ഇതൊക്കെ പറയാന്‍ എന്തുരേഖയാണ് കൈവശമുള്ളതെന്ന് 'പത്രാധിപര്‍' ഒന്നന്വേഷിക്കണം; സാലറി ചലഞ്ചിനെതിരെ 'മനോരമ' വാര്‍ത്തകള്‍ എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്കിന്റെ തുറന്ന കത്ത്
Kerala News
ഇതൊക്കെ പറയാന്‍ എന്തുരേഖയാണ് കൈവശമുള്ളതെന്ന് 'പത്രാധിപര്‍' ഒന്നന്വേഷിക്കണം; സാലറി ചലഞ്ചിനെതിരെ 'മനോരമ' വാര്‍ത്തകള്‍ എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്കിന്റെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2018, 8:22 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെതിരെ വാര്‍ത്തകള്‍ നല്‍കിയ മനോരമയുടെ പത്രാധിപര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ തുറന്ന് കത്ത്. സാലറി ചലഞ്ചില്‍ മനോരമയ്ക്ക് നിഷേധാത്മക സമീപനമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും. വാര്‍ത്തകള്‍, പരിചരണരീതി, കാര്‍ട്ടുണുകള്‍ തുടങ്ങി എല്ലാ ഉള്ളടക്കത്തിലും അത് പ്രകടമാണെന്നും തോമസ് ഐസക് കത്തില്‍ പറയുന്നു.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും മനസിലാക്കാം എന്നും അങ്ങിനെ തിരുത്താന്‍ മടിയില്ലെന്നും എന്നാല്‍ സാലറി ചലഞ്ചിനെയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തെയും പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയോടെ നീങ്ങിയാലോ? എന്നും ഐസക് ചോദിക്കുന്നു.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് മനോരമയില്‍ വന്ന വാര്‍ത്തകള്‍ ഓരോന്നും എടുത്ത് കാട്ടിയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. “റവന്യൂ ചെലവ് നാം തനിയെ കണ്ടെത്തിയാല്‍ മൂലധനച്ചെലവിനുള്ളത് കേന്ദ്രാനുമതിയോടെ വായ്പയായും മറ്റും സമാഹരിക്കാനാവും. ഇതിന് ഒന്നുകില്‍ റെവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കണം, അല്ലെങ്കില്‍ റെവന്യു ചെലവ് കുറയ്ക്കണം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. അതേസമയം, ചെലവ് കുറയ്ക്കുന്നതിന് 2002ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച രീതി പകര്‍ത്താന്‍ ഉദ്ദേശവുമില്ല. അന്ന് ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ബന്ധപൂര്‍വം തിരിച്ചുപിടിക്കുകയായിരുന്നു. അതിനൊന്നും ഈ സര്‍ക്കാര്‍ തയ്യാറല്ല.” അദ്ദേഹം പറഞ്ഞു.

Also Read സാലറി ചലഞ്ച് എന്ന ഈ പിടിച്ചുപറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം; ആവശ്യമുള്ളതിന്റെ വെറും 5 ശതമാനം മാത്രമേ ഇതുവഴി ലഭിക്കുള്ളുവെന്നും വി.ടി ബല്‍റാം

അനിശ്ചിതത്ത്വത്തില്‍പ്പെട്ടവര്‍ക്ക് മാന്യമായ സഹായം ഉറപ്പു വരുത്തണമെന്നും അതിനുവേണ്ടി താരതമ്യേന തൊഴില്‍സുരക്ഷയുള്ള സര്‍ക്കാര്‍ ജീവനക്കാരോട് സംഭാവന അഭ്യര്‍ത്ഥിച്ചത് മഹാഅപരാധമായി ചിത്രീകരിക്കുന്നതെന്തിന്? എന്നും മന്ത്രി ചോദിക്കുന്നു.

ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാനും പ്രളയം തകര്‍ത്ത നാടിനെ പുനര്‍നിര്മ്മിക്കാനും സ്വയം ഒന്നു ഞെരുങ്ങിയിട്ടായാലും സകല മലയാളിയും കൈകോര്‍ക്കുകയാണ്. ഒരു നിര്‍ബന്ധവും സമ്മര്‍ദ്ദവും അക്കാര്യത്തിലില്ല. ഇതെങ്ങനെ പിടിച്ചു പറിയാകും? ഇതാണോ പോക്കറ്റടി? താങ്കളുടെ പത്രത്തിന്റെടയക്കം അധ്വാനഫലമായ കൂട്ടായ്മയെ ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ തകര്‍ക്കുകയല്ലേ ചെയ്യുന്നത്? അദ്ദേഹം ചോദിക്കുന്നു.

ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസിലാക്കി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പത്രത്തിന്റെ നിലപാട് പുനപ്പരിശോധിക്കുമെന്ന് പ്രതീക്ഷിക്കട്ടെയെന്നും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം. വളച്ചൊടിച്ചും വക്രീകരിച്ചും തമസ്‌കരിച്ചുമുള്ള വിമര്‍ശനം ഈ ഘട്ടത്തിലെങ്കിലും അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. അവസരത്തിനൊത്തുയര്‍ന്ന് ഈ സംരംഭത്തെ സര്വാത്മനാ പിന്തുണക്കുമെന്നാണ് എന്റെ പ്രതീക്ഷ. എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

തോമസ് ഐസക് ചൂണ്ടികാട്ടിയ വാര്‍ത്തകള്‍,

1. “”സെപ്തംബര്‍ 8 ന്റെ ഒന്നാം പേജ് വാര്‍ത്ത. “പ്രത്യേക അക്കൌണ്ട് ഇല്ല” എന്ന് തലക്കെട്ട്. “വകമാറ്റി ചെലവിടലിനെക്കുറിച്ച് ആശങ്ക” എന്ന് ബ്ലര്‍ബ്. ഉത്സവബത്ത ദുരിതാശ്വാസനിധിയിലേയ്ക്ക് മുതല്‍ക്കൂട്ടുന്നതിനായി പ്രത്യേക ട്രഷറി അക്കൌണ്ട് തുറന്നതിനെക്കുറിച്ചാണ് വാര്‍ത്ത. അതിനായി ഇറക്കിയ ഉത്തരവില്‍ “”സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതവും മറ്റു സംഭാവനകളും”” എന്നു തെറ്റായി കടന്നുകൂടി. അക്കാര്യം തിരുത്തി ഉത്തരവും പുറപ്പെടുവിച്ചു.

സര്‍ക്കാരിന്റെ തെറ്റിനെക്കുറിച്ചായിരുന്നില്ല വാര്‍ത്തയും വിമര്‍ശനവും. തുക വകമാറ്റുമെന്ന് ആശങ്കയെന്ന തെറ്റായ വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു ലേഖകന്‍. സിഎംഡിആര്‍എഫിലേയ്ക്കുള്ള സംഭാവന ബാങ്കുകളുടെ അക്കൌണ്ടിലാണ് എല്ലായ്‌പോഴും സൂക്ഷിക്കുന്നത്. അതിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പ്രത്യേക ട്രഷറി അക്കൌണ്ടിലേയ്ക്ക് ഒരു ഘട്ടത്തിലും ഈ തുക മാറ്റിയിട്ടേയില്ല. അങ്ങനെയൊരു ചരിത്രമില്ല.

ഒരു ഫോണ്‍ കോളുകൊണ്ട് ബോധ്യപ്പെടാവുന്ന കാര്യം. അതു ചെയ്യാതെ, സംഭാവന വക മാറ്റാന്‍ സാധ്യത എന്ന ധ്വനി പരത്തുകയാണ് പത്രം ചെയ്തത്. ഇത് മനപ്പൂര്‍വമായിരുന്നു എന്നു സംശയിച്ചാല്‍ തെറ്റുപറയാനാവുമോ?
സിഎംഡിആര്‍എഫ് അക്കൌണ്ടുകളിലെ നിക്ഷേപം സര്‍ക്കാരിന്റെ സഞ്ചിതനിധിയല്ലെന്നും സാധാരണ ചെലവുകള്‍ക്ക് വിനിയോഗിക്കാനാവില്ലെന്നും വ്യക്തമായിരിക്കെ, ഈ ദുര്‍വ്യാഖ്യാനത്തിന്റെ ഉന്നമെന്തായിരുന്നു? അക്കാര്യം പത്രാധിപര്‍ അന്വേഷിക്കേണ്ടതല്ലേ?”” തോമസ് ഐസക് ചോദിച്ചു.

Also Read പ്രളയക്കെടുതി സഹായമായി പ്രഖ്യാപിച്ച 10000 രൂപയുടെ വിതരണം പൂര്‍ത്തിയാവുന്നു; പിണറായി വിജയന്‍

2. “”പ്രഖ്യാപിച്ചിരുന്ന സഹായത്തിന്റെ കാര്യം കേന്ദ്രനിലപാടു മൂലം യുഎഇ പുനപ്പരിശോധിക്കുമെന്നായിരുന്നു സെപ്തംബര്‍ 16ന്റെ ലീഡ്. ആ സഹായം കേരളത്തിനു നിഷേധിക്കപ്പെടുന്നതില്‍ ക്രൂരമായൊരു സംതൃപ്തി മനോരമ അനുഭവിക്കുന്നുണ്ടോ? ആ വാര്‍ത്തയും ചമത്കാരവും അങ്ങനെയൊരു വ്യാഖ്യാനത്തിനു പഴുതൊരുക്കുന്നുണ്ട്. കാരണം പറയാം. ആ തലക്കെട്ടിനു കീഴെ വലിയൊരു “NO”യുണ്ട്. അതു വെറുതേ പ്രത്യക്ഷപ്പെട്ടതല്ല. രക്ഷാദൌത്യത്തിന്റെ സന്ദര്‍ഭത്തില്‍ രൂപപ്പെട്ട ഒരുമയെ പ്രതിനിധീകരിക്കുന്ന കൈകോര്‍ക്കലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ കൈകള്‍ വേര്‍പെട്ടുപോയി എന്നാണ് ഒന്നാംപേജ് ദുഃസൂചന. ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ആഹ്ലാദമാണ് ആ “NO”യുടെ ഡിസൈനില്‍ പതഞ്ഞുയരുന്നത്. സാലറി ചലഞ്ചിനെ പരാജയപ്പെടുത്താന്‍ “NO” എന്ന ആഹ്വാനവുമായി ഇറങ്ങിയ പ്രചരണസാമഗ്രികളെയാണ് സെപ്തംബര്‍ 16ന്റെ ഒന്നാംപേജ് അനുസ്മരിപ്പിച്ചത്. ഇതൊക്കെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണെന്നു വാദിക്കാം. പക്ഷേ, ആ സ്വാതന്ത്ര്യത്തിലൂടെ മറനീക്കുന്നത് നിഷ്‌കളങ്കമായ വിമര്‍ശനദൌത്യമാണോ?””

3. സെപ്തംബര്‍17ന്റെ ഒന്നാംപേജിലുള്ളത് “”പെന്‍ഷന്‍കാരെയും പിടികൂടുന്നു”” എന്ന ദുരുദ്ദേശപരമായ തലക്കെട്ട്. പോക്കറ്റടിക്കുന്ന ധനമന്ത്രിയെ ചിത്രീകരിച്ചിരിക്കുന്ന വാരഫലം. ധനമന്ത്രിയെ പോക്കറ്റടിക്കാരനും ഗുണ്ടാപിരിവുകാരനുമാക്കുന്ന തമാശ വേറൊരു സന്ദര്‍ഭത്തില്‍ ആസ്വദിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തിലാണോ ഇങ്ങനെയൊരു തമാശ? നവകേരള നിര്‍മ്മാണത്തിന് സംഭാവന ചോദിച്ചതിനെ ഗുണ്ടാപ്പിരിവ് എന്നു വ്യാഖ്യാനിക്കുന്നത് നിക്ഷിപ്തതാല്‍പര്യക്കാരാണ്. അവരെ മാത്രമാണ് ഈ വാര്‍ത്തയും തലക്കെട്ടും കാര്‍ട്ടൂണുമൊക്കെ സന്തോഷിപ്പിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ എത്രമാത്രം അനുചിതമായ മാധ്യമസമീപനമാണിത്?

