ഐ.പി.എല്ലിന്റെ 2028ാം എഡിഷനില്‍ മത്സരങ്ങളുടെ എണ്ണം 94 ആയി ഉയര്‍ത്താനുള്ള പ്രാരംഭ ചര്‍ച്ചകളുമായി ബി.സി.സി.ഐ. ഇപ്പോഴുള്ള ടീമുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്താതെ തന്നെ മത്സരങ്ങളുടെ എണ്ണം ഉയര്‍ത്താനാണ് ഒരുങ്ങുന്നത്. നിലവിലെ സീസണില്‍ ഫൈനലടക്കം 74 മത്സരങ്ങളാണ് കളിക്കുന്നത്.
2022ലാണ് ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയത്. 2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ എട്ട് ടീമുകളും, 2022 മുതല്‍ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളുമായി പത്ത് ഫ്രാഞ്ചൈസികള്‍ കിരീടത്തിനായി പോരാട്ടത്തിനിറങ്ങി.
അടുത്ത സീസണുകളില്‍ മത്സരങ്ങളുടെ എണ്ണം 84 ആയി ഉയര്‍ത്തുന്നതും അപെക്സ് ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
ഐ.പി.എല്‍ മത്സരങ്ങളഉടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബി.സി.സി.ഐയുടെ പരിഗണനയിലുണ്ടെന്നാണ് ടൂര്‍ണമെന്റ് ചെയര്മാന് അരുണ്‍ ധുമാല്‍ പറഞ്ഞത്.
‘തീര്‍ച്ചയായും, ഇതൊരു വളരെ വലിയ അവസരം തന്നെയായിരിക്കാം. ഇതിനെ കുറിച്ച് ഞങ്ങള്‍ ഐ.സി.സിയിലും ബി.സി.സി.ഐയിലും ചര്‍ച്ച ചെയ്തുവരികയാണ്.
ടീമുകള്‍ തമ്മിലുള്ള ബൈലാറ്ററല്‍ മത്സരങ്ങളും ഐ.സി.സി ഇവന്റുകളും ടി-20-ഫ്രാഞ്ചൈസി ക്രിക്കറ്റുമായും ബന്ധപ്പെട്ട് ആരാധകരുടെ താത്പര്യങ്ങള്‍ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യുകയും സ്റ്റേക് ഹോള്‍ഡേഴ്സിന് എപ്രകാരം കൂടുതല്‍ ലാഭം നല്കാന് സാധിക്കും എന്നതിനെ കുറിച്ചും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
നമുക്ക് ഒരു വലിയ വിന്‍ഡോ ആവശ്യമുണ്ട്, അല്ലെങ്കില്‍ എപ്പോഴെങ്കിലും 74 ല്‍ നിന്ന് 84 അല്ലെങ്കില്‍ 94 മത്സരങ്ങളിലേക്ക് പോകാം… അങ്ങനെ ഓരോ ടീമിനും ഓരോ ടീമിനും ഹോം ആന്‍ഡ് എവേയില്‍ കളിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍, നിങ്ങള്‍ക്ക് 94 മത്സരങ്ങള്‍ ആവശ്യമാണ്.
ബൈലാറ്ററല്‍ മത്സരങ്ങളുമായും ഐ.സി.സി ഇവന്റുകളുമായും ബന്ധപ്പെട്ടുള്ള വിന്‍ഡോയും പ്രതിബദ്ധതകളും കണക്കിലെടുക്കുമ്പോള്‍, വളരെ പെട്ടന്ന് അത് സാധ്യമാകണമെന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി അത് എങ്ങനെ മാറുകയും വികസിക്കുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍, ഒരുപക്ഷേ എപ്പോഴെങ്കിലും നമ്മള് ആ ഓപ്ഷന് പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്തേക്കാം.
ഒരുപാട് ക്രിക്കറ്റ് നമ്മള് കളിക്കുന്നുണ്ട്. ഞങ്ങള്‍ ഓസ്ട്രേലിയയില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മടങ്ങിയെത്തി, അതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി കളിച്ചു. ഇപ്പോള്‍ ഐ.പി.എല്ലും നമ്മള് കൡക്കുന്നു. ഇതുകൊണ്ടാണ് 2025ല്‍ 74 മത്സരങ്ങളില്‍ നിന്നും 84ലേക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ സമയം ശരിയായി വരികയാണെങ്കില്‍ ആ തീരുമാനം തീര്‍ച്ചയായും കൈക്കൊള്ളും,’ ധുമാല്‍ പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷങ്ങളിലും മാര്‍ച്ച് പകുതി മുതല്‍ ആരംഭിച്ച് മെയ് അവസാനം വരെയായിരിക്കും ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുക. മീഡിയ റൈറ്റ്സുകള്ക്കായി 2028 മുതല്‍ 94 മത്സരങ്ങളുള്ള ഹോം-എവേ സീസണിനെ കുറിച്ച് ബി.സി.സി.ഐ ഗൗരവകരമായി പരിശോധിക്കുമെന്ന് ധുമാല്‍ പറഞ്ഞു.
അടുത്ത വര്‍ഷം ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് നടക്കുന്ന യോഗത്തിലായിരിക്കും ഇക്കാര്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവരിക. നിലവില്‍ മിക്ക ഫ്രാഞ്ചൈസികളും 94 മത്സരങ്ങളുള്ള സീസണിനെ പിന്തുണയ്ക്കുന്നതായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
Content Highlight: IPL Chairman Arun Dhumal hints at 94 matches a season from 2028