Advertisement
Bihar Election 2020
പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ മഹാസഖ്യത്തിന് വന്‍ മുന്നേറ്റം, ഇ.വി.എം എണ്ണിയപ്പോള്‍ തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 10, 05:40 am
Tuesday, 10th November 2020, 11:10 am

പറ്റ്‌ന: ബീഹാറില്‍ എന്‍.ഡി.എ- മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 121 സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുമ്പോള്‍ 109 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യത്തിനുള്ളത്. 13 സീറ്റുകളില്‍ മറ്റുള്ളവര്‍ മുന്നേറുകയാണ്. ഇതില്‍ ഏഴ് സീറ്റുകളില്‍ എല്‍.ജെ.പിയാണ് മുന്നിലുള്ളത്.

അതേസമയം തുടക്കത്തില്‍ മുന്നേറ്റം നടത്തിയ മഹാസഖ്യത്തിന് പിന്നീട് കാലിടറുന്ന കാഴ്ചയാണ് കാണാനാവുന്നത്. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം എന്‍.ഡി.എ സഖ്യത്തെ തറപറ്റിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

35 ഓളം സീറ്റുകളിലെ വ്യത്യാസത്തിലായിരുന്നു മഹാസഖ്യം മുന്നേറിയിരുന്നത്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റിന് ശേഷം ഇ.വി.എം എണ്ണി തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ നേടിയ ലീഡ് മഹാസഖ്യത്തിന് നഷ്ടപ്പെട്ടു തുടങ്ങി.

കൊവിഡ് മഹാമാരിക്കിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് മൂന്ന് ഘട്ടങ്ങളായി ബീഹാറില്‍ നടന്നത്. എന്നിരുന്നാലും വോട്ടര്‍മാരെ വലിയ രീതിയില്‍ പോളിങ് ബൂത്തിലെത്തിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം മൊത്തം പോളിംഗ് 57.05 ശതമാനമാണ്, ഇത് 2015 ലെ 56.66 ശതമാനത്തേക്കാള്‍ കൂടുതലാണ്.

243 അംഗ നിയമസഭയുടെ കാലാവധി നവംബര്‍ 29 ന് അവസാനിക്കാനിരിക്കെയാണ് കൊവിഡിനിടെയും തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 28 ന് നടന്ന ആദ്യ ഘട്ടത്തില്‍ 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 17 ജില്ലകളിലായി 94 സീറ്റുകളിലും നവംബര്‍ മൂന്നിന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകൡലേക്കും തെരഞ്ഞെടുപ്പ് നടന്നു.

31 കാരനായ തേജസ്വി യാദവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഒരു വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ രാഷ്ട്രീയ ജനതാദളിന് സാധിച്ചിരുന്നില്ല. 40 ല്‍ 39 സീറ്റുകള്‍ എന്‍.ഡി.എ നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ അനുസരിച്ച് ബി.ജെ.പി ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ്. 170 സീറ്റുകളില്‍ 70 സീറ്റില്‍ ബി.ജെ.പിയും 69 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 23 ഇടത്ത് കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. അതേസമയം ഇടത് കക്ഷികള്‍ക്ക് വലിയ മുന്നേറ്റമാണ് കാണുന്നത്. 12 സീറ്റുകളില്‍ സി.പി.ഐ.എം.എല്ലിന് മുന്നേറ്റം. മൂന്ന് സീറ്റില്‍ സി.പി.ഐ.എമ്മും ഒരു സീറ്റില്‍ സി.പി.ഐയും മുന്നേറുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The trends may change as the counting of the EVM votes begins