മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു പ്രണയം
Film News
മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു പ്രണയം
അമൃത ടി. സുരേഷ്
Thursday, 23rd November 2023, 9:32 pm

‘ഈ സിനിമയിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രണയം ഇന്നേവരെ ആരും കാണാത്ത പ്രണയമാണ്’, കാതല്‍ ദി കോറുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ മാത്യു ദേവസിയും ഓമനയും തമ്മിലുള്ള ബന്ധത്തെ മമ്മൂട്ടി വിശേഷിപ്പിച്ചതാണ് ഇങ്ങനെ.

SPOILER ALERT

പ്രണയത്തിന് പുതിയൊരു നിര്‍വചനം നല്‍കുകയാണ് കാതല്‍ ദി കോറിലെ മാത്യുവും ഓമനയും. മാത്യുവില്‍ നിന്നും വിവാഹമോചനം നേടാനാഗ്രഹിക്കുകയാണ് ഓമന. അതൊരു രക്ഷപ്പെടലാണ്, ഓമനക്ക് മാത്രമല്ല, മാത്യുവിനും. വേര്‍പിരിയേണ്ടവരാണിവര്‍, അത്രത്തോളം സ്‌നേഹിക്കുന്നവരും.

സങ്കീര്‍ണമായ കോണ്‍ഫ്‌ളിക്റ്റിലൂടെയാണ് ഓമനയും മാത്യുവും കടന്നുപോകുന്നത്, അത് പരിമിതമായ ഡയലോഗുകളിലൂടെയും മാറിവരുന്ന ഭാവങ്ങളിലൂടെയും ചില ഫ്രെയ്മുകളിലൂടെയുമാണ് കാതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്.

തന്നെത്തത്തെ തിരിച്ചറിഞ്ഞതുമുതല്‍ എല്ലാത്തിനേയും പേടിച്ചാണ് മാത്യു കഴിഞ്ഞിരുന്നത്. അതിനാല്‍ ഓമനയോട് അയാള്‍ക്ക് മനസ് തുറക്കാനായില്ല. എന്നാല്‍ ഓമനയുടെ കരുതല്‍ മാത്യൂസിന് ഉണ്ടായിരുന്നു. അറിഞ്ഞോ അറിയാതെയോ ഓമന മാത്യൂസിനെ സംരക്ഷിച്ചിരുന്നു. ഒരുദിവസമെങ്കില്‍ ഒരു ദിവസം വൈകിപ്പോകണമെന്നുള്ളതുകൊണ്ടാണ് വിവാഹമോചന കേസ് കൊടുത്തിട്ടും ഓമന ആ വീട് വിട്ട് പോകാത്തത്.

വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്‌തെങ്കിലും ഓമനയും മാത്യുവും തമ്മില്‍ തീവ്രവും ഗാഢവുമായ ബന്ധമുണ്ട്. പ്രേക്ഷകരുടെ കാഴ്ചക്കനുസരിച്ച് അതിന് പ്രണയത്തിന്റെ വിവിധ ഭാവങ്ങളോ ഇന്റര്‍പ്രെറ്റേഷന്‍സോ നല്‍കാം. അത് സുഹൃത്ബന്ധത്തിനും അപ്പുറമാണ്. കൃത്യമായി നിര്‍വചിക്കാനാവാത്ത പ്രണയമാണ്. 20 വര്‍ഷം ഒരുമിച്ചുള്ള സഹവാസം കൊണ്ട് ഉരുത്തിരിഞ്ഞ ബന്ധമാണ് അത്. അവസാന രംഗങ്ങളിലെ അടുക്കളയിലെ ശൂന്യതക്ക് വല്ലാത്ത ഭാരമായിരിക്കും അനുഭവപ്പെടുക. ഓമനയെ റെസ്റ്റോറന്റിലിരുത്തി പുറത്തേക്ക് വരുന്ന മാത്യൂസിന്റെ മുഖത്തും അതേ ഭാരമായിരിക്കും കാണാനാവുക.

ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കേണ്ടവരല്ല മാത്യുവും ഓമനയും. എന്നാല്‍ ഓമന മാത്യുവിനെ സ്‌നേഹിക്കുന്നു, മാത്യു ഓമനയേയും സ്‌നേഹിക്കുന്നു. മലയാള സിനിമ ഇന്നേവരെ പറയാത്ത ഒരു പ്രണയം ജിയോ ബേബി പറഞ്ഞിരിക്കുന്നു.

Content Highlight: The relationship between mathew and omana in kaathal the core

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.