national news
'ഇവിടെ സീല്‍ഡ് കവറില്‍ ഒന്നുമില്ല, തീവ്രവാദ വിരുദ്ധ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലാകുന്നു'; ചീഫ് ജസ്റ്റിസിനെ വേദിയിലിരുത്തിയുള്ള രാജ് കമലിന്റെ വാക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 25, 04:09 pm
Saturday, 25th March 2023, 9:39 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സീല്‍ഡ് കവര്‍ സമ്പ്രദായത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ താക്കീതിനെ 16ാമത് രാംനാഥ് ഗോയങ്ക എക്സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ് ദാന ചടങ്ങില്‍ പരാമര്‍ശിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജ് കമല്‍ ഝാ. പരിപാടിയില്‍ നന്ദി പറയവെ ‘ഇവിട സീല്‍ ചെയ്ത കവറില്‍ ഒന്നുമില്ല’ എന്ന് പറഞ്ഞാണ് രാജ് കമല്‍ തന്റെ പ്രസംഗം തുടങ്ങിയത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വേദിയിലും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂര്‍ സദസ്സിലുമുള്ളപ്പോഴാണ് രാജ് കമല്‍ ഝായുടെ പരാമര്‍ശം. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസിന്റെ കാഴ്ചപ്പാടില്‍ സന്തോഷമുണ്ടെന്നും രാജ് കമല്‍ ഝാ പറഞ്ഞു.

‘വേദിയില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ അഭിമാനമുണ്ട്. ഇവിടെ സീല്‍ ചെയ്ത കവറില്‍ ഒന്നുമില്ല(ചിരിക്കുന്നു- സദസ്സില്‍ നിന്ന് കയ്യടി).

വോട്ട് ഓഫ് താങ്ങ്‌സ് പറയാനാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന ഇക്കാലത്ത് വോട്ട് ഇല്ലെന്നും, നന്ദി മാത്രമേയുള്ളുവെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ രാജ് കമല്‍ ഝാ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഇക്കാലത്ത് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ രാജ് കമല്‍ സൂചിപ്പിച്ചു.

‘ചീഫ് ജസ്റ്റിസിന് ഞാന്‍ നന്ദി പറയുന്നു. ഈ പ്രതിസന്ധി നിറഞ്ഞ കാലത്തും അദ്ദേഹത്തിന്റ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കഴ്ചപ്പാട് ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.

എന്നാല്‍ തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള നിയമപ്രകാരം ഒരു റിപ്പോര്‍ട്ടര്‍ അറസ്റ്റുചെയ്യുപ്പെടുന്ന കാലമാണിത്. ചോദ്യം ചോദിച്ചതിന് ഒരാള്‍ അറസ്റ്റിലാക്കുന്നു, ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ചതിന് യൂണിവേഴ്‌സിറ്റി അധ്യാപകനും അഭിപ്രായത്തിന്റെ പേരില്‍ സിനിമാതാരവും വേട്ടയാടപ്പെടുന്നു. ഇക്കാലത്ത് ഞങ്ങള്‍ക്ക് ദിശാ ബോധം നല്‍കാനുള്ള സംവിധാനങ്ങളെ(സുപ്രീം കോടതി) തേടുകയാണ്,’ രാജ് കമല്‍ ഝാ പറഞ്ഞു.

2016ലെ ഗോയങ്ക പുരസ്‌കാര വേദിയില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുരുത്തിയുള്ള രാജ് കമല്‍ ഝായുടെ പ്രസംഗവും ശ്രദ്ധനേടിയിരുന്നു.(മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച മോദിയെ വേദിയിലിരുത്തി ‘എന്താണ് മാധ്യമപ്രവര്‍ത്തനം’ എന്ന് ക്ലാസെടുത്ത് ഇന്ത്യന്‍ എക്പ്രസ് എഡിറ്റര്‍)

അതേസമയം, വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കുമെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും വേദിയില്‍ സംസാരിച്ച ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. സത്യവും നുണയും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  The words of Journslist Raj Kamal who put the Chief Justice on the stage of goyanke award