പാലക്കാട്: പാലക്കാട്ടെ പി.വി അന്‍വറിന്റെ റോഡ് ഷോ പരിപാടിക്ക് ഏജന്റ് വഴി എത്തിയതാണെന്ന് പറഞ്ഞ യുവതിയെ അന്‍വറിന്റെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. യുവതിയെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ന്യൂസ് 24×7 മലയാളം ന്യൂസാണ് പുറത്തുവിട്ടത്.
ആരെങ്കിലും നില്‍ക്കാന്‍ പറഞ്ഞോ എന്നും ഡി.എം.കെ വിളിച്ചിട്ടാണോ നിങ്ങള്‍ വന്നതെന്നും ആരാണ് നിങ്ങളോട് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പറഞ്ഞതെന്നുമാണ് പ്രവര്‍ത്തകന്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുന്നത്.
റാലിയില്‍ പങ്കെടുത്തത് പരിചയക്കാരന്‍ പറഞ്ഞ പ്രകാരമാണെന്നും ഒരാള്‍ വന്ന് ചോദിച്ചപ്പോള്‍ ഷൂട്ടിങിനും കാറ്ററിങ്ങിനും പോകുന്ന ആളാണെന്നും പറഞ്ഞുവെന്നുമാണ് സ്ത്രീ വീഡിയോയില്‍ പ്രവര്‍ത്തകനോട് പറയുന്നത്.
അന്‍വറിന്റെ റോഡ്‌ഷോയില്‍ പങ്കെടുത്തവരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ടെന്ന രീതിയില്‍ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പി.വി അന്‍വര്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരുന്നു.
റാലിയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അവരുടെ ബുദ്ധി നിങ്ങള്‍ക്കറിയാമല്ലോയെന്നും നേരത്തെ തന്നെ ചില സ്ത്രീകളെ റാലിയിലേക്ക് കയറ്റിവിടുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
ഡി.എം.കെ റാലിയിലേക്ക് കൂലിക്കാരെ കൊണ്ടുവന്നുവെന്നത് വ്യാജപ്രചരണമാണെന്നും സി.പി.എമ്മോ കോണ്‍ഗ്രസിലെ ഒരു വിഭാഗമോ ആയിരിക്കാം ഇതിന് പിന്നിലെന്നും അന്‍വര്‍ പ്രതികരിച്ചിരുന്നു.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടെന്ന് വിഡിയോകള്‍ വന്നിരുന്നു. കൊടുവായൂരില്‍ നിന്നും വരുന്നതാണെന്നും ഇത്തരത്തില്‍ ഷൂട്ടിങ്ങുകള്‍ക്കായി എറണാകുളത്തൊക്കെ പോയിട്ടുണ്ടെന്നും, ഗുരുവായൂര്‍ അമ്പലനടയിലിന്റെയും ഷൂട്ടിന് പോയിട്ടുണ്ടെന്നുമായിരുന്നു സ്ത്രീ വീഡിയോയില്‍ പറഞ്ഞിരുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റാണോ എന്ന ചോദ്യത്തിന് അല്ലെന്നും ഞങ്ങള്‍ ഏജന്റ് വിളിച്ചിട്ട് വരുന്നതാണെന്നും പതിനഞ്ചോളം പേര്‍ ഏജന്റ് വിളിച്ചിട്ട് വന്നിട്ടുണ്ടെന്നും, ഇത്തരത്തില്‍ വേറെയും കുറേ ആളുകള്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ടെന്നും സ്ത്രീ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞിരുന്നു.
Content Highlight: Threat to woman who said she came to Anwar’s road show for money; Video