America
ഫ്‌ളോറിഡ കൂട്ടക്കൊലയ്ക്കു 11 ദിവസങ്ങള്‍ക്കു ശേഷം നടന്ന 'തോക്കുമേള'യില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 26, 02:16 pm
Monday, 26th February 2018, 7:46 pm

ടാംപ, ഫ്‌ളോറിഡ: പാര്‍ക്ക്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പ് നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷം നടക്കുന്ന “ഫ്‌ളോറിഡ ഗണ്‍ ഷോ”യില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തം. ഫ്‌ളോറിഡയിലെ ടാംപയില്‍ നടക്കുന്ന “തോക്കുമേള”യില്‍ ഏകദേശം 7,000 പേരാണ് എത്തിയത്.

തോക്കുകള്‍ കൈവശം വെയ്ക്കാനുള്ള തങ്ങളുടെ അവകാശത്തിന് ഭാവിയില്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം കാരണമാണ് ഭൂരിഭാഗം ജനങ്ങളും ഗണ്‍ ഷോയ്ക്ക് എത്തിയത് എന്ന് മാനേജര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. അതേസമയം പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളിലെ വെടിവെപ്പിനു ശേഷം തോക്കുകളുടെ വില്‍പ്പനയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തോക്കുസംസ്‌കാരത്തിനെതിരായ ജനവികാരം കാരണം നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക തന്നെയാണ് ഇതിനും കാരണം.

ഫ്ളോറിഡ ഗണ്‍ഷോയില്‍ നിന്ന്.

ഗണ്‍ ഷോയില്‍ നിന്നും തോക്കുകള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതും ജനബാഹുല്യത്തിന് കാരണമാണെന്ന് ഫെര്‍ണാണ്ടസ് പറയുന്നു. ഗണ്‍ ഷോയില്‍ എത്തുന്ന 95 ശതമാനം തോക്കു വ്യാപാരികളും നിയമാനുസൃതമായ ലൈസന്‍സുള്ളവരാണ്. ഇവരുടെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കപ്പെട്ടതുമാണ്. എന്നാല്‍ ബാക്കി അഞ്ചു ശതമാനം പേര്‍ സ്വകാര്യ വ്യക്തികളാണ്. പരിശോധനകള്‍ ഇല്ലാതെയാണ് ഇവര്‍ തോക്കു വില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂള്‍ വെടിവെപ്പും ഗണ്‍ ഷോയും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ടതില്ല. മാനസികാരോഗ്യത്തിന് തകരാറുള്ള ആളാണ് അത് ചെയ്തത്. ഇത് നിയമപാലകര്‍ ആദ്യം തന്നെ കണ്ടുപിടിച്ച് തടയേണ്ടതായിരുന്നുവെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫോര്‍ട്ട് ലൗഡര്‍ഡേലില്‍ അടുത്ത മാസം നടക്കാനിരുന്ന ഗണ്‍ ഷോ റദ്ദാക്കി. പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂള്‍ വെടിവെപ്പിന്റെ ഇരകളോട് ആദരവ് അര്‍പ്പിക്കാനുള്ള മേയര്‍ ജാക്ക് സെയ്‌ലറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സംഘാടകര്‍ ഷോ ഉപേക്ഷിച്ചത്.