സുഡാൻ നാഷണൽ മ്യൂസിയം കൊള്ളയടിക്കപ്പെട്ടു; പിന്നിൽ യു.എ.ഇ പിന്തുണയുള്ള ആർ.എസ്.എഫെന്ന് റിപ്പോർട്ട്
World News
സുഡാൻ നാഷണൽ മ്യൂസിയം കൊള്ളയടിക്കപ്പെട്ടു; പിന്നിൽ യു.എ.ഇ പിന്തുണയുള്ള ആർ.എസ്.എഫെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2024, 9:44 pm

ഖാര്‍ത്തൂം: സുഡാനിലെ നാഷണല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മ്യൂസിയത്തില്‍ ഉണ്ടായിരുന്ന അതി പുരാതനമായ ചില വസ്തുക്കള്‍ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ കടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാനീസ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) ആണ് കൊള്ളയടിക്കലിന് പിന്നിലെന്നാണ് സൂചന.

ഏതൊക്കെ പുരാവസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത് എന്നതില്‍ വ്യക്തതയില്ലെന്ന് സുഡാനിലെ ദേശീയ ബ്രോഡ്കാസ്റ്ററായ എസ്.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊള്ളയടിക്കാന്‍ മ്യൂസിയത്തിന്റെ സ്വാഭാവിക ഘടനയെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചുവെന്ന് എസ്.ബി.സി ചൂണ്ടിക്കാട്ടി.

2024 മുതല്‍ ആര്‍.എസ്.എഫ് നിയന്ത്രിത മേഖലയായ മ്യൂസിയം സ്ഥിതിചെയ്യുന്ന കാര്‍ട്ടൂമിലാണ് ഓപ്പറേഷന്‍ നടത്തിയിരുന്നതെന്നും എസ്.ബി.സി വ്യക്തമാക്കി. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെതിരെ എസ്.ബി.സി രംഗത്തെത്തിയത്.

സാറ്റലെറ്റ് ചിത്രങ്ങള്‍ പ്രകാരം, മ്യൂസിയത്തിലെ വസ്തുക്കള്‍ കയറ്റികൊണ്ടുള്ള ട്രക്കുകള്‍ സുഡാനിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് പോയിട്ടുണ്ട്. ഈ ട്രക്കുകള്‍ മ്യൂസിയത്തിന്റെ സമീപത്ത് നിന്നാണ് യാത്ര തിരിച്ചതെന്നതിനുള്ള തെളിവുകളും ലഭ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മ്യൂസിയത്തില്‍ നിന്ന് കടത്തിയ വസ്തുക്കള്‍ ഓണ്‍ലൈനായും സോഷ്യല്‍ മീഡിയ വഴിയും വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ വില്‍പന നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൊള്ളയടിക്കപ്പെട്ട നാഷണല്‍ മ്യൂസിയം സുഡാനിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ്. ശിലായുഗം മുതല്‍ ഇസ്ലാമിക കാലഘട്ടം വരെയുള്ള സുഡാനീസ് ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.

സുഡാനില്‍ ആഭ്യന്തര കലാപം തുടങ്ങിയതിന് പിന്നാലെ, 2023 ഏപ്രിലില്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കവര്‍ച്ചക്ക് പിന്നിലും ആര്‍.എസ്.എഫ് ആണെന്നായിരുന്നു പൊതുവെ ഉയര്‍ന്ന ആരോപണം. യു.എ.ഇയുടെ പിന്തുണയോടെ രാജ്യത്ത് നിലയുറച്ചിട്ടുള്ള അര്‍ധസൈനിക വിഭാഗമാണ് ആര്‍.എസ്.എഫ്. സുഡാനീസ് സായുധ സേനയുമായി ചേര്‍ന്നാണ് ആര്‍.എസ്.എഫ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആര്‍.എസ്.എഫ് രംഗത്തെത്തുകയുണ്ടായി. തങ്ങള്‍ രാജ്യത്തിന്റെ സുപ്രധാനമായ ഉള്ളടക്കങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ആര്‍.എസ്.എഫ് പറഞ്ഞത്.

അതേസമയം 2023 ഏപ്രില്‍ മുതല്‍ സുഡാനീസ് സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (ആര്‍.എസ്.എഫ്) തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായതിനുശേഷം, ഏകദേശം 60 ലക്ഷം ആളുകള്‍ സുഡാനില്‍ നിന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം സുഡാനില്‍ 12,000 പേര്‍ കൊല്ലപ്പെടുകയും ഏഴ് ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡാര്‍ഫറില്‍ മാത്രം കുറഞ്ഞത് അഞ്ച് ദശലക്ഷം കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങളും സംരക്ഷണവും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് യുണിസെഫും പറയുന്നു.

Content Highlight: The UAE-backed RSF reportedly looted the Sudan National Museum