കല്‍പറ്റ: വയനാട് തൊവരിമല ഭൂ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് കലക്ടറേറ്റിലേക്ക് വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക, ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുക, അറസ്റ്റ് ചെയ്ത സമരനേതാക്കളെ വിട്ടയക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറേറ്റിന് മുന്നില്‍ പതിനൊന്നു ദിവസമായി നടന്നു വരുന്ന തൊവരിമല ഭൂസമരക്കാര്‍ക്ക് പിന്തുണയുമായി മാര്‍ച്ച് സംഘടിപ്പിച്ചത്.
തൊവരിമലയില്‍ ആദിവാസികള്‍ കയറിയ 104 ഹെക്ടര്‍ ഭൂമി വനഭൂമിയാണെന്ന വാദം ശുദ്ധകള്ളമാണ്. വയനാട് ജില്ലയില്‍ മാത്രം അറുപതിനായിരം ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് പതിച്ചു കൊടുക്കാന്‍ മാധവമേനോന്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ആദിവാസി ഗോത്രമഹാസഭ കോഡിനേറ്ററും ഭൂഅധികാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറുമായ എം.ഗീതാനന്ദന്‍ പറഞ്ഞു.
കുടില്‍കെട്ടി മുത്തങ്ങ സമരത്തെ തുടര്‍ന്ന് ആദിവാസി പുനരധിവാസത്തിനായി ആറായിരത്തില്‍ അധികം നിക്ഷിപ്ത വനഭൂമിയാണ് സര്‍ക്കാര്‍ വയനാട് ഏറ്റെടുത്തിട്ടുള്ളത്. ഈ ഭൂമി ഇതുവരെ വിതരണം ചെയ്തിട്ടില്ല. തൊവരിമല ഉള്‍പ്പടെയുള്ള നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് അടിയന്തിരമായി പതിച്ചു നല്‍കണമെന്നും ഹാരിസണ്‍സ് ഭൂമിയേറ്റെടുക്കാന്‍ സമഗ്ര നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹാരിസണ്‍സ് ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ മുഴുവന്‍ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമി ഹാരിസണ്‍സ് മലയാളത്തിന് തിരിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ ഗൂഡാലോചനയുടെ ഭാഗമാണ് ആദിവാസികളെയും ഭൂരഹിതരെയും തൊവരിമലയില്‍ നിന്ന് പോലീസിനെ ഉപയോഗിച്ച് അടിച്ചിറക്കിയതെന്നും ഇടതുപക്ഷമെന്നവകാശപ്പെടുന്ന സര്‍ക്കാരിന് ഇത് ഭൂഷണമല്ലെന്നും എം.ഗീതാനന്ദന്‍ അഭിപ്രായപ്പെട്ടു.
കെ ശിവരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീരാമന്‍ കൊയ്യോന്‍ ( അരിപ്പ ഭൂസമര സമിതി), അമ്മിണി കെ.വയനാട് ( സാമൂഹിക പ്രവര്‍ത്തക ), ടി.കെ.വാസു ( ലാലൂര്‍ സമര സമിതി നേതാവ് ), ഐ.ഗോപിനാഥ് ( മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ ), എം.കെ.ദാസന്‍ (സി.പി.ഐ (എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി ), സി.ജെ.തങ്കച്ചന്‍ (ആദി ജനസഭ കണ്‍വീനര്‍), ബാലകൃഷ്ണന്‍ പുല്‍പ്പള്ളി ( ഇരുളം ഭൂസമര നേതാവ് ) ചന്തുണ്ണി (ആദിവാസി ഫോറം), കെ.സന്തോഷ്‌കുമാര്‍, കെ.സഹദേവന്‍ ( എഴുത്തുകാരന്‍, ആക്ടിവിസ്റ്റ് ), മാര്‍ക്‌സണ്‍ തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.