കൊച്ചി: റാപ്പര്‍ വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വേടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടന്‍ ധരിച്ചിരുന്ന മാലയില്‍ നിന്ന് പുലി പല്ലെന്ന് കരുതുന്ന വസ്തു പൊലീസ് കണ്ടെത്തിയത്. ഇത് തായിലാന്‍ഡില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി.
പുലിയുടെ പല്ല് ആണെന്ന് സ്ഥിരീകരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വേടനെതിരെ വനംവകുപ്പ് കേസ് എടുക്കും. കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
തൃപ്പൂണിത്തറ പൊലീസാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. വേടന്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റായിരുന്നു ഇത്. ഇന്നലെ രാത്രിയിലെ പ്രോഗ്രാം കഴിഞ്ഞാണ് സംഘം ഫ്ളാറ്റിലെത്തിയത്.
കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വേടനെ വിട്ടയയ്ക്കുമെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പുതിയ കേസ്
2020 ല്‍ ‘വോയ്സ് ഓഫ് ദി വോയ്സ് ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.
ഇന്നലെ കൊച്ചിയില്‍ നിന്ന് തന്നെ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. സംവിധായകര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിരുന്നു.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇന്നലെ (ഞായര്‍) പുലര്‍ച്ചെ രണ്ട് മണിയോടെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ വെച്ച് കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്. തൊട്ട് പിന്നാലെ രണ്ട് സംവിധായകരേയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlight: Forest department start investigation against Rapper Vedan for keeping leopard teeth