ആക്രിപെറുക്കികള്‍ എന്ന് വിളിച്ച് പരിഹസിച്ചവരുണ്ട്; ഇന്ന് എല്ലാവരും ആ മാതൃക സ്വീകരിക്കുമ്പോള്‍ സന്തോഷമുണ്ട്: വി. വസീഫ്
Kerala News
ആക്രിപെറുക്കികള്‍ എന്ന് വിളിച്ച് പരിഹസിച്ചവരുണ്ട്; ഇന്ന് എല്ലാവരും ആ മാതൃക സ്വീകരിക്കുമ്പോള്‍ സന്തോഷമുണ്ട്: വി. വസീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2024, 2:05 pm

കല്‍പറ്റ: കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി ഡി.വൈ.എഫ്.ഐ സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു പാഴ്‌വസ്തുക്കള്‍ സ്വീകരിച്ച് വില്‍പന നടത്തല്‍. അന്ന് ഈ രീതിയില്‍ കണ്ടെത്തിയ 12 കോടിയോളം രൂപ ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലും റീബില്‍ഡ് വയനാട് എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഈ മാതൃകയില്‍ പണം സ്വരൂപിക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്ക് 25ല്‍ കുറയാത്ത വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പണ്ട് പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തിയ ഡി.വൈ.എഫ്.ഐയെ ആക്രിപെറുക്കികളെന്ന് വിളിച്ചും, നിങ്ങള്‍ക്ക് പറ്റിയ പണി ഇതാണെന്നും പറഞ്ഞ് പരിഹസിച്ചരവരുണ്ടായിരുന്നു എന്നും ഇന്ന് എല്ലാ സംഘടനകളും ഈ മാതൃക സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും പറയുകയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. വയനാട്ടിലെ ദുരന്തഭൂമിയില്‍ വെച്ച് മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മുണ്ടക്കൈ ദുരന്തത്തില്‍ ഇരയായവര്‍ക്ക് ആദ്യമായി വീട് പ്രഖ്യാപിക്കുന്ന യുവജന സംഘടം ഞങ്ങളാണ്. 25ല്‍ കുറയാത്ത വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും അത് ചെയ്യുക എന്നും അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സന്തോഷകരമായ വിവരം കൂടുതല്‍ വീടുകളോ, അല്ലെങ്കില്‍ സര്‍ക്കാര്‍ ഈ പണം കൊണ്ട് ഉദ്ദേശിക്കുന്നതെന്തോ അത് ചെയ്യാന്‍ കഴിയുമെന്നാണ്.

കഴിഞ്ഞ തവണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഒരു അനുഭവം ഞങ്ങള്‍ക്ക് മുന്നിലുണ്ട്. 12 കോടിയോളം രൂപയാണ് അന്ന് ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തിയും പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിഹിതവും ചേര്‍ത്താണ് അന്ന് സംഭാവന നല്‍കിയത്.

അന്ന് ഞങ്ങളെ ആക്രിപെറുക്കികള്‍ എന്ന് വിളിച്ചു, നിങ്ങള്‍ക്ക് പറ്റിയ പണി ഇതൊക്കെ തന്നെയാണ് എന്ന് പറഞ്ഞും കളിയാക്കിയവരുണ്ട്. ഇന്ന് കേരളത്തിലെ യുവജന സംഘടനകള്‍ ആ മാതൃക സ്വീകരിക്കുന്നു എന്ന് കാണുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ഇന്ന്, ഈ വീടുകള്‍ പ്രഖ്യാപിച്ചത് മുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാടിന് വേണ്ടി പണം സമാഹരിക്കുന്നതിനായി തെരുവിലാണ്. മീന്‍വില്‍പനയിലൂടെയും, ചക്കവില്‍പനയിലൂടെയും, അച്ചാര്‍ വില്‍പനയിലൂടെയും, കല്ല് ചുമന്നും, പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും എല്ലാമാണ് അവര്‍ പണം കണ്ടെത്തുന്നത്. ഇത്തരത്തില്‍ ഡി.വൈ.എഫ്.ഐയുടെ അവസാന പ്രവര്‍ത്തകന്‍ പോലും വയനാടിന്റെ പുനര്‍നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനത്തില്‍ സജീവമാണ്,’ വി.വസീഫ് പറഞ്ഞു.

content highlights: There are those who have mocked by calling them rabble-rousers; Happy when everyone follows that example today: v vaseef