ദുര്‍വ്യാഖ്യാനങ്ങള്‍ മാത്രമല്ല, അവാസ്തവമായ വിവരങ്ങളും വാര്‍ത്തകളില്‍ കടന്നുകൂടുകയാണ്. “”ഒരു മാസത്തില്‍ കുറഞ്ഞ ശമ്പളം പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വീകരിക്കില്ലെന്ന് ജീവനക്കാരെ അറിയിച്ചു”” എന്നൊരു വരി “”പെന്‍ഷന്‍കാരെയും പിടികൂടുന്നു”” എന്ന വാര്‍ത്തയിലുണ്ട്. എപ്പോഴാണ്, എവിടെയാണ് ഇത്തരമൊരു കാര്യം ജീവനക്കാരെ അറിയിച്ചത്? ഈ വിവരം സ്ഥിരീകരിക്കാന്‍ എന്തുരേഖയാണ് ലേഖകന്റെ കൈവശമുള്ളതെന്ന് സ്വകാര്യമായി പത്രാധിപര്‍ ഒന്നന്വേഷിക്കണം.

Also Read ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയില്‍വെച്ച്

4. സെപ്തംബര്‍ 18ന്റെ “ഇത് പിടിച്ചു പറിക്കല്‍” എന്ന ലീഡു വാര്‍ത്തയും തെറ്റായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ്. ഹൈക്കോടതി പരിഗണിച്ച കേസും സാലറി ചലഞ്ചുമായി ഒരു ബന്ധവുമില്ല. അതാണ് യാഥാര്‍ത്ഥ്യം. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവോ, അതിലെ വ്യവസ്ഥകളോ ഹൈക്കോടതി പരിഗണിച്ചിട്ടേയില്ല. ചോദ്യം ചെയ്യപ്പെട്ടത് Temple Renovation Fund ലേക്ക് ശമ്പളം പിടിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് ഇറക്കിയ ഉത്തരവാണ്. ആ ഉത്തരവിനെ സംബന്ധിച്ചുണ്ടായ വിധിയെയും നിരീക്ഷണങ്ങളെയും എങ്ങനെ വലിച്ചുനീട്ടിയാലും ഇങഉഞഎഉമായോ സാലറി ചലഞ്ചുമായോ ബന്ധിപ്പിക്കാനാവില്ല. മുഖ്യമന്ത്രിയുടെ അഭ്യര്ത്ഥന ഹൈക്കോടതി അംഗീകരിക്കുകയാണ് ചെയ്തതും. എന്നിരിക്കെ കോടതി നിരീക്ഷണം മറയാക്കി സാലറി ചലഞ്ച് പിടിച്ചു പറിയാണ് എന്നു ധ്വനിപ്പിക്കുകയാണ് പത്രം ചെയ്തത്. വാര്‍ത്തയ്ക്ക് വസ്തുതയുമായി ബന്ധമുണ്ടാകണമെന്ന് നിഷ്‌കര്‍ഷയുള്ളവര്‍ ഒരിക്കലും ചെയ്യാത്ത കാര്യം.

സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതു വഴി ജീവനക്കാരുടെ കുടുംബബജറ്റു തകരില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ശമ്പള, പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശികയുടെ ഗഡു രൊക്കമായി ലഭിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ പണം ലഭിക്കും. നിലവിലെ നിരക്കിലുള്ള ജഎ പലിശയുള്‍പ്പെടെ കിട്ടും. പെന്ഷന്‍, ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ എന്നിവയുടെ കുടിശികയുടെ നാലാം ഗഡുവും പലിശ സഹിതമാണ് ലഭിക്കുക. കമ്മ്യൂട്ടേഷന്‍ കുടിശികയുടെ രണ്ടാം ഗഡുവും പണമായിത്തന്നെ നല്‍കും. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്കും ഇതൊക്കെ ലഭ്യമാകും.

തോമസ് ഐസക്കിന്റെ കത്തിന്റെ പൂര്‍ണരൂപം,

മനോരമ പത്രാധിപര്‍ക്കൊരു തുറന്ന കത്ത്…

സുഹൃത്തേ,

അസൂയപ്പെടുത്തുന്ന കൂട്ടായ്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമൊക്കെ ഈ ഒരുമയ്ക്കു മുന്നില്‍ വിസ്മയിച്ചു നില്‍ക്കുകയാണ്. കേരളമെന്ന കണ്ണാടിയില്‍ മലയാളിയെന്ന പ്രതിബിംബം തെളിഞ്ഞ സന്ദര്‍ഭം. താങ്കളുടെ പത്രമടക്കമുള്ള മാധ്യമങ്ങളും ചേര്‍ന്ന് കരുപ്പിടിപ്പിച്ചതാണ് ഈ നേട്ടം. പ്രളയാനന്തരം നവ കേരള നിര്‍മ്മിതിയ്ക്കു വേണ്ടിയുള്ള ക്രിയാത്മകനിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിലും മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

