Kerala News
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ സംവിധായകനാണെന്ന വിവരം ഖാലിദ് റഹ്‌മാന്‍ മറച്ചുവെച്ചെന്ന് എക്‌സൈസ്; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 05:06 am
Sunday, 27th April 2025, 10:36 am

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും എക്‌സൈസ് പിടികൂടിയപ്പോള്‍ ഖാലിദ് റഹ്‌മാന്‍ താന്‍ സംവിധായകനാണെന്ന വിവരം മറച്ച് വെക്കാന്‍ ശ്രമിച്ചെന്ന് എക്‌സൈസ് പറഞ്ഞതായി റിപ്പോര്‍ട്ട്.

സംവിധായകരെ ലക്ഷ്യമിട്ടായിരുന്നില്ല എക്‌സൈസ് ഫ്‌ളാറ്റില്‍ റെയ്ഡ്‌ നടത്തിയത്. മറിച്ച് പ്രവാസിയായ ഷാലിഫ് മുഹമ്മദിനെ തേടിയാണ് എക്‌സൈസ് സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റിലെത്തിയത്.

ഇതിനിടെയാണ് ഷാലിഫിന്റെ കൂടെയുണ്ടായിരുന്ന പ്രമുഖ സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. ഇരുവരേയും ആദ്യം തിരിച്ചറിയാന്‍ എക്‌സൈസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരോട് എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ പ്രതികരിച്ചതായി എക്‌സൈസ് പറഞ്ഞു.

പിന്നീട് ഇവരെക്കുറിച്ച് അറിയാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിളില്‍ അടക്കം തെരഞ്ഞപ്പോഴാണ് ഇരുവരും പ്രമുഖ സംവിധായകരാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറൈന്‍ ഡ്രൈവില്‍ ജഡ്ജിമാര്‍ അടക്കം താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നാണ് സംവിധായകരെ പിടികൂടിയത്.

 ലഹരി ഉപയോഗിക്കുന്ന സിനിമ മേഖലയിലെ സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയും ടെക്‌നീഷ്യന്മാരുടേയും പേരുകള്‍ ഇവര്‍ എക്‌സൈസിനോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ ജിംഖാന, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, തല്ലുമാല, ലൗ എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകനായ അഷറ്ഫ് ഹംസ തല്ലുമാലയുടെ സഹരചയിതാവ് കൂടിയാണ്.

ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ട് മണിയോടെ അറസ്റ്റിലായ സംവിധായകര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഫെഫ്കയുടെ നടപടി. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും നിയമനടപടി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് മലയാള സിനിമയില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നത്.

Content Highlight: Excise report says Khalid Rahman hide information about  his director identity when caught in hybrid cannabis case