ഇതല്ല പ്രതീക്ഷിച്ചത്, കൊവിഡിന് ശേഷം എല്ലാം മാറിമറിഞ്ഞു; സാമ്രാട്ട് പൃഥ്വിരാജിന്റെ തകര്‍ച്ചയില്‍ സോനു സൂദ്
Film News
ഇതല്ല പ്രതീക്ഷിച്ചത്, കൊവിഡിന് ശേഷം എല്ലാം മാറിമറിഞ്ഞു; സാമ്രാട്ട് പൃഥ്വിരാജിന്റെ തകര്‍ച്ചയില്‍ സോനു സൂദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th June 2022, 2:04 pm

സാമ്രാട്ട് പൃഥ്വിരാജിന്റെ ബോക്‌സ് ഓഫീസ് തകര്‍ച്ചയില്‍ പ്രതികരണവുമായി നടന്‍ സോനു സൂദ്. പ്രതീക്ഷക്കൊത്ത് ചിത്രത്തിന് ബിസിനസ് വളര്‍ന്നില്ലെന്നും കൊവിഡിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സോനു പറഞ്ഞു.

‘സാമ്രാട്ട് പൃഥിരാജ് സ്‌പെഷ്യലാണ്. ഈ സിനിമയില്‍ മനോഹരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റി. പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയുള്ള ബിസിനസ് ചിത്രത്തിന് ലഭിച്ചില്ല. കൊവിഡിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. അത് ഞങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ പ്രേക്ഷകരുടെ സ്‌നേഹം കാണുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്,’ സോനു പറഞ്ഞു.

ചാന്ദ് ബര്‍ദാസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സോനു സൂദ് അവതരിപ്പിച്ചത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിന്റെ കഥയാണ് സാമ്രാട്ട് പൃഥ്വിരാജില്‍ പറയുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകനായത്.

ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. നാലാം ദിനത്തില്‍ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയില്‍ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ലഭിച്ച തുക ഉള്‍പ്പെടെ കണക്കാക്കിയാല്‍ പോലും ചിത്രം 100 കോടി രൂപ നഷ്ടം നേരിടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസായ വിക്രം, മേജര്‍ എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്.

ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാനുഷി ചില്ലര്‍, സഞ്ജയ് ദത്ത്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: This was not to be expected, everything changed after Kovid, Sonu Sood in the failure of Samrat Prithviraj