2024 വിമണ്‍സ് ഏഷ്യാ കപ്പിനുള്ള യു.എ.ഇ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മൂന്ന് മലയാളി താരങ്ങള്‍. കൗതുകം എന്തെന്നാല്‍ ഈ മൂന്ന് ആളുകളും സഹോദരിമാരാണ് എന്നുള്ളതാണ്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ഋതിക രജിത്, റിനിത, റിഷിത എന്നിവരാണ് യു.എ.ഇ ടീമില്‍ ഇടം നേടിയത്.
ഇരുവരും നേരത്തെ തന്നെ യു.എ.ഇ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ അംഗങ്ങള്‍ ആയിരുന്നു. ഇവിടെ നിന്നുമാണ് ഇവര്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് ടീമിന്റെ ഭാഗമാവുകയും ചെയ്തത്.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി യു.എ.ഇ ക്രിക്കറ്റിന്റെ ഭാഗമാണ് മൂവരും. എന്നാല്‍ ഇത്തവണ ആദ്യമായിട്ടാണ് മൂവരും ഒരുമിച്ച് കളിക്കുന്നത്. 1980കളില്‍ വയനാട് ജില്ലാ ടീമിന്റെ മുന്‍ താരമായിരുന്ന പിതാവ് രഞ്ജിത്തിന്റെ മികച്ച പരിശീലനത്തിലൂടെയാണ് ഇവര്‍ ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ചത്.
2023ല്‍ കെനിയതിരെയുള്ള രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് റിഷിത യു.എ.ഇക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. റിഷിതയുടെ മൂത്ത സഹോദരിയായ റിതിക 2022ല്‍ ആയിരുന്നു തന്റെ യു.എ.ഇ ടീമിനൊപ്പം ഉള്ള യാത്ര ആരംഭിച്ചത്. ജി.ജി.സി വനിതാ ടി-20 ചാമ്പ്യന്‍ഷിപ്പില്‍ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്.
🇦🇪 UAE’s Asia Cup squad is here!
Esha Oza leads the charge! 🔥 #CricketTwitter #T20AsiaCup pic.twitter.com/qkz8jskwZf
— Female Cricket (@imfemalecricket) June 27, 2024
അതേസമയം ഏഷ്യാകപ്പിന്റെ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് യു.എ.ഇ ഇടം നേടിയിട്ടുള്ളത്. യു.എ.ഇക്കൊപ്പം ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരയ്ക്കുന്നത്. ജൂലൈ 19നാണ് ടൂര്‍ണമെന്റിലെ യു.എ.യുടെ ആദ്യ മത്സരം.
ദംഗിരി ദാംബുള്ള സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇതിനുശേഷം ജൂലൈ 21ന് ഇന്ത്യയ്‌ക്കെതിരെയും 23ന് പാകിസ്ഥാനെതിരെയും യു.എ.ഇ മത്സരിക്കും. ജൂലൈ 26ന് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരവും 28ന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.
2022ലെ ഏഷ്യ കപ്പില്‍ ആറു മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമേ യു.എ.ഇക്ക് നേടാന്‍ സാധിക്കുള്ളൂ. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ടൂര്‍ണമെന്റ് കൂടി മുന്നിലെത്തുമ്പോള്‍ ശക്തമായി തിരിച്ചുവരാന്‍ തന്നെയായിരിക്കും യു.എ.ഇ ലക്ഷ്യമിടുക.
2024ലെ വിമണ്‍സ് ഏഷ്യാ കപ്പിനുള്ള യു.എ.ഇ സ്‌ക്വാഡ്
ഇഷ ഒസ (ക്യാപ്റ്റന്‍), എമിലി തോമസ് (വിക്കറ്റ് കീപ്പര്‍), ഹീന ഹോത്ചന്ദനി, ഇന്ദുജ നന്ദകുമാര്‍, കവിഷ കുമാരി, ഖുഷി ശര്‍മ, ലാവണ്യ കെനി, മെഹക് താക്കൂര്‍, റിനിത രജിത്ത്, റിതിക രജിത്ത്, റിഷിത രജിത്ത്, സമൈര ധര്‍ണിധാര്‍ക്ക, സുരക്ഷാ കോട്ടെ, തീര്‍ത്ഥ സതിഷ്ട്‌ടേ, വൈഷ്ണവ് മഹേഷ്.
Content Highlight: Three Malayali sisters in the UAE Cricket Team