സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായാണ് നാനി സിനിമാജീവിതം ആരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ ഈഗ എന്ന ചിത്രത്തിലൂടെയാണ് നാനി നായകനായി അരങ്ങേറിയത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തെലുങ്കിലെ മുന്‍നിരയില്‍ നാനി ഇടംപിടിച്ചു. നിര്‍മാതാവെന്ന നിലയിലും നാനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നാനിയെക്കുറിച്ച് പലരും സംസാരിക്കുമ്പോള്‍ സൂചിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് തമിഴ് നടന്‍ ശിവകാര്‍ത്തികേയനുമായുള്ള സാമ്യത. ഇരുവരെയും കാണാന്‍ ഏറെക്കുറെ ഒരുപോലെയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് 3യുടെ ട്രെയ്‌ലറിന്റെ കമന്റ് ബോക്‌സിലും ശിവകാര്‍ത്തികേയനുമായുള്ള സാമ്യതയെപ്പറ്റി പലരും സംസാരിക്കുന്നുണ്ട്. ഇതിനോട് പ്രതികരിക്കുകയാണ് നാനി.
തന്നോടും പലരും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് നാനി പറഞ്ഞു. താനും ശിവകാര്‍ത്തികേയനും ഈയിടെ തമ്മില്‍ കണ്ടെന്നും ശിവകാര്‍ത്തികേയനോടും പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നെന്നും നാനി കൂട്ടിച്ചേര്‍ത്തു. ലുക്കില്‍ മാത്രമല്ല തങ്ങള്‍ തമ്മില്‍ സാമ്യതയുള്ളതെന്നും കരിയര്‍ നോക്കിയാലും പല കാര്യങ്ങളും ഒരുപോലെയാണെന്നും നാനി പറയുന്നു.
തങ്ങള്‍ രണ്ടുപേരും വി.ജെയായാണ് കരിയര്‍ ആരംഭിച്ചതെന്നും നാനി പറഞ്ഞു. പിന്നീട് താന്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തിയെന്നും ശിവകാര്‍ത്തികേയന്‍ സഹനടനായി സിനിമയിലേക്കെത്തിയെന്നും നാനി കൂട്ടിച്ചേര്‍ത്തു. തുടക്കകാലത്ത് തങ്ങള്‍ ചെയ്ത സിനിമകള്‍ തമ്മിലും സാമ്യതയുണ്ടായിരുന്നെന്നും നാനി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു നാനി.
‘ശിവയെയും എന്നെയും കാണാന്‍ ഒരുപോലെയുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെപ്പോലെയുണ്ടെന്ന് ശിവയോടും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും അടുത്തിടെ കണ്ടപ്പോള്‍ ഈ കാര്യം സംസാരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ലുക്കില്‍ മാത്രമല്ല, ഞങ്ങളുടെ കരിയര്‍ എടുത്ത് നോക്കിയാലും ഈ സിമിലാരിറ്റി കാണാന്‍ സാധിക്കും.
വി.ജെയായിട്ടാണ് ഞാന്‍ കരിയര്‍ തുടങ്ങിയത്. ശിവയാണെങ്കില്‍ റിയാലിറ്റി ഷോയുടെ ഹോസ്റ്റായിരുന്നു. പിന്നീട് ഞാന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി. ശിവയും ഞാനും ആദ്യകാലങ്ങളില്‍ ചെയ്ത സിനിമകള്‍ നോക്കിയാല്‍ അതിലും ഈ സാമ്യത കാണാന്‍ സാധിക്കും. അതൊക്കെ വെറും കോ ഇന്‍സിഡന്‍സാണ്,’ നാനി പറഞ്ഞു.
Content Highlight: Nani saying about his similarities with Sivakarthikeyan