പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രം കടുവ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് കടുവയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നാണ് ചിത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
നേരത്തെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള സൂചനകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇത് ശരി വെക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ ഭാഗത്ത് നിന്നും വരുന്നത്.
‘കടുവ ഹിറ്റായാല്‍ ഒരു രണ്ടാം ഭാഗം ചെയ്യണം എന്ന് ആദ്യം മുതല്ക്കേ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. വിവേക് ഒബ്രോയ്യോട് കഥ പറയുമ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. അദ്ദേഹം ഏറെ ആവേശത്തോടെ ചോദിച്ചിരുന്നു. സിനിമ ഹിറ്റായാല്‍ ഒരു നിര്‍മാതാവാണ് രണ്ടാം ഭാഗത്തിനായി നിര്‍ബന്ധിക്കേണ്ടത്.
ഒരു ഹിറ്റായ സിനിമയുടെ തുടര്‍ഭാഗം വന്നാല്‍ അതിന് സ്വീകാര്യത ലഭിക്കും. അപ്പോള്‍ നമുക്ക് ആ സിനിമയെ കുറച്ചുകൂടെ വലിയ സ്കെയിലില്‍ സമീപിക്കാന്‍ സാധിക്കും. അങ്ങനെ മാത്രമേ മറ്റു ഭാഷകള്‍ പോലെ നമ്മുടെ സിനിമകളുടെ വലിയ ബജറ്റില്‍ ഒരുക്കാന്‍ സാധിക്കുകയുള്ളു,’ ലിസ്റ്റിന് റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.
‘പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ കരിയറില്‍ ഏറ്റവും അധികം കളക്ഷന്‍ വാരാന്‍ സാധ്യതയുള്ള സിനിമയായിരിക്കും കടുവ. ഇത്തരം മാസ് സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കും. യാതൊരു പരിമിതികളും ഇല്ലാതെ കാണാന്‍ സാധിക്കുന്ന സിനിമയാണ് കടുവ.