കോഴിക്കോട്: ഗുരുതരമായ ധനകാര്യ പ്രതിസന്ധിയെ മറച്ചുപിടിക്കാനുള്ള വിഫലശ്രമമാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ധനകമ്മി 3.5 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
“72000 കോടിയുടെ ഓഹരി വില്‍ക്കുമെന്നു പറഞ്ഞിടത്താണ് വിസ്മയകരമായ ഈ കുതിച്ചു ചാട്ടമുണ്ടായത്. രഹസ്യം മറ്റൊന്നല്ല. എച്ച്.പി.സി.എല്ലിന്റെ സര്‍ക്കാര്‍ ഓഹരികള്‍ ഏതാണ്ട് അമ്പതിനായിരം കോടിയ്ക്ക് ഒ.എന്‍.ജി.സി വാങ്ങിയതാണ്. ഇതിനുവേണ്ടി ഒ.എന്‍.ജി.സി കമ്പോളത്തില്‍ നിന്ന് വായ്പയെടുത്തു. ഇടതുകാലില്‍ നിന്ന് വലതുകാലിലേയ്ക്കുള്ള ഈ മന്തുമാറ്റം ആരെ ബോധ്യപ്പെടുത്താനാണ്?”.
ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള വകയിരുത്തലുകള്‍ കഴിഞ്ഞ വര്‍ഷം ദേശീയ വരുമാനത്തിന്റെ 1.96 ശതമാനമുണ്ടായിരുന്നത് ഈ വര്‍ഷത്തെ ബജറ്റില്‍ 1.82 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2016-17 ലെ പുതുക്കിയ കണക്കുപ്രകാരം മൂലധനച്ചെലവില്‍ കുറവുണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സാമ്പത്തിക ഭരണത്തിന്റെ നട്ടെല്ലൊടിക്കുന്ന ബജറ്റാണിതെന്നും ധനക്കമ്മി 4 ശതമാനമായി ഉയരാന്‍ അനുവദിച്ച ധനമന്ത്രിയുടെ ലക്ഷ്യം സംസ്ഥാനങ്ങളുടെ ധനാധികാരത്തിനുമേല്‍ കൂച്ചുവിലങ്ങിടുന്ന നടപടിയാണെന്നും ഐസക് പറഞ്ഞു.
നാളെയാണ് സംസ്ഥാന ബജറ്റ് തോമസ് ഐസക് അവതരിപ്പിക്കുന്നത്.