Advertisement
Kerala News
പൂജാരി പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഭക്തന്റെ അതിക്രമം; പ്രതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 03:20 am
Saturday, 25th January 2025, 8:50 am

കൊച്ചി: പൂജാരിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ ആള്‍ അറസ്റ്റില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തത്തപ്പള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരി പി.ആര്‍ വിഷ്ണുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

നിരവധി പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും കാണിച്ച് വിഷ്ണു പരാതി നല്‍കുകയായിരുന്നു. പറവൂര്‍ പൊലീസിനാണ് പരാതി നല്‍കിയത്.

പൂജാരിയോട് ജാതി ചോദിച്ച് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞപ്പോള്‍ അപമാനിച്ചുവെന്ന പരാതിയിലാണ് കോഴിപ്പുറത്ത് മഞ്ജിമ വീട്ടില്‍ കെ.എസ് ജയേഷിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2024 നവംബര്‍ 14ന് പ്രസാദം വാങ്ങാനെത്തിയ പ്രതി പൂജാരിയുടെ ജാതി ചോദിച്ചതായും ജാതി അറിഞ്ഞപ്പോള്‍ തന്നെ അപമാനിച്ചുവെന്നും കാണിച്ചാണ് ക്ഷേത്ര പൂജാരി പി. ആര്‍ വിഷ്ണു പരാതി നല്‍കിയത്.

പ്രതി പൂജാരിയെ കൂടാതെ ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനോടും വിഷ്ണുവിന്റെ ജാതി പറഞ്ഞ് മോശമായി സംസാരിച്ചുവെന്നും പൂജയ്ക്ക് ബ്രാഹ്‌മണനല്ലെങ്കില്‍ വഴിപാട് നടത്തില്ലെന്ന് പറഞ്ഞിരുന്നു. ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരന് പകരമായാണ് വിഷ്ണു പൂജാരിയായി എത്തിയത്.

പ്രതി ജയേഷ് നേരത്തെ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം ഒഴിവാക്കിയതോടെയാണ് അറസ്റ്റ് നടന്നത്.

Content Highlight: The transgression of the devotee when he came to know that the priest was a Scheduled Caste; The accused was arrested