പുനര്‍നിര്‍മ്മാണത്തിന്റെ സാമ്പത്തികബാധ്യതകളെക്കുറിച്ച് താങ്കള്‍ക്കും ധാരണയുണ്ടാകുമല്ലോ. പുനരധിവാസത്തിനും നഷ്ടപരിഹാരങ്ങള്‍ക്കുമായി 6000 കോടിയുടെ റവന്യൂ ചെലവും ആസ്തികളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതിന് 20-25000 കോടിയുടെ മൂലധനച്ചെലവുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രളയത്തിന്റെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുവേണം ഇനി മൂലധന നിക്ഷേപം.

റവന്യൂ ചെലവ് നാം തനിയെ കണ്ടെത്തിയാല്‍ മൂലധനച്ചെലവിനുള്ളത് കേന്ദ്രാനുമതിയോടെ വായ്പയായും മറ്റും സമാഹരിക്കാനാവും. ഇതിന് ഒന്നുകില്‍ റെവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കണം, അല്ലെങ്കില്‍ റെവന്യു ചെലവ് കുറയ്ക്കണം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. അതേസമയം, ചെലവ് കുറയ്ക്കുന്നതിന് 2002ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച രീതി പകര്‍ത്താന്‍ ഉദ്ദേശവുമില്ല. അന്ന് ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ബന്ധപൂര്‍വം തിരിച്ചുപിടിക്കുകയായിരുന്നു. അതിനൊന്നും ഈ സര്‍ക്കാര്‍ തയ്യാറല്ല. അതല്ല, ഈ സര്‍ക്കാരിന്റെ രാഷ്ട്രീയം. സ്വമേധയാ സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്. അതില്‍ ചേരാം. ചേരാതിരിക്കാം. താല്‍പര്യമില്ലാത്തവര്‍ അതു പറഞ്ഞാല്‍ മതി. ഒരു നിര്‍ബന്ധവുമില്ല. ഇതു വിജയിപ്പിക്കാനാവശ്യമായ പരിസരം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്കും ചുമതലയുണ്ട്.

എന്നാല്‍ പ്രസ്തുതവിഷയത്തില്‍ മനോരമയ്ക്ക് ഒരു നിഷേധാത്മക സമീപനമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാര്‍ത്തകള്‍, പരിചരണരീതി, കാര്‍ട്ടൂണുകള്‍ തുടങ്ങി എല്ലാത്തരം ഉള്ളടക്കത്തിലും അതു പ്രകടമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും മനസിലാക്കാം. അങ്ങനെ തിരുത്തലുകള്‍ വരുത്താന്‍ മടിയുമില്ല. എന്നാല്‍ സാലറി ചലഞ്ചിനെയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തെയും പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയോടെ നീങ്ങിയാലോ?

ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. സെപ്തംബര്‍ 8 ന്റെ ഒന്നാം പേജ് വാര്‍ത്ത. “പ്രത്യേക അക്കൌണ്ട് ഇല്ല” എന്ന് തലക്കെട്ട്. “വകമാറ്റി ചെലവിടലിനെക്കുറിച്ച് ആശങ്ക” എന്ന് ബ്ലര്‍ബ്. ഉത്സവബത്ത ദുരിതാശ്വാസനിധിയിലേയ്ക്ക് മുതല്‍ക്കൂട്ടുന്നതിനായി പ്രത്യേക ട്രഷറി അക്കൌണ്ട് തുറന്നതിനെക്കുറിച്ചാണ് വാര്‍ത്ത. അതിനായി ഇറക്കിയ ഉത്തരവില്‍ “”സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതവും മറ്റു സംഭാവനകളും”” എന്നു തെറ്റായി കടന്നുകൂടി. അക്കാര്യം തിരുത്തി ഉത്തരവും പുറപ്പെടുവിച്ചു.

