30 വര്‍ഷം മുന്‍പുള്ള കടം വീട്ടാനാകാതെ പിതാവ് മടങ്ങി; ലൂസിസിനെ തേടി അബ്ദുള്ളയുടെ കുടുംബം
Kerala
30 വര്‍ഷം മുന്‍പുള്ള കടം വീട്ടാനാകാതെ പിതാവ് മടങ്ങി; ലൂസിസിനെ തേടി അബ്ദുള്ളയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 10:01 am

തിരുവനന്തപുരം: പിതാവിന്റെ 30 വര്‍ഷം മുമ്പുള്ള കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കി മക്കള്‍. 1980 കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് എന്നയാള്‍ അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചു.

1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു. ലൂസിസിനെക്കണ്ട് കടം വീട്ടണമെന്ന ആഗ്രഹത്തോടെ പലരോടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും ഫലം കണ്ടില്ല.

ലൂസിസിനെ ഒരുതവണയെങ്കിലും നേരിട്ടുകാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള ഇക്കഴിഞ്ഞ 23ന് ഈ ലോകത്തോട് വിടപറഞ്ഞു.

പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നവ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

എങ്ങനെയെങ്കിലും ആ കടം വീട്ടണമെന്നാണ് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചതെന്ന് മകന്‍ നാസര്‍ പറഞ്ഞു. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ലൂസിസിനെയോ സഹോദരന്‍ ബേബിയേയോ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.

പരസ്യം കണ്ട് കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഒരാള്‍ വിളിച്ചിരുന്നെന്നും ഇയാളുടെ പിതാവ് ലൂസിസും മരിച്ചുപോയിട്ടുണ്ടെന്നും പിതാവിന്റെ ഫോട്ടോ അയച്ചുകൊടുക്കാമെന്ന് ഇയാള്‍ പറഞ്ഞിട്ടിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള.