വെല്ലിംഗ്ടണ്‍: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്. തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് പ്രദേശവാസികളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് വന്നത്.
ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി നെമ ദേശീയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും ഒരു കാരണവശാലും വീടുകളില്‍ തന്നെ തുടരരുത് എന്നും നെമ പറഞ്ഞു.
മുന്ന് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, റഷ്യ, മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിരാവിലെ തന്നെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തര ആര്‍ഡന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
കെര്‍മാഡക് ദ്വീപില്‍ രൂപപ്പെട്ട തീവ്രത കൂടിയ ഭൂചലനം മറ്റ് രണ്ട് ചെറിയ ഭൂചലനങ്ങള്‍ക്കും വഴിവെച്ചുവെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.