സര്‍ക്കാരിന്റെ തെറ്റിനെക്കുറിച്ചായിരുന്നില്ല വാര്‍ത്തയും വിമര്‍ശനവും. തുക വകമാറ്റുമെന്ന് ആശങ്കയെന്ന തെറ്റായ വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു ലേഖകന്‍. സിഎംഡിആര്‍എഫിലേയ്ക്കുള്ള സംഭാവന ബാങ്കുകളുടെ അക്കൌണ്ടിലാണ് എല്ലായ്‌പോഴും സൂക്ഷിക്കുന്നത്. അതിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പ്രത്യേക ട്രഷറി അക്കൌണ്ടിലേയ്ക്ക് ഒരു ഘട്ടത്തിലും ഈ തുക മാറ്റിയിട്ടേയില്ല. അങ്ങനെയൊരു ചരിത്രമില്ല.

ഒരു ഫോണ്‍ കോളുകൊണ്ട് ബോധ്യപ്പെടാവുന്ന കാര്യം. അതു ചെയ്യാതെ, സംഭാവന വക മാറ്റാന്‍ സാധ്യത എന്ന ധ്വനി പരത്തുകയാണ് പത്രം ചെയ്തത്. ഇത് മനപ്പൂര്‍വമായിരുന്നു എന്നു സംശയിച്ചാല്‍ തെറ്റുപറയാനാവുമോ?
സിഎംഡിആര്‍എഫ് അക്കൌണ്ടുകളിലെ നിക്ഷേപം സര്‍ക്കാരിന്റെ സഞ്ചിതനിധിയല്ലെന്നും സാധാരണ ചെലവുകള്‍ക്ക് വിനിയോഗിക്കാനാവില്ലെന്നും വ്യക്തമായിരിക്കെ, ഈ ദുര്‍വ്യാഖ്യാനത്തിന്റെ ഉന്നമെന്തായിരുന്നു? അക്കാര്യം പത്രാധിപര്‍ അന്വേഷിക്കേണ്ടതല്ലേ?

പ്രഖ്യാപിച്ചിരുന്ന സഹായത്തിന്റെ കാര്യം കേന്ദ്രനിലപാടു മൂലം യുഎഇ പുനപ്പരിശോധിക്കുമെന്നായിരുന്നു സെപ്തംബര്‍ 16ന്റെ ലീഡ്. ആ സഹായം കേരളത്തിനു നിഷേധിക്കപ്പെടുന്നതില്‍ ക്രൂരമായൊരു സംതൃപ്തി മനോരമ അനുഭവിക്കുന്നുണ്ടോ? ആ വാര്‍ത്തയും ചമത്കാരവും അങ്ങനെയൊരു വ്യാഖ്യാനത്തിനു പഴുതൊരുക്കുന്നുണ്ട്. കാരണം പറയാം. ആ തലക്കെട്ടിനു കീഴെ വലിയൊരു “NO”യുണ്ട്. അതു വെറുതേ പ്രത്യക്ഷപ്പെട്ടതല്ല. രക്ഷാദൌത്യത്തിന്റെ സന്ദര്‍ഭത്തില്‍ രൂപപ്പെട്ട ഒരുമയെ പ്രതിനിധീകരിക്കുന്ന കൈകോര്‍ക്കലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ കൈകള്‍ വേര്‍പെട്ടുപോയി എന്നാണ് ഒന്നാംപേജ് ദുഃസൂചന. ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ആഹ്ലാദമാണ് ആ “NO”യുടെ ഡിസൈനില്‍ പതഞ്ഞുയരുന്നത്. സാലറി ചലഞ്ചിനെ പരാജയപ്പെടുത്താന്‍ “NO” എന്ന ആഹ്വാനവുമായി ഇറങ്ങിയ പ്രചരണസാമഗ്രികളെയാണ് സെപ്തംബര്‍ 16ന്റെ ഒന്നാംപേജ് അനുസ്മരിപ്പിച്ചത്. ഇതൊക്കെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണെന്നു വാദിക്കാം. പക്ഷേ, ആ സ്വാതന്ത്ര്യത്തിലൂടെ മറനീക്കുന്നത് നിഷ്‌കളങ്കമായ വിമര്‍ശനദൌത്യമാണോ?

