തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 85,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് ചടങ്ങ്.
രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും സത്യപ്രതിജ്ഞയ്ക്ക് എത്തുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ അഞ്ഞൂറില്‍ താഴെ പേരെയാണു പ്രതീക്ഷിക്കുന്നത്.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ സ്റ്റേഡിയത്തില്‍ നിന്ന് അവരുടെ ഔദ്യോഗിക വാഹനത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയേറ്റിലേക്ക് പോകും. തുടര്‍ഭരണമെന്ന ചരിത്ര നേട്ടത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ 17 പുതുമുഖങ്ങളുമായി 21 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്.
ക്ഷേമ പെന്‍ഷന്‍ വര്‍ധനവ്, കിറ്റ് വിതരണം തുടരുന്നത് അടക്കമുള്ള ജനകീയ തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോം ടൈം സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ വേണ്ടി നിയമസഭാ സമ്മേളിക്കാനുള്ള തിയതിയും മന്ത്രിസഭായോഗം തീരുമാനിക്കും. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തുടങ്ങിയ നിയമനങ്ങളിലും തീരുമാനമുണ്ടായേക്കും. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും.
അതേസമയം, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ 500 പേരെ ഉള്‍പ്പെടുത്തി നടത്തുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക