Advertisement
Entertainment news
ഇത്രയും കാലത്തെ കരിയറിനിടക്ക് ഇത് ആദ്യമാണ്: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 13, 04:14 pm
Saturday, 13th May 2023, 9:44 pm

ഇത്രയും കാലത്തെ കരിയറിനിടക്ക് ഒരു സിനിമ ഹിറ്റായിട്ട് ഇത്രയധികം ഫോണ്‍കോളുകളും മെസേജും വരുന്നത് ആദ്യമായിട്ടാണെന്ന് നടന്‍ സുധീഷ്. 2018 സിനമയുടെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സുധീഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ച സമയത്ത് രണ്ട് ദിവസം തുടര്‍ച്ചയായി ഫോണ്‍ കോളുകളും മെസേജുകളും വന്നിരുന്നുവെന്നും അന്ന് ഭയങ്കരമായി സന്തോഷിച്ചിരുന്നു എന്നും സുധീഷ് പറഞ്ഞു. ഇപ്പോള്‍ 2018 സിനിമ ഹിറ്റായതിന് ശേഷം നിരവധിയാളുകള്‍ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും, തന്റെ ഇത്രയും കാലത്തെ കരിയറിനിടയില്‍ ആദ്യമാണ് ഇത്രയധികം പ്രശംസകള്‍ ലഭിക്കുന്നതെന്നും താരം പറഞ്ഞു

‘ഇത്രയധികം ഫോണ്‍കോളുകളും ഇത്രയധികം മെസേജുകളും എന്റെ ജീവിതത്തില്‍ ആദ്യമായാണ് വരുന്നത്. നേരത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ച സമയത്ത് രണ്ട് ദിവസം തുടര്‍ച്ചയായി ഫോണ്‍കോളുകളും മെസേജുകളും വന്നിരുന്നു. എന്നെയൊക്കെ ഇങ്ങനെ വിളിക്കുന്നുണ്ടല്ലോ എന്ന് ആലോചിച്ച് അന്ന് ഞാന്‍ വളരെ അധികം സന്തോഷിച്ചിരുന്നു.

എന്നാല്‍ ഇത്രയും കാലത്തെ കരിയറിനിടക്ക് ഒരു സിനിമ ഹിറ്റായതിന്റെ പേരില്‍ ആദ്യമായാണ് എനിക്ക് ഇങ്ങനെ വിളികള്‍ വരുന്നത്. സിനിമയുടെ തെരഞ്ഞെടുപ്പുകള്‍ ചൂസിയായിരിക്കണമെന്ന് എനിക്ക് ആഗ്രമുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ അറിയാതെ പോയിപ്പോകാറുണ്ട്. ചിലര്‍ വിളിക്കുമ്പോള്‍, പരിചയത്തിന്റെ പുറത്തും, രണ്ടോ മൂന്നോ ദിവസത്തെ വര്‍ക്കല്ലേ എന്നൊക്കെ ആലോചിച്ച് പോകാറുണ്ട്.

ഞാന്‍ പണ്ടേ ശീലിച്ച ഒരു രീതി വിളിക്കുന്ന സിനിമകളിലൊക്കെ പോയി അഭിനയിക്കുക എന്നാണ്. ഈഗോ വെച്ചിരിക്കേണ്ട ആവശ്യമില്ല. നമുക്ക് കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്താല്‍ മതി എന്നൊക്കെയുള്ള രീതിയിലാണ് എന്നെ പഠിപ്പിച്ചത്. അത് കൊണ്ടുതന്നെ ആ ഒരു കാര്യം എപ്പോഴും എന്റെ മനസ്സിലുണ്ടാകും. പക്ഷെ ഇപ്പോള്‍ കിട്ടുന്നതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. അത് കൊണ്ട് ഹാപ്പിയാണ്. ഒരു പടത്തിലെ ട്രെന്റോ, അഭിനയമോ നോക്കിയല്ല അടുത്ത പടത്തിലേക്ക് എന്നെ വിളിക്കുന്നത്. പ്രായത്തിനനുസരിച്ചുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വിളിക്കുന്നുണ്ട്. അതിനിടക്ക് ഫ്‌ളാഷ്ബാക്ക് സീനുകളില്‍ ചെറുപ്പക്കാരനായി അഭിനയിക്കാനും വിളിക്കുന്നുണ്ട്’ സുധീഷ് പറഞ്ഞു.

content highlight; This is the first time in such a long career ; sudheesh