സെപ്തംബര്‍17ന്റെ ഒന്നാംപേജിലുള്ളത് “”പെന്‍ഷന്‍കാരെയും പിടികൂടുന്നു”” എന്ന ദുരുദ്ദേശപരമായ തലക്കെട്ട്. പോക്കറ്റടിക്കുന്ന ധനമന്ത്രിയെ ചിത്രീകരിച്ചിരിക്കുന്ന വാരഫലം. ധനമന്ത്രിയെ പോക്കറ്റടിക്കാരനും ഗുണ്ടാപിരിവുകാരനുമാക്കുന്ന തമാശ വേറൊരു സന്ദര്‍ഭത്തില്‍ ആസ്വദിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തിലാണോ ഇങ്ങനെയൊരു തമാശ? നവകേരള നിര്‍മ്മാണത്തിന് സംഭാവന ചോദിച്ചതിനെ ഗുണ്ടാപ്പിരിവ് എന്നു വ്യാഖ്യാനിക്കുന്നത് നിക്ഷിപ്തതാല്‍പര്യക്കാരാണ്. അവരെ മാത്രമാണ് ഈ വാര്‍ത്തയും തലക്കെട്ടും കാര്‍ട്ടൂണുമൊക്കെ സന്തോഷിപ്പിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ എത്രമാത്രം അനുചിതമായ മാധ്യമസമീപനമാണിത്?

ദുര്‍വ്യാഖ്യാനങ്ങള്‍ മാത്രമല്ല, അവാസ്തവമായ വിവരങ്ങളും വാര്‍ത്തകളില്‍ കടന്നുകൂടുകയാണ്. “”ഒരു മാസത്തില്‍ കുറഞ്ഞ ശമ്പളം പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വീകരിക്കില്ലെന്ന് ജീവനക്കാരെ അറിയിച്ചു”” എന്നൊരു വരി “”പെന്‍ഷന്‍കാരെയും പിടികൂടുന്നു”” എന്ന വാര്‍ത്തയിലുണ്ട്. എപ്പോഴാണ്, എവിടെയാണ് ഇത്തരമൊരു കാര്യം ജീവനക്കാരെ അറിയിച്ചത്? ഈ വിവരം സ്ഥിരീകരിക്കാന്‍ എന്തുരേഖയാണ് ലേഖകന്റെ കൈവശമുള്ളതെന്ന് സ്വകാര്യമായി പത്രാധിപര്‍ ഒന്നന്വേഷിക്കണം.

സെപ്തംബര്‍ 18ന്റെ “ഇത് പിടിച്ചു പറിക്കല്‍” എന്ന ലീഡു വാര്‍ത്തയും തെറ്റായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ്. ഹൈക്കോടതി പരിഗണിച്ച കേസും സാലറി ചലഞ്ചുമായി ഒരു ബന്ധവുമില്ല. അതാണ് യാഥാര്‍ത്ഥ്യം. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവോ, അതിലെ വ്യവസ്ഥകളോ ഹൈക്കോടതി പരിഗണിച്ചിട്ടേയില്ല. ചോദ്യം ചെയ്യപ്പെട്ടത് Temple Renovation Fund ലേക്ക് ശമ്പളം പിടിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് ഇറക്കിയ ഉത്തരവാണ്. ആ ഉത്തരവിനെ സംബന്ധിച്ചുണ്ടായ വിധിയെയും നിരീക്ഷണങ്ങളെയും എങ്ങനെ വലിച്ചുനീട്ടിയാലും ഇങഉഞഎഉമായോ സാലറി ചലഞ്ചുമായോ ബന്ധിപ്പിക്കാനാവില്ല. മുഖ്യമന്ത്രിയുടെ അഭ്യര്ത്ഥന ഹൈക്കോടതി അംഗീകരിക്കുകയാണ് ചെയ്തതും. എന്നിരിക്കെ കോടതി നിരീക്ഷണം മറയാക്കി സാലറി ചലഞ്ച് പിടിച്ചു പറിയാണ് എന്നു ധ്വനിപ്പിക്കുകയാണ് പത്രം ചെയ്തത്. വാര്‍ത്തയ്ക്ക് വസ്തുതയുമായി ബന്ധമുണ്ടാകണമെന്ന് നിഷ്‌കര്‍ഷയുള്ളവര്‍ ഒരിക്കലും ചെയ്യാത്ത കാര്യം.

സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതു വഴി ജീവനക്കാരുടെ കുടുംബബജറ്റു തകരില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ശമ്പള, പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശികയുടെ ഗഡു രൊക്കമായി ലഭിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ പണം ലഭിക്കും. നിലവിലെ നിരക്കിലുള്ള ജഎ പലിശയുള്‍പ്പെടെ കിട്ടും. പെന്ഷന്‍, ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ എന്നിവയുടെ കുടിശികയുടെ നാലാം ഗഡുവും പലിശ സഹിതമാണ് ലഭിക്കുക. കമ്മ്യൂട്ടേഷന്‍ കുടിശികയുടെ രണ്ടാം ഗഡുവും പണമായിത്തന്നെ നല്‍കും. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്കും ഇതൊക്കെ ലഭ്യമാകും.

പ്രളയ ദുരന്തത്തില്‍ തൊഴിലും വരുമാനവും നഷ്ടമായവര്‍ക്കു വേണ്ടിയാണ് ഇതില്‍ നിന്നൊരു വിഹിതം സംഭാവന ചോദിക്കുന്നത്. കുട്ടനാട്ടിലെ കര്‍ഷകരുടെ കാര്യം നോക്കൂ. രണ്ടാം കൃഷിയെ പൂര്ണ്ണമായും പ്രളയം മുക്കി. ഇനി തൊഴിലും വരുമാനവും ഉണ്ടാകാന്‍ അടുത്ത പുഞ്ചകൃഷി വരെ കാത്തിരിക്കണം. അപ്പോള്‍ എത്രമാസത്തെ വരുമാന നഷ്ടം? ഈ അനിശ്ചിതത്ത്വത്തില്‍പ്പെട്ടവര്‍ക്ക് മാന്യമായ സഹായം ഉറപ്പു വരുത്തണം. അതിനുവേണ്ടി താരതമ്യേന തൊഴില്‍സുരക്ഷയുള്ള സര്ക്കാര്‍ ജീവനക്കാരോട് സംഭാവന അഭ്യര്‍ത്ഥിച്ചത് മഹാഅപരാധമായി ചിത്രീകരിക്കുന്നതെന്തിന്?

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സ്വമേധയാ ഏറ്റെടുക്കുകയാണ് മഹാഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും. ഓണക്കോടി വാങ്ങാന്‍ സൂക്ഷിച്ച 490 രൂപ കുടുക്കപൊട്ടിച്ച് സംഭാവന ചെയ്ത മൂന്നു വയസുകാരി കാര്‍ത്തികയും സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം സംഭാവന ചെയ്ത തമിഴ്‌നാട് വില്ലുപുരത്തെ ഒമ്പതുവയസുകാരി അനുപ്രിയയുമൊക്കെ കൊളുത്തിയുയര്‍ത്തിയ ആവേശത്തിന്റെ പന്തമാണ് സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ഏറ്റെടുക്കുന്നത്.

സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും പങ്കെടുക്കുന്നുണ്ട്. വരുമാനമുള്ള എല്ലാ മലയാളികളോടും മുഖ്യമന്ത്രി ഈ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാനും പ്രളയം തകര്‍ത്ത നാടിനെ പുനര്‍നിര്മ്മിക്കാനും സ്വയം ഒന്നു ഞെരുങ്ങിയിട്ടായാലും സകല മലയാളിയും കൈകോര്‍ക്കുകയാണ്. ഒരു നിര്‍ബന്ധവും സമ്മര്‍ദ്ദവും അക്കാര്യത്തിലില്ല. ഇതെങ്ങനെ പിടിച്ചു പറിയാകും? ഇതാണോ പോക്കറ്റടി? താങ്കളുടെ പത്രത്തിന്റെടയക്കം അധ്വാനഫലമായ കൂട്ടായ്മയെ ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?

ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസിലാക്കി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് താങ്കളുടെ പത്രത്തിന്റെ നിലപാട് പുനപ്പരിശോധിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം. വളച്ചൊടിച്ചും വക്രീകരിച്ചും തമസ്‌കരിച്ചുമുള്ള വിമര്‍ശനം ഈ ഘട്ടത്തിലെങ്കിലും അനുചിതമാണ്. അവസരത്തിനൊത്തുയര്‍ന്ന് ഈ സംരംഭത്തെ താങ്കള്‍ സര്വാത്മനാ പിന്തുണക്കുമെന്നാണ് എന്റെ പ്രതീക്ഷ.

സ്‌നേഹപൂര്‍വം,

തോമസ് ഐസക്,
തിരുവനന്തപുരം.

DoolNews Video