുള്ള സംഘവും പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്ന സംഘവുമാണ് കോഴിക്കോട്ടെത്തുക. ഇവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവര്‍ത്തിക്കും.
കോഴിക്കേടിന് പുറമെ വയനാട് ജില്ലയിലും നിപ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ആയഞ്ചേരി, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, തിരുവള്ളൂര്‍, വില്യപ്പള്ളി, കാവിലും പാറ എന്നീ പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തണമെന്ന് പൊലീസിനും തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാര്‍ക്കും കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി.
വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണമെന്നും. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല എന്നും കളക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ് എന്നും കളക്ടര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് പരിധിയിലുള്ള വാര്‍ഡുകളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ മാത്രമേ തുറക്കുകയുള്ളൂ. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. മരുന്ന് ഷോപ്പുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധി ഉണ്ടാകില്ല.
ബാങ്കുകള്‍, സ്‌കൂളുകള്‍, അംഗണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വില്ലേജ് ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കും. അതേസമയം പൊതുജനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകള്‍
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍.
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍.
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍.
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍.
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍
കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0495 2383 100, 0495 2383 101, 0495 2384 100, 0495 2384 101, 0495 2386 100 എന്നീ നമ്പറുകളില്‍ വിളിക്കാം.