Entertainment
മമ്മൂക്ക ചിത്രത്തിലെ ആ ഹിറ്റ് ഗാനം ചാക്കോച്ചന്റെ സിനിമയിലെ പാട്ടാണെന്ന് കരുതുന്നവരുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 12:32 pm
Monday, 28th April 2025, 6:02 pm

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.

രേഖാചിത്രം എന്ന സിനിമയില്‍ മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന സിനിമയിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ രേഖാചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. കാതോട് കാതോരം റിലീസ് ആകുമ്പോള്‍ താന്‍ ജനിച്ചിട്ടില്ലെന്നും എന്നാല്‍ കുട്ടിക്കാല ഓര്‍മകളിലെല്ലാം ആ പാട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. ആ ഗാനം കുഞ്ചാക്കോ ബോബന്റെ സിനിമയിലേതാണെന്ന് കരുതുന്നവരുമുണ്ടെന്ന് ആസിഫ് അലി പറഞ്ഞു.

തന്റെ ആദ്യ സിനിമ ഋതുവിന്റെ വിതരണം മമ്മൂട്ടിയുടെ ഫിലിം കമ്പനിയായ പ്ലേ ഹൗസ് ആയിരുന്നുവെന്നും മമ്മൂട്ടി ആദ്യമായി നിര്‍മിച്ച ജവാന്‍ ഓഫ് വെളളിമലയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായി കരുതുന്ന രണ്ട് മമ്മൂട്ടി മൊമന്റ്‌സ് ഉണ്ടെന്നും ഒന്ന് റോഷാക്കിന്റെ വിജയാഘോഷത്തിനിടെ മമ്മൂട്ടി വാച്ച് സമ്മാനിച്ചതാണെന്നും മറ്റൊന്ന് രേഖാചിത്രത്തിന്റെ വിജയാഘോഷത്തിന് മമ്മൂട്ടിക്ക് ഉമ്മ കൊടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കാതോട് കാതോരം റിലീസ് ആകുമ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാല ഓര്‍മകളിലെല്ലാം ആ പാട്ടുണ്ട്. സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍ ഈ പാട്ടാണ് ബാന്‍ഡ് ടീം പ്രാക്ടീസ് ചെയ്യുന്നത്. പക്ഷേ, ഇപ്പോഴും ഇത് ചാക്കോച്ചന്റെ സിനിമയിലെ പാട്ട് ആയി അറിയുന്നവരുമുണ്ട്.
അങ്ങനെയൊരു സിനിമയുടെ 40 വര്‍ഷം മുമ്പുള്ള കഥ സിനിമയായപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ചെറിയ കാര്യമല്ല. മമ്മൂക്കയുടെ സ്‌നേഹവും ആശംസകളും കിട്ടിയതും ഭാഗ്യമാണ്.

എന്റെ ആദ്യ സിനിമ ഋതുവിന്റെ വിതരണം മമ്മൂക്കയുടെ ഫിലിം കമ്പനിയായ പ്ലേ ഹൗസ് ആണ്. മമ്മൂക്ക ആദ്യമായി നിര്‍മിച്ച സിനിമ ജവാന്‍ ഓഫ് വെള്ളിമലയില്‍ ഞാന്‍ ഉണ്ടായിരുന്നു. സിനിമയോടുള്ള എക്‌സൈറ്റ്മെന്റ് എന്നേക്കാള്‍ ഒരുപാടു കൂടുതലുള്ള ആളാണ് മമ്മൂക്ക.

ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായി കരുതുന്ന രണ്ട് മമ്മൂക്ക മൊമന്റ്‌സ് ഉണ്ട്. റോഷാക്കിന്റെ വിജയാഘോഷത്തിനിടെ മമ്മൂക്ക എനിക്കൊരു വാച്ച് സമ്മാനിച്ചു. രേഖാചിത്രത്തിന്റെ വിജയാഘോഷത്തിന് ഞാന്‍ പകരം തരേണ്ടതെന്താണെന്ന് ചോദിച്ചപ്പോള്‍ കവിളിലൊരു മുത്തം മതിയെന്ന് മമ്മൂക്ക പറഞ്ഞു. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Mammootty