സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് ഒക്ടോബര്‍ 29ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസ് ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് തരുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുള്ള ഈ കോമഡി ഡ്രാമ ചിത്രം
മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുകയാണ്.
സിനിമ കണ്ടവര്‍ക്ക് മറക്കാന്‍ കഴിയാത്ത കഥാപാത്രമാണ് ലക്ഷ്മീകാന്തന്‍. നായിക സുജയെ പെണ്ണുകാണാനെത്തുന്ന ഈ പ്രവാസി ചെറുപ്പക്കാരനെ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് നടന്‍ ആര്‍.ജെ. അനുരൂപ്. സിനിമ വിജയമായതിന്റെയും നടന്മാരായ ജയസൂര്യയും ലാലും വിളിച്ച് അഭിനന്ദിച്ചതിന്റേയും സന്തോഷം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ അനുരൂപ്.
ഫേസ്ബുക്ക് ലൈവിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയില്‍ നിന്ന് വിളിച്ചവരില്‍ മറക്കാനാവാത്ത അനുഭവമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായായാണ് ജയസൂര്യയും ലാലും വിളിച്ച കാര്യം അനുരൂപ് പറയുന്നത്.
”ഭയങ്കര ഹാപ്പിയായ നിമിഷങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായിട്ട്. നമ്മളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന, ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ ജയസൂര്യ, ജയേട്ടന്‍ ഫോണില്‍ വിളിച്ച് എന്റെ കഥാപാത്രത്തെക്കുറിച്ച്‌സംസാരിച്ചു. ഒരു വളര്‍ന്നു വരുന്ന നടനെന്ന രീതിയില്‍ ഇത് എനിക്ക് തരുന്ന ആത്മവിശ്വാസം വലുതാണ്.
എന്നെപ്പോലെ മറ്റ് കഥാപാത്രങ്ങള്‍ ചെയ്തവരേയും അദ്ദേഹം വിളിച്ചിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. ഞാന്‍ വണ്ടറടിച്ച പോലെയായിരുന്നു. എന്റെ ടൈമിങ് നന്നായിരുന്നു, കോമഡി വര്‍ക്ക് ഔട്ട് ആയി എന്നൊക്കെ പറഞ്ഞത് കേട്ട് ഞാന്‍ കിളി പോയ അവസ്ഥയിലായിരുന്നു.
പിന്നെ കഴിഞ്ഞ ദിവസം ലാല്‍ സാര്‍ വിളിച്ചു. സംവിധായകനായും നടനായും നമ്മളൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം. ലാല്‍ സാര്‍ വിളിച്ച് നന്നായിട്ടുണ്ടായിരുന്നു കഥാപാത്രം എന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷമുണ്ട്.
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയും പലപ്പോഴും നിരാശ തോന്നുകയും ചെയ്യുന്ന ഈ സമയത്ത് ഇവരൊക്കെ വിളിച്ച് നല്ല അഭിപ്രായം പറയുന്നത് ശരിക്കും ജീവിതത്തിലെ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. അതാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവിക്കുന്നത്,” അനുരൂപ് പറഞ്ഞു.
10 വര്‍ഷമായി സിനിമാ രംഗത്തുള്ള അനുരൂപ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഓട്ടര്‍ഷ, കക്ഷി അമ്മിണിപ്പിള്ള എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഷോര്‍ട്ട് ഫിലിമുകളുടേയും ഭാഗമായിട്ടുണ്